
തിരുവനന്തപുരം: നിയമസഭയിൽ ബോഡി ഷെയ്മിംഗ് പരാമർശം നടത്തിയ സാംസ്കാരിക മന്ത്രി വി. എൻ.വാസവനെതിരെ നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് നടന്‍ മന്ത്രിയെ വിമര്‍ശിച്ചത്. നടന്‍ ഇന്ദ്രന്‍സിനൊപ്പം നില്‍ക്കുന്ന ചിത്രത്തോടെയാണ് ഹരീഷ് പേരടിയുടെ കുറിപ്പ്.
ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തെത്തിയ,രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ മഹാനടനാണ് ഇന്ദ്രന്‍സ് എന്ന് കുറിപ്പില്‍ ഹരീഷ് പറയുന്നു. ഒപ്പം തന്നെ കോണ്‍ഗ്രസിനെതിരെ നടത്തിയ പരാമര്‍ശത്തിലും നടന്‍ പ്രതികരിക്കുന്നു. വട്ട പൂജ്യത്തിൽ എത്തിയാലും എപ്പോൾ വേണമെങ്കിലും ഇൻഡ്യയിൽ അത്ഭുതങ്ങൾ ഉണ്ടാക്കാവുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്സ്. കാരണം അതിന് കൃത്യമായ സംഘടനാ സംവിധാനങ്ങളില്ലാ എന്നതുതന്നെയാണ് അതിന്റെ മഹത്വമെന്ന് ഹരീഷ് പറയുന്നു.
ഹരീഷിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
വട്ട പൂജ്യത്തിൽ എത്തിയാലും എപ്പോൾ വേണമെങ്കിലും ഇൻഡ്യയിൽ അത്ഭുതങ്ങൾ ഉണ്ടാക്കാവുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്സ് ...കാരണം അതിന് കൃത്യമായ സംഘടനാ സംവിധാനങ്ങളില്ലാ എന്നതുതന്നെയാണ് അതിന്റെ മഹത്വം ...ആർക്കും ആരെയും ചോദ്യം ചെയ്യാം..എത്ര ഗ്രൂപ്പുകൾ ഉണ്ടാക്കിയാലും ആരും കുലംകുത്തിയാവില്ല...ആരെയും പടിയടച്ച് പിണ്ഡം വെക്കില്ല...അതുകൊണ്ട്തന്നെ ജനാധിപത്യത്തിൽ കോൺഗ്രസ്സിന്റെ സ്ഥാനം എപ്പോഴും ഒന്നാമതാണ്..കൊടിയുടെ മുകളിൽ എഴുതിവെച്ച കൃത്രിമമായ സ്വാതന്ത്യവും സോഷ്യലിസവും ജനാധിപത്യവും അല്ല അതിനുള്ളിൽ...മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാർട്ടി...വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാർട്ടി...എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം..അതുപോലെ തന്നെയാണ് ഇന്ദ്രൻസേട്ടനും..ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തെത്തിയ,രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ മഹാനടൻ...എപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാവുന്ന നടൻ...പിന്നെ സാസംകാരിക മന്ത്രിയും അയാളുടെ വിവരകേടും..എല്ലാ ജനതയും അവർക്ക് അർഹതപ്പെട്ടതെ തിരഞ്ഞെടുക്കാറുള്ളു...അങ്ങിനെ കാണാനാണ് തത്കാലം നമ്മുടെ വിധി..
അതേ സമയം വിമർശനം ഉയർന്നതോടെ പരാമർശം സഭാരേഖകളിൽ നിന്ന് പിൻവലിക്കണമെന്ന് മന്ത്രി വാസവന്‍ തന്നെ സ്പീക്കറോട് അഭ്യർത്ഥിച്ചു. മോശം പരാമർശം പിൻവലിക്കാൻ മന്ത്രി തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സഭാ രേഖകളിൽ നിന്ന് പരാമർശം നീക്കിയതായി സ്പീക്കർ അറിയിച്ചു.
സഹകരണ സംഘം ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ ബോഡീ ഷെയിമിങ്. ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയവും ഹിമാചലിലെ സിപിഎമ്മിന്റെ തോൽവിയും ചൂണ്ടിക്കാട്ടിയുള്ള വാദപ്രതിവാദങ്ങൾക്കിടയിലായിരുന്നു വിവാദ പരാമർശം.
'സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി നൽകിയതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി നിൽക്കുന്നു. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി എന്നായിരുന്നു മന്ത്രി പറഞ്ഞത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ