
മലയാളത്തിലും തമിഴകത്തും ഒരുപോലെ ക്യാരക്ടര്‍ റോളുകളില്‍ മികവ് കാട്ടുന്ന നടനാണ് ഹരീഷ് പേരടി (Hareesh Peradi). നാടകത്തിന്റെ ഉള്‍ക്കരുത്തുമായി വെള്ളിത്തിരയിലെത്തിയ ഹരീഷ് പേരടി തമിഴകത്ത് സജീവമാണ്. മെഴ്‍സല്‍ അടക്കമുള്ള തമിഴ് ചിത്രങ്ങളിലുടെ ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി. കമല്‍ഹാസൻ (Kamal Haasan) നായകനായ ചിത്രമായ വിക്രത്തിലും ഹരീഷ് പേരടി അഭിനയിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് 'വിക്രം' . ഷൂട്ടിംഗ് തുടരുന്ന 'വിക്ര'മെന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഫഹദും ഉള്ളതിനാല്‍ പ്രഖ്യാപനം മുതലേ ചര്‍ച്ചയായിരുന്നു. യുവ മലയാളി താരം കാളിദാസ് ജയറാമും നരേനും ചിത്രത്തിലുണ്ട്. ഹരീഷ് പേരടിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുമെന്നാണ് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നത്. വിക്രം എന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വൻ തുകയ്‍ക്കാണ് കമല്‍ഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍.
കമല്‍ഹാസൻ നായകനാകുന്ന ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം മലയാളി താരങ്ങള്‍ പങ്കുവെച്ചിരുന്നു. മലയാളി താരങ്ങള്‍ക്ക് എന്തു കഥാപാത്രങ്ങളായിരിക്കും എന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അനിരുദ്ധ് ആണ് കമല്‍ഹാസൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം.
എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത്. പിആര്‍ഒ ഡയമണ്ട് ബാബു.