
സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം ഫാന്‍ തിയറികള്‍ക്ക് കാരണക്കാരനാവുന്ന സംവിധായകന്‍ ലോകേഷ് കനകരാജ് ആണ്. കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ വിക്രത്തില്‍ തന്‍റെ മുന്‍ ചിത്രം കൈതിയിലെ റെഫറന്‍സുകള്‍ കൊണ്ടുവന്നതോടെയാണ് ഇത് വലിയ രീതിയില്‍ ആരംഭിച്ചത്. തന്‍റെ കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി പത്ത് സിനിമകള്‍ ചേര്‍ന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സ് ആണ് ലക്ഷ്യമിടുന്നതെന്ന് ലോകേഷ് തന്നെ വെളിപ്പെടുത്തിയതോടെ ആരാധകര്‍ ഉണര്‍ന്നു. വരാനിരിക്കുന്നത് ഏറ്റവും ആരാധകരുള്ള വിജയ് കൂടി ആയതിനാല്‍ ലിയോയ്ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫാന്‍ തിയറികള്‍ നിരവധിയാണ്.
ലിയോ എല്‍സിയുവിന്‍റെ ഭാഗമാണെന്നോ അല്ലെന്നോ ലോകേഷോ മറ്റ് അണിയറക്കാരോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ അത് അവര്‍ പറയാതെ ഒളിപ്പിച്ചിരിക്കുന്ന സര്‍പ്രൈസ് ആണെന്ന് വിശ്വസിക്കാനാണ് ആരാധകര്‍ക്ക് ഇഷ്ടം. അതേസമയം ഇന്നലെ ചിത്രത്തിന്‍റെ ട്രെയ്ലര്‍ പുറത്തെത്തിയതോടെ പല പുതിയ തിയറികളും സിനിമാപ്രേമികള്‍ കൊണ്ടുവന്നിട്ടുണ്ട്. അതില്‍ ശ്രദ്ധേയമായ ഒന്ന് പി പത്മരാജന്‍റെ സംവിധാനത്തില്‍ ജയറാം നായകനായ അപരനുമായി ലിയോയ്ക്ക് സാമ്യമുണ്ടാകുമോ എന്നാണ്. ലിയോ ട്രെയ്ലറില്‍ തികച്ചും വ്യത്യസ്തമായ രണ്ട് ഗെറ്റപ്പുകളില്‍ വിജയ് എത്തുന്നുണ്ട്. അതില്‍ ഒരു ഗെറ്റപ്പിലെ കഥാപാത്രമാണ് മുഖ്യമായും വന്നുപോകുന്നത്. ആകെ പ്രശ്നങ്ങളില്‍ പെട്ടുപോകുന്ന അയാള്‍ ഒരിക്കല്‍ സങ്കടത്തോടെ പൊട്ടിത്തെറിക്കുന്നുണ്ട്. അപ്പോള്‍ അയാള്‍ പറയുന്ന ഡയലോഗില്‍ നിന്നാണ് അപരന്‍ ഫാന്‍ തിയറികള്‍ ഉണ്ടായത്. എവിടെയോ എന്നെപ്പോലെ ഒരുത്തന്‍ ഉണ്ടെന്നതുകൊണ്ട് അവരെല്ലാം എന്നെ ഉപദ്രവിക്കുകയാണ്. എനിക്ക് എന്ത് ചെയ്യാനാവും എന്നാണ് ഭാര്യയോട് അയാള്‍ ചോദിക്കുന്നത്. ഇതാണ് ശരിക്കും അപരന്‍ എന്ന ചിത്രത്തിന്‍റെ പ്ലോട്ട്.
എന്നാല്‍ ഇത് രണ്ട് കഥാപാത്രങ്ങള്‍ ആയിരിക്കില്ലെന്നും ഒരേ കഥാപാത്രത്തിന്‍റെ രണ്ട് കാലങ്ങള്‍ ആയിരിക്കുമെന്നും മറ്റൊരു വിഭാഗം പറയുന്നുണ്ട്. ഒരു കഥാപാത്രം സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പിലും മറ്റൊരാള്‍ അങ്ങനെ അല്ലെന്നുമാണ് ഇതിനവര്‍ മുന്നോട്ട് വെക്കുന്ന വാദം. ചിത്രം ഡേവിഡ് ക്രോണെന്‍ബെര്‍ഗിന്റെ എ ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഒന്നാണെന്ന് നേരത്തേ സിനിമാപ്രേമികള്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. ട്രെയ്ലര്‍ എത്തിയതിന് ശേഷം അപരനൊപ്പം മറ്റൊരു സിനിമ കൂടി ചില സാമ്യതകളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നുണ്ട്. ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍റെ 1956 ചിത്രം ദി റോങ് മാന്‍ ആണ് അത്. അതേസമയം ഈ ഫാന്‍ തിയറികളില്‍ എത്രത്തോളം വാസ്തവമുണ്ടെന്നറിയാന്‍ റിലീസ് വരെ കാത്തിരിക്കേണ്ടിവരും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ