കന്യാസ്‍ത്രീ സംഘടനയുടെ പരാതിയില്‍ 'അക്വേറിയം' സിനിമയുടെ റിലീസിന് ഹൈക്കോടതി സ്റ്റേ

By Web TeamFirst Published May 12, 2021, 3:45 PM IST
Highlights

കന്യാസ്‍ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാട്ടി വോയ്‍സ് ഓഫ് നണ്‍സ് എന്ന കൂട്ടായ്‍മയാണ്  പരാതി നല്‍കിയത്.

ഹ്രസ്വ ചിത്രങ്ങളിലൂടെയും കുട്ടികളുടെ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട സംവിധായകൻ ടി ദീപേഷിന്റെ പുതിയ സിനിമയാണ് അക്വേറിയം. ദേശീയ പുരസ്‍കാര ജേതാവായ  സംവിധായകൻ ടീ ദീപേഷിന്റെ അക്വേറിയം 14 ന് ആണ് റിലീസ് തീരുമാനിച്ചത്. നേരത്തെ 'പിതാവും പുത്രനും പരിശുദ്ധാത്മാവിനും' എന്നു പേരിട്ടിരുന്ന ചിത്രമാണ് 'അക്വേറിയം' . ഇപോഴിതാ കന്യാസ്‍ത്രീകളുടെ കൂട്ടായ്‍മയുടെ പരാതിയില്‍ സിനിമയുടെ ഒടിടി റിലീസിന് ഹൈക്കോടതി 10 ദിവസത്തേയ്‍ക്ക് സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കന്യാസ്‍ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാട്ടി വോയ്‍സ് ഓഫ് നണ്‍സ് എന്ന കൂട്ടായ്‍മയാണ് കോടതിയെ സമീപിച്ചത്. സണ്ണി വെയ്ൻ, ഹണി റോസ്, ശാരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്‍ത കലാസംവിധായകൻ സാബു സിറിൾ, സംവിധായകൻ വി കെ പ്രകാശ്, കന്നട നടി രാജശ്രീ പൊന്നപ്പ എന്നിവരും അഭിനയിക്കുന്നു.

രണ്ടു തവണ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട ഈ ചിത്രം സെൻസർ ബോർഡ് വിലക്കുകൾ മറികടന്നാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സെൻസർ ബോർഡ് കേരള ഘടകത്തെയും കേന്ദ്ര ഘടകത്തെയും സമീപിച്ചിട്ടും പ്രദർശനാനുമതി ലഭിക്കാത്തതിനാൽ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് റിലീസ് അനുവദിച്ചത്. സെന്‍സര്‍ ബോര്‍ഡ് ട്രിബ്യൂണലിന്‍റെ നിര്‍ദേശപ്രകാരം ചിത്രത്തിന്‍റെ പേര് മാറ്റിയിരുന്നു. ഡയറക്റ്റ് ഒടിടി റിലീസ് ആയ ചിത്രം ഒടിടി പ്ലാറ്റ്ഫോം ആയ സൈന പ്ലേയിലൂടെ ഈ മാസം 14ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.

സ്‍ത്രീകളുടെ പ്രശ്‍നങ്ങളെ മതങ്ങൾ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. കൊൽക്കത്ത അന്താരാഷ്‍ട്ര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലുണ്ടായിരുന്ന ഏക ഇന്ത്യൻ ചിത്രമായിരുന്നു ഇത്. ചിത്രം മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞാണ് സെൻസർ ബോർഡ് നേരത്തെ റിലീസ് തടഞ്ഞത്. പൂർണ്ണമായും ഒരു സ്‍ത്രീപക്ഷ സിനിമയാണ് അക്വേറിയമെന്നും സഭയ്ക്കകത്ത് കന്യാസ്‍ത്രീകൾക്ക് എന്ത് മൂല്യമാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചർച്ച ചെയ്യുന്നതെന്നും സംവിധായകൻ ദീപേഷ് പറയുന്നു. 

സംവിധായകൻ ദീപേഷിന്‍റെ കഥയ്ക്ക് ബൽറാം ആണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. കണ്ണമ്പേത്ത് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷാജ് കണ്ണമ്പേത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രദീപ് എം വർമ്മ നിർവ്വഹിച്ചിരിക്കുന്നു. ബൽറാം എഴുതിയ വരികൾക്ക് മധു ഗോവിന്ദ് സംഗീതം പകരുന്നു. എഡിറ്റർ രാകേഷ് നാരായണൻ. കളറിസ്റ്റ് എം മുരുകൻ. സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പടി. വാർത്താ പ്രചരണം എ എസ് ദിനേശ്.

click me!