കെജിഎഫ് നിര്‍മ്മാതാക്കള്‍ക്കൊപ്പം സൂര്യ; പുതിയ ചിത്രം പ്രഖ്യാപിച്ച് ഹൊംബാലെ ഫിലിംസ്

Published : Jun 29, 2026, 03:01 PM IST
hombale films announced their new movie with suriya sivakumar to be directed by tj Gnanavel

Synopsis

കെജിഎഫ്, കാന്താര നിർമ്മാതാക്കളായ ഹൊംബാലെ ഫിലിംസ് തങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

കെജിഎഫ്, കാന്താര ഫ്രാഞ്ചൈസികള്‍ അടക്കമുള്ള വമ്പന്‍ വിജയങ്ങളിലൂടെ ഇന്ത്യന്‍ സിനിമാലോകത്തിന്‍റെ തന്നെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയായ ഹൊംബാലെ ഫിലിംസ് തങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. തമിഴ് താരം സൂര്യയാണ് ഹൊംബാലെയുടെ പുതിയ ചിത്രത്തില്‍ നായകനാവുന്നത്. പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ഇന്ന് ഉച്ച തിരിഞ്ഞ് 2.19 ന് ഉണ്ടാവുമെന്ന് ഇന്ന് രാവിലെ അവര്‍ അറിയിച്ചിരുന്നു. ഇത് സൂര്യ ചിത്രം ആയേക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണവും ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് പ്രഖ്യാപനം എത്തിയിരിക്കുന്നത്. സൂര്യ തന്നെ നായകനായ ജയ് ഭീം, രജനികാന്ത് നായകനായ വേട്ടൈയന്‍ അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത ടി ജെ ജ്ഞാനവേല്‍ ആണ് പുതിയ ചിത്രത്തിന്‍റെ സംവിധാനം.

കയാദു ലോഹര്‍ നായികയാവുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ സായ് അഭ്യങ്കര്‍ ആണ്. എസ് എ കതിര്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വ്വഹിക്കും. അതേസമയം കരിയറിലെ തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സൂര്യ. ആര്‍ ജെ ബാലാജിയുടെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ സൂര്യയുടെ കറുപ്പ് എന്ന ചിത്രം വന്‍ വിജയമായിരുന്നു. ചിത്രം 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഹൊംബാലെ ചിത്രത്തിന് മുന്‍പ് മറ്റ് രണ്ട് ശ്രദ്ധേയ ചിത്രങ്ങളും സൂര്യയുടേതായി വരാനുണ്ട്.

ലക്കി ഭാസ്കര്‍, വാത്തി അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ വെങ്കി അട്ലൂരിയാണ് അതില്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്നാണ് ചിത്രത്തിന്‍റെ പേര്. മമിത ബൈജുവാണ് ചിത്രത്തിലെ നായിക. രാധിക ശരത്കുമാര്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇതിന് ശേഷം സൂര്യയുടേതായി എത്താനിരിക്കുന്ന ചിത്രം ആവേശം സംവിധായകന്‍ ജിത്തു മാധവനാണ് ഒരുക്കുന്നത്. നസ്രിയയും നസ്‍ലെനും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുഷിന്‍ ശ്യാം ആണ് സം​ഗീത സംവിധാനം.

അതേസമയം കാന്താര ചാപ്റ്റര്‍ 1 ആണ് ഹൊംബാലെയുടെ നിര്‍മ്മാണത്തില്‍ അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. പ്രശാന്ത് നീലിന്‍റെയും രക്ഷിത് ഷെട്ടിയുടെയും സംവിധാനത്തില്‍ എത്തുന്നവയടക്കം നിരവധി ചിത്രങ്ങള്‍ ഹൊംബാലെയുടെ നിര്‍മ്മാണത്തില്‍ പുറത്തെത്താനുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു', നടിക്കെതിരായ ലൈംഗികാധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ
തിയറ്ററില്‍ മിസ് ആക്കിയോ ഈ ഹൊറര്‍ കോമഡി? ഒടിടി റിലീസ് പ്രഖ്യാപിച്ചു