
മലയാള സിനിമയിലെ സർവപ്രതാപിയായ ദിലീപിന്‍റെ കരിയറിനെ പിന്നോട്ടടിക്കുന്നതായിരുന്നു നടിയെ ആക്രമിച്ച കേസും തുടർ വിവാദങ്ങളും. റിമാൻഡ് കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ റിലീസായ രാമലീലയൊഴികെ പിന്നീട് വന്ന ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. ദിലീപ് എന്ന നടനിൽ നിന്ന് സ്ത്രീകളടക്കമുള്ള പ്രേക്ഷകർ അകന്ന് പോകാൻ കേസ് കാരണമായി.
ഏത് സാധാരണക്കാരനും വെള്ളിത്തിരയിൽ എത്താം എന്നതിന്‍റെ ഉദാഹരണമായിരുന്നു ദിലീപ് എന്ന നടന്‍. കമലിന്‍റെ സഹസംവിധായകനായി തുടക്കം. ആ കാലത്ത് നായക നടന് വേണ്ട ആകാരവടിവോ മുഖസൗന്ദര്യമോ ഇല്ലാതിരുന്നിട്ടും പ്രേക്ഷക മനസിലേക്ക് ദിലീപ് വേഗം കയറിക്കൂടി. അടുത്ത വീട്ടിലെ പയ്യൻ എന്ന ഇമേജ് വീട്ടമ്മമാരുടേയും കുട്ടികളുടേയും മനസിൽ പതിഞ്ഞു. സഹസംവിധായകനായി ക്യാമറയ്ക്ക് പിന്നിൽ നിന്ന ദിലീപ് എന്നോടിഷ്ടം കൂടാമോ എന്ന കമൽ ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി. നായകൻ എന്ന സ്വപ്‍നം മനസിൽ സൂക്ഷിച്ച താരം മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെ മലയാളത്തിൽ നായകനായി.പടം ഹിറ്റായി. ത്രീ മെൻ ആർമി, കൊക്കരക്കോ, കല്യാണ സൗഗന്ധികം എന്നിങ്ങനെ ലോ ബജറ്റ് ചിത്രങ്ങളിലൂടെ വിജയക്കുതിപ്പ്.
ലോഹിതദാസിന്‍റെ തിരക്കഥയിൽ ഒരുങ്ങിയ സല്ലാപമായിരുന്നു ദിലീപിന്‍റെ കരിയറിലെ ടേണിംഗ് പോയിന്‍റ്. ഈ പുഴയും കടന്ന്, മീനത്തിൽ താലികെട്ട്, പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, ജോക്കർ പ്രേക്ഷകർ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങൾ നിരവധി.
ഇതിനിടെ മലയാള സിനിമയിൽ തിളങ്ങി നിന്ന് നടി മഞ്ജു വാര്യരുമായി വിവാഹം. മഞ്ജു സിനിമയിൽ നിന്നകലുകയും ദിലീപ് സിനിമയിൽ അതി ശക്തനാവുകയും ചെയ്‍ത കാലമായിരുന്നു പിന്നീലട്. നടൻ എന്ന ലേബലിനപ്പുറം നിർമ്മാതാവായും തീയേറ്റർ ഉടമയായും ദിലീപ് മാറി. ചാന്തുപൊട്ട്, കുഞ്ഞിക്കൂനൻ, പച്ചക്കുതിര, സൗണ്ട് തോമ, ചക്കരമുത്ത്, മായാമോഹിനി എന്നിങ്ങനെ പരീക്ഷണ ചിത്രങ്ങൾക്കും ഡേറ്റ് കൊടുത്തു നടൻ. ബോക്സോഫീസിൽ പണം വാരിയ മീശമാധവൻ ദിലീപിന്‍റെ താരപദവി ഉയർത്തി. സിഐഡി മൂസയും വെട്ടവും പാണ്ടിപ്പടയുമെല്ലാം പ്രേക്ഷകരെ ആവോളം ചിരിപ്പിച്ചു. കുടുംബചിത്രങ്ങളിലൂടെ സിനിമാ ലോകം കീഴടക്കുമ്പോഴും ഗൗരവമുള്ള വേഷങ്ങൾ കൈകാര്യം ചെയ്യാൻ ദിലീപ് ശ്രദ്ധിച്ചു. കഥാവശേഷനും, കൽക്കട്ടാ ന്യൂസും, പെരുമഴക്കാലവും ഉദാഹരണം. ലയൺ, ഡോൺ പോലെയുള്ള ആക്ഷൻ റോളുകളും പരീക്ഷിച്ചു.
ഹിറ്റുകൾ മാത്രമല്ല പരാജയങ്ങളും രണ്ടും കയ്യും നീട്ടി ദിലീപ് ഏറ്റെടുത്തിട്ടുണ്ട്. ഓരോ തിരിച്ചടക്ക് ശേഷവും പുതിയ തന്ത്രങ്ങളുമായി കുട്ടികളേയും വീട്ടമ്മമാരേയും കയ്യിലെടുക്കാൻ വീണ്ടും വീണ്ടും അയാൾ ബിഗ് സ്ക്രീനിലെത്തി. അമ്മ സംഘടനയുടെ ധനശേഖരണാർത്ഥം മലയാള സിനിമാ താരങ്ങളെയെല്ലാം അണിനിരത്തി നിർമ്മിച്ച ട്വന്‍റി ട്വന്‍റി എന്ന ചിത്രം സിനിമാ ലോകത്തെ ദിലീപിന്‍റെ ആധിപത്യം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു.
മലയാള സിനിമയിലെ തന്ത്രശാലിയായ അധിപനായി തുടരുമ്പോഴാണ് 2017ലെ നടി ആക്രമിക്കപ്പെട്ട സംഭവവും അതിന് പിന്നിൽ ദിലീപിന്‍റെ പങ്കുണ്ടെന്ന സൂചനകളും പുറത്തു വരുന്നത്. ജനപ്രിയനെന്ന വിളിപ്പേരിൽ കറ പുരണ്ടു. കേസും കൂട്ടവും വിവാദങ്ങളും വാർത്തകളിൽ നിറഞ്ഞു നിന്നു. റിമാൻഡ് കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ റിലീസായ രാമലീലയെ കേസിന്‍റെ പേരിൽ പ്രേക്ഷകർ കൈവെടിയരുതെന്ന് സംവിധായകൻ അരുൺ ഗോപി അഭ്യർത്ഥിച്ചു. ചിത്രം ഹിറ്റായി. ദിലീപിന്‍റെ ഇതുവരെയുള്ള സിനിമകളുടെ കണക്കെടുത്താൽ അവസാനത്തെ ഹിറ്റ്.
പൊതു വേദികളിൽ നിന്ന് കുറേയേറെക്കാലം അകന്നു നിന്ന ദിലീപ് വീണ്ടും സിനിമയിൽ അഭിനയിച്ചു തുടങ്ങി. സിനിമകൾ ഇറങ്ങി. എന്നാൽ സ്വീകരിക്കാൻ സ്ഥിരം പ്രക്ഷകർ ഉണ്ടായില്ല. അടുത്ത വീട്ടിലെ പയ്യനിൽ നിന്ന് അകലമിട്ടു പലരും. കമ്മാരസംഭവം, ജാക്ക് ആൻഡ് ഡാനിയേൽ, മൈ സാന്‍റ, കേശു ഈ വീടിന്‍റെ നാഥൻ, വോയ്‍സ് ഓഫ് സത്യനാഥൻ, ബാന്ദ്ര, തങ്കമണി, പവി കെയർ ടേക്കർ അങ്ങനെ പല രൂപത്തിലും ഭാവത്തിലും ദിലീപ് വന്നുപോയി. ഏറ്റവുമൊടുവിൽ പ്രിൻസ് ആൻഡ് ഫാമിലി. ചിത്രം ഹിറ്റാണെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുമ്പോഴും സമ്മിശ്ര പ്രതികരണമായിരുന്നു പ്രക്ഷേകർക്ക്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക