
മലയാളത്തിലെ സമീപകാല റിലീസുകളില്‍ പ്രേക്ഷകപ്രീതി നേടിയ ഒന്നായിരുന്നു മോഹന്‍ലാല്‍ നായകനായ ഹൃദയപൂര്‍വ്വം. മലയാളി സിനിമാപ്രേമികളെ ഒട്ടേറെ രസിപ്പിച്ചിട്ടുള്ള സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കോമ്പോ ഇടവേളയ്ക്ക് ശേഷം ഒരുമിച്ച ചിത്രവുമായിരുന്നു ഇത്. ഓണം റിലീസ് ആയി ഓഗസ്റ്റ് 28 ന് എത്തിയ ചിത്രം പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് അഭിപ്രായങ്ങളാണ് നേടിയത്. മോഹന്‍ലാലിന്‍റെ തൊട്ടുമുന്‍പെത്തിയ ചിത്രങ്ങളുടെ നിലയിലേക്ക് കളക്ഷന്‍ എത്തിയില്ലെങ്കിലും ഫീല്‍ ഗുഡ് ഫാമിലി ഡ്രാമ ഗണത്തില്‍ പെട്ട ചിത്രമെന്നത് പരിഗണിക്കുമ്പോള്‍ മികച്ച കളക്ഷനാണ് ഹൃദയപൂര്‍വ്വം നേടിയിരുന്നത്. ഇപ്പോഴിതാ ഒടിടിയിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം.
സെപ്റ്റംബര്‍ 26 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയുടെ കണക്ക് പ്രകാരം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെയുള്ള ഒരാഴ്ചക്കാലത്ത് ഇന്ത്യയിലെ ഒടിടി പ്ലാറ്റ്‍ഫോമുകളില്‍ ഏറ്റവുമധികം കാണികളെ നേടിയ അഞ്ച് ചിത്രങ്ങളുടെ കൂട്ടത്തില്‍ ഹൃദയപൂര്‍വ്വവും ഇടം പിടിച്ചിട്ടുണ്ട്. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ചിത്രം. അജയ് ദേവ്ഗണ്‍ നായകനായ ബോളിവുഡ് ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2 ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്.
ഹൃദയപൂര്‍വ്വത്തിന്‍റെ അതേ ദിവസം (സെപ്റ്റംബര്‍ 26) ഒടിടിയില്‍ എത്തിയ സണ്‍ ഓഫ് സര്‍ദാര്‍ 2 ഒരാഴ്ച നേടിയത് 3 മില്യണ്‍ (30 ലക്ഷം) കാഴ്ചകള്‍ ആണെങ്കില്‍ ഹൃദയപൂര്‍വ്വത്തിന് ലഭിച്ചത് 24 ലക്ഷം കാഴ്ചകളാണ്. വന്‍ ബോക്സ് ഓഫീസ് വിജയം നേടിയ ബഹുഭാഷാ അനിമേഷന്‍ എപിക് ചിത്രം മഹാവതാര്‍ നരസിംഹയാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. 28 ലക്ഷം കാഴ്ചകളാണ് പ്രസ്തുത വാരം ചിത്രം നേടിയത്.
എന്നാല്‍ സെപ്റ്റംബര്‍ 19 ന് ആയിരുന്നു നരസിംഹ ഒടിടിയില്‍ എത്തിയത്. ബോളിവുഡില്‍ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു സൈയാരയാണ് നാലാം സ്ഥാനത്ത് 23 ലക്ഷം കാഴ്ചകളാണ് ചിത്രം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെയുള്ള ഒരാഴ്ചക്കാലത്ത് നേടിയത്. എന്നാല്‍ സെപ്റ്റംബര്‍ 12 ന് ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 570 കോടി ഗ്രോസ് നേടിയ ചിത്രമാണ് ഇത്. ഒടിടിയില്‍ ഒരേ ദിവസം എത്തിയ ഒരു ബോളിവുഡ് ചിത്രത്തെയും ഹൃദയപൂര്‍വ്വം മറികടന്നിട്ടുണ്ട്. സിദ്ധാര്‍ഥ് ചതുര്‍വേദിയും തൃപ്തി ദിംറിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച റൊമാന്‍റിക് ഡ്രാമ ചിത്രം ധഡക് 2 ആണ് അത്. 19 ലക്ഷം കാഴ്ചകളാണ് ചിത്രം നേടിയത്.