ആവേശം നിറച്ച് 'ഹ്വാരങ്: ദ പോയറ്റ് വാരിയര്‍ യൂത്ത്'- റിവ്യു

By Vandana PRFirst Published Nov 25, 2022, 9:52 AM IST
Highlights

 'ഹ്വാരങ്: ദ പോയറ്റ് വാരിയര്‍ യൂത്ത്' എന്ന കൊറിയൻ ഡ്രാമയുടെ റിവ്യു.

ജോസൺ രാജവംശത്തിലെ സംഭവങ്ങളെയും വ്യക്തികളെയും ആസ്‍പദമാക്കിയുള്ള രചനകൾക്ക് കെ ഡ്രാമാ ലോകത്തുള്ള പ്രാധാന്യവും പ്രേക്ഷകതാത്പര്യവും മുമ്പും പറഞ്ഞിട്ടുള്ളതാണ്. 'ഹ്വാരങ്: ദ പോയറ്റ് വാരിയര്‍ യൂത്ത്' അത്തരം ഒരു പരമ്പരയാണ്. Park Seo-joon, Park Hyung-sik,  Go A-ra എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഹ്വാരങ് എന്ന പോരാളിക്കൂട്ടത്തിലെ അംഗങ്ങളായി എത്തുന്നവരിൽ കൊറിയയിലെ പ്രശസ്‍തമായ ഗായകസംഘങ്ങളിലെ രണ്ട് അംഗങ്ങളും ഉണ്ട്, ഷൈൻ എന്ന സംഘത്തിലെ റാപ്പറും രചയിതാവും മോഡലും ഒക്കെയായ മിൻഹോ എന്ന ചോയ് മിൻ ഹോ, ബിടിഎസ് സംഘത്തിലെ കിം തേ ഹ്യൂങ് എന്ന വീ എന്നിവർ ആണത്. ദോ ജി ഹാൻ, സുങ് ഡോങ് ഇൽ, ചോ യൂൻ വോ, യൂ ജേ മ്യൂങ് , കിം ജി സൂ, സ്യോ യീ ജീ, ചോയ് വോൺ യങ്, ലീ ഡാ ഇൻ,കിം ചാങ് വാൻ തുടങ്ങിയ നീണ്ട താരനിരയാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പണ്ടത്തെ സില്ല രാജ്യത്തിലാണ് കഥ നടക്കുന്നത്. കിരീടാവകാശി ആയ മകൻ ജിൻഹ്യൂങ് പ്രായപൂർത്തിയാകും വരെയുള്ള കാലയളവിൽ രാജ്യം റീജന്റായി ഭരിക്കുന്നത് ജിസോ റാണിയാണ്. കൊട്ടാരത്തിലെ അധികാരത്തർക്കവും ഭരണക്കൊതിയും കാരണം അപായസാധ്യത നിലനിൽക്കുന്നതിനാൽ ജിൻഹ്യൂങ്ങിനെ ചെറിയ പ്രായത്തിൽ തന്നെ നാട്ടിൽ നിന്ന് മാറ്റിയാണ് വളർത്തുന്നത്. ആരും രാജകുമാരനെ കണ്ടിട്ടില്ല. അത്രയും സുരക്ഷിതവും രഹസ്യവും ആയിട്ടാണ് ജിസോ റാണി മകനെ വളർത്തുന്നതും രാജഭരണം ഏൽപ്പിക്കാൻ കാത്തുനിൽക്കുന്നതും.  സങ്കൽപത്തിന് അനുസരിച്ചുള്ള ഭരണത്തിനായി രാജകുമാരൻ തയ്യാറാകുമ്പോഴും അമ്മ റാണിക്ക് അതിലത്ര ഉറപ്പില്ല. രാജ്യത്ത് സ്വാധീനവും സമ്പത്തും ഉള്ള കുടുംബക്കാരുടെ പോരിൽ മകന് അപായം പറ്റുമെന്നും കുടുംബത്തിൽ നിന്ന് രാജാധികാരം മാറ്റപ്പെടുമെന്നും റാണി ഭയക്കുന്നു. അത് മറികടക്കാൻ അവർ ആലോചിക്കുന്ന വഴിയാണ് സ്വന്തമായുള്ള ഒരു പ്രത്യേക സേന.

നാട്ടിൽ അന്ന് നിലനിന്നിരുന്ന ഉച്ചനീചത്വങ്ങൾക്ക് ഉപരിയായി, അത്തരം വ്യത്യാസങ്ങളൊന്നും പരിഗണിക്കാതെ സൗന്ദര്യവും ആരോഗ്യവും കഴിവും ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരെ ഉൾപെടുത്തി എന്തിനും പോന്ന, ഉത്തരവാദിത്തമുള്ള, ആത്മാർത്ഥതയുള്ള പോരാളിക്കൂട്ടം രൂപീകരിക്കുന്നു. നല്ല പോരാട്ടവീര്യവും അധ്യാപനഗുണവും ഉള്ള കിം വി ഹ്വാ പ്രഭുവിനെ ആണ് ചുമതല ഏൽപ്പിക്കുന്നത്. ഹ്വാരങ് എന്ന് പേരിട്ടിരിക്കുന്ന ആ കൂട്ടായ്‍മയിൽ   ആർക്കും പിടികൊടുക്കാത്ത രണ്ടു പേരുണ്ട്.  വൈദ്യന്റെ മകനായ സുഹൃത്തിന്റേ പേരും വ്യക്തിത്വവും കടമെടുത്തു വരുന്ന ആളാണ് അതിലൊന്ന്. രണ്ടാമത്തെ ആൾ വിദേശത്ത് നിന്ന് എത്തിയ പച്ചപ്പരിഷ്‍കാരിയും. കിം സൂൻ വൂവും കിം ജി ഡ്വിയും. ഇവരുടെ കൂടെ നാട്ടിലെ പണക്കാരുടെ മക്കളും ചേരുന്നു. പരസ്‍പരം തല്ലുകൂടിയും വഴക്കിട്ടും എന്നാല്‍ വി ഹ്വാവുവിന്റെ കർശന മേൽനോട്ടത്തിന് കീഴിൽ പോരാട്ടവും വീര്യവും അച്ചടക്കവും ഐക്യവും പരിശീലിച്ച് സംഘത്തിൽ പരസ്‍പരബന്ധവും സഹകരണവും ഉടലെടുക്കുന്നുമുണ്ട്.  ഇക്കൂട്ടത്തിൽ ഒരാൾ കിരീടാവകാശിയാണ്. അതാര്? ഹ്വാരങ് എങ്ങനെ മുന്നോട്ടു പോകുന്നു? ജിസോ റാണിക്ക് അധികാരത്തർക്കങ്ങളും ഗൂഢാലോചനയും ഒക്കെ നേരിടാൻ കഴിയുന്നുണ്ടോ? അയൽപ്പക്കത്ത് നിന്നുള്ള കടന്നുകയറ്റം എങ്ങനെ സില്ല നേരിടുന്നു? ആവേശകരമായ രസകരമായ സന്ദർഭങ്ങളിലൂടെയാണ് ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചരിത്രപരമായ വസ്‍തുതകളുടെ അടിസ്ഥാനവും യാഥാർത്ഥ്യവും ഒക്കെ വിമർശനവിധേയമായിട്ടുണ്ട്. പക്ഷേ ഹ്വാരങ് കണ്ടിരിക്കാൻ രസമാണ്. നല്ല സംഗീതവും നല്ല നിർമാണവും  രസകരമായ സന്ദർഭങ്ങളും ആവേശമേറ്റുന്ന സംഘർഷരംഗങ്ങളും എല്ലാമായി ഹ്വാരങ് മുഷിപ്പിക്കില്ല എന്നുറപ്പ്.

വാൽക്കഷ്‍ണം
ജിൻഹ്യൂങ് സില്ല കണ്ട ഏറ്റവും നല്ല ഭരണാധികാരികളിൽ ഒരാളായിരുന്നു. രാജ്യാതിർത്തികൾ വിശാലമാക്കിയ, നാട്ടിൽ പുരോഗതി കൊണ്ടുവന്ന രാജാവ്.

Read More: കളിക്കളത്തിലെ കാണാക്കാഴ്‍ചകളും മത്സരാവേശവുമായി 'ഹോട്ട് സ്റ്റോവ് ലീഗ്'- റിവ്യു

click me!