
മലയാള സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടൈ വാലിബന്‍. റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ ചിത്രത്തിന്‍റെ ഹൈപ്പ് വാനോളമാണ്. ചിത്രത്തെക്കുറിച്ചും കഥാപാത്രങ്ങളുടെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അഭിമുഖങ്ങളില്‍ അണിയറക്കാര്‍ കൗതുകകരമായ ചില കാര്യങ്ങള്‍ പങ്കുവച്ചിരുന്നു. അതിലൊന്ന് കന്നഡ താരം ഡാനിഷ് സേഠ് അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചാണ്.
ഒരു വന്യ ജീവിയുടെ റെഫറന്‍സ് ആണ് വാലിബനിലെ ഡാനിഷ് സേഠിന്‍റെ കഥാപാത്രത്തിനായി ലിജോ ഉപയോഗിച്ചിരിക്കുന്നത്. ഇതാവട്ടെ മോഹന്‍ലാലിന്‍റെ നിര്‍ദേശപ്രകാരവുമാണ്. ഹൈന അഥവാ കഴുതപ്പുലിയുടെ റെഫറന്‍സ് ആണ് ഈ കഥാപാത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രസ്തുത റോളിനെക്കുറിച്ച് ലിജോയോട് സംസാരിച്ച സമയത്ത് താന്‍ തന്നെയാണ് ഈ നിര്‍ദേശം വച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞു- കര്‍ക്കശ സ്വഭാവമുള്ള ഒരു മൃഗമാണ് കഴുതപ്പുലി. ഒരു ഇരയെ നോട്ടമിട്ടാല്‍ അതില്‍ നിന്ന് പിന്തിരിയുന്ന പ്രശ്നം അതിനെ സംബന്ധിച്ച് ഉദിക്കുന്നില്ല. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും, ഡാനിഷിന്‍റെ കഥാപാത്രം ഒരു മൃഗത്തെപ്പോലെയാണെന്ന്. കഥാപാത്രമായി അദ്ദേഹം രൂപാന്തരം പ്രാപിച്ചിരിക്കുന്നത് വിസ്മയകരമാണ്, മോഹന്‍ലാല്‍ പറയുന്നു.
വാലിബന്‍റെ കഥ പറയാനായി ലിജോയെ ആദ്യം കണ്ടപ്പോള്‍ത്തന്നെ അദ്ദേഹം ചോദിച്ചത് ഹൈനയുടെ വീഡിയോസ് കാണാറുണ്ടോ എന്നായിരുന്നെന്ന് ഡാനിഷ് സേഠ് തന്നെ പറയുന്നു. ആദ്യം കേട്ടപ്പോള്‍ ഇതെന്താണെന്ന് തോന്നിയെന്നും എന്നാല്‍ പിന്നീട് കഴുതപ്പുലിയുടെ നിരവധി വീഡിയോകള്‍ കണ്ടെന്നും ചിത്രീകരണ സമയത്ത് അത് ഏറെ ഉപകാരപ്പെട്ടെന്നും ഡാനിഷ് സേഠ് പറയുന്നു- ഒരു സീനിന്‍റെ ചിത്രീകരണത്തിനിടെ ലിജോ എന്നോട് വന്ന് പറഞ്ഞു. ഹൈന ചിരിക്കുമെന്നത് അറിയാമോ? അതാണ് നമുക്ക് വേണ്ടത്. ഇതും പറഞ്ഞ് അദ്ദേഹം ക്യാമറയ്ക്ക് പിന്നിലേക്ക് പോയി. പിന്നീട് താന്‍ ചെയ്ത പെര്‍ഫോമന്‍സ് ലിജോ ഉള്‍പ്പെടെ എല്ലാവര്‍ക്കും തൃപ്തികരമായിരുന്നെന്നും ഡാനിഷ് പറയുന്നു. ഡാനിഷ് സേഠിന്‍റെ മലയാളം അരങ്ങേറ്റമാണ് മലൈക്കോട്ടൈ വാലിബന്‍.
അതേസമയം കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ഒരു ജനപ്രിയ ചിത്രത്തില്‍ ഹൈന ഒരു കഥാപാത്രമായിത്തന്നെ എത്തിയിരുന്നു. വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്ന സിനിമയിലെ പ്രാധാന്യമുള്ള കഥാപാത്രം ഒരു ഹൈനയുടേത് ആയിരുന്നു. അനിമല്‍ റെസ്ക്യൂവര്‍ കൂടിയായ വിജയ്‍യുടെ പാര്‍ഥിപന്‍ ഒരിക്കല്‍ ജനക്കൂട്ടത്തെ അക്രമിക്കുന്ന ഒരു ഹൈനയെ കീഴ്പ്പെടുത്തുന്നുണ്ട്. പിന്നീട് ഇതിനെ വളര്‍ത്തുന്ന ഇയാള്‍ അതിന് സുബ്രമണി എന്ന പേരും ഇടുന്നു. ചിത്രത്തിന്‍റെ ക്ലൈമാക്സിലും സുബ്രമണി പ്രാധാന്യത്തോടെ എത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം