'കാട്ടാളനിലെ അലിയെ പോലെയാണ് ഞാൻ'; ലോഞ്ച് ഇവന്‍റിൽ ജഗദീഷ് പറഞ്ഞത്

Published : Aug 26, 2025, 07:50 PM IST
i am like the character ali in kattalan movie says Jagadish at movie launch

Synopsis

'മാർക്കോ' നിര്‍മ്മാതാക്കളുടെ അടുത്ത ചിത്രമാണ് കാട്ടാളന്‍. ആന്‍റണി വര്‍ഗീസ് ആണ് നായകന്‍

'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയുടെ ലോഞ്ച് ഇവന്‍റ് കഴിഞ്ഞ ദിവസമാണ് നടന്നത്. ചടങ്ങിൽ ജഗദീഷ് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ''വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഞാൻ നിൽക്കുന്നത്. കരിയറിൽ ഒട്ടേറെ ടേണിങ് പോയിന്‍റുകള്‍ എനിക്ക് വന്നിട്ടുണ്ട്. ആദ്യ ചിത്രം മൈ ഡിയർ കുട്ടിച്ചാത്തൻ, ശേഷം പ്രിയനോടൊപ്പമുള്ള സിനിമയിൽ മൂന്ന് നായകന്മാരിൽ ഒരാളായി. ഇൻ ഹരിഹര്‍ നഗര്‍, സ്ഥലത്തെ പ്രധാന പയ്യൻസ് അങ്ങനെ ഒട്ടേറെ സിനിമകള്‍ അങ്ങനെ വന്നിട്ടുള്ളതാണ്. എന്നാൽ നെഗറ്റീവ് റോളിൽ എന്‍റെ ഏറ്റവും വലിയ ടേണിങ് പോയിന്‍റ് മാർക്കോയിലെ ടോണി ഐസക്കാണ്. അതിന് ഹനീഫ് അദേനിയോടും ഷെരീഫ് മുഹമ്മദിനോടും എനിക്ക് വളറെ കടപ്പാടുണ്ട്. അവര്‍ക്ക് എന്നിലുള്ള ആത്മവിശ്വാസമായിരുന്നു അത്.

പ്രേക്ഷകർ കാശുമുടക്കി ഒരു സിനിമ കാണുമ്പോള്‍ അതിൽ ഓരോ എലമെന്‍റിനും ബേസിക് സിൻസിയറിറ്റി ഉണ്ടാവണം. അത് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന പ്രേക്ഷകരാണ് നമുക്കുള്ളത് എന്നതിൽ അഭിമാനിക്കാം. ഇനി പേഴ്സണലായിട്ട് ഒരു കാര്യം പറയാം. എല്ലാവരും എന്നോട് ചോദിക്കും സ്ക്രീനിൽ, റീലിൽ ഏത് ക്യാരക്ടറുമായിട്ടാണ് എന്‍റെ വ്യക്തിപരമായ സ്വഭാവം ചേർന്നിരിക്കുന്നത് എന്ന്. ചിലർ പറയും അപ്പുക്കുട്ടനെ പോലെയാണെന്ന്, വേറെ ചിലർ മാർക്കോയിലെ ടോണിയെ പോലെ ക്രൂരനാണെന്ന് പറയാം. ഇന്ന് സംവിധായകൻ പോളിന്‍റെ അനുവാദത്തോടെ ഞാൻ ആ രഹസ്യം പറയുകയാണ്. കാട്ടാളനിലെ അലിയെ പോലെയാണ് ഞാൻ, അത്രമാത്രം പറയാം. സിറ്റുവേഷൻ അനുസരിച്ച് റിയാക്ട് ചെയ്യുന്നയാളാണ് ഞാൻ. സോഫ്റ്റാണ്, ഹാര്‍ഷാണ്, സ്ട്രോങ്ങാണ്, സെന്‍റിമെന്‍റലാണ്, ഇമോഷണലാണ്, ആവശ്യം വന്നാൽ രണ്ടിടി ഇടിക്കാൻ തയ്യാറുള്ളവനുമാണ് അതാണ് അലി'', ജഗദീഷ് പ്രസംഗമധ്യേ പറഞ്ഞു.

മുന്‍പ് 'മാർക്കോ' സിനിമയുടെ റിലീസിന് മുമ്പ് ഒരു അഭിമുഖത്തിൽ കരിയറിലെ ഏറ്റവും ക്രൂരമായ വേഷമാണ് താന്‍ ചെയ്തിരിക്കുന്നത് എന്ന് ജഗദീഷ് വെളുപ്പെടുത്തിയത് വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ അതുപോലെ ഈ വെളിപ്പെടുത്തലും ഏവരും ഏറ്റെടുത്തിരിക്കുകയാണ്.

നാല് പതിറ്റാണ്ടിലേറെയായി നാന്നൂറിലേറെ സിനിമകളുടെ ഭാഗമായിത്തീര്‍ന്ന ജഗദീഷിനെ 'മിസ്റ്റർ കൺസിസ്റ്റന്‍റ്' എന്നാണ് ഏവരും വിശേഷിപ്പിക്കാറുള്ളത്. 1984 ല്‍ പുറത്തിറങ്ങിയ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന ചിത്രത്തിലൂടെ തന്‍റെ സിനിമാ കരിയര്‍ ആരംഭിച്ച് പിന്നീട് സഹനടനായും ഹാസ്യതാരമായും നായകനായുമൊക്കെ നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവ നടനായുമൊക്കെ ഏറെ ശ്രദ്ധ നേടിയ സിനിമകളുടെ ഭാഗമാണ് കഴിഞ്ഞ കുറച്ചു നാളുകളായി ജഗദീഷ്. 'മാർക്കോ'യിലെ ടോണി ഐസക് എന്ന മികവുറ്റ വേഷത്തിന് ശേഷം തങ്ങളുടെ പുതിയ സിനിമയായ 'കാട്ടാളനി'ലും ജഗദീഷിനെ അടിമുടി വ്യത്യസ്തമായ ലുക്കിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. 'മാർക്കോ', 'ഓഫീസർ ഓൺ ഡ്യൂട്ടി', 'എആർഎം', 'വാഴ', 'അബ്രഹാം ഓസ്ലർ', 'ഗുരുവായൂർ അമ്പലനടയിൽ' തുടങ്ങി ഒട്ടേറെ വിജയ സിനിമകളുടെ ഭാഗമായിരുന്നു അടുത്തിടെ അദ്ദേഹം. 'കാട്ടാളനി'ൽ കിടിലൻ മേക്കോവറിൽ അദ്ദേഹം എത്താനൊരുങ്ങുമ്പോള്‍ പ്രേക്ഷകർ ഏറെ ആകാംക്ഷയിലുമാണ്.

ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന കാട്ടാളനിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തിവാരിയേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ "ആന്‍റണി വർഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡ്‍കെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.

പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2' ന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആര്‍ ആണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം
പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ