
മരക്കാറിന്‍റെ ഒടിടി റിലീസ് (Marakkar OTT Release) ആന്‍റണി പെരുമ്പാവൂര്‍ (Antony Perumbavoor) ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ വിഷയത്തില്‍ സജീവ ചര്‍ച്ചയാണ് നടക്കുന്നത്. മരക്കാറിനൊപ്പം ആശിര്‍വാദിന്‍റെ മറ്റു നാല് മോഹന്‍ലാല്‍ (Mohanlal) ചിത്രങ്ങളും ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്നും ആന്‍റണി പറഞ്ഞിരുന്നു. ആന്‍റണിയുടെ വാര്‍ത്താസമ്മേളനത്തിനു പിന്നാലെ വിഷയത്തില്‍ പ്രിയദര്‍ശന്‍ (Priyadarshan) നടത്തിയ ഒരു അഭിപ്രായ പ്രകടനവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഒടിടി പ്ലാറ്റ്‍ഫോമുകള്‍ക്ക് വില്‍ക്കാന്‍ പറ്റാത്ത സിനിമകള്‍ ചിലര്‍ തിയറ്ററില്‍ കൊണ്ടുവരുമ്പോള്‍, തിയറ്ററുകാരെ രക്ഷിക്കാനാണെന്ന് കള്ളം പറയുകയാണെന്നായിരുന്നു പ്രിയദര്‍ശന്‍റെ പ്രസ്‍താവന. ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു സംവിധായകന്‍റെ അഭിപ്രായപ്രകടനം.
"ചില ആളുകളൊക്കെ സിനിമയെടുക്കുന്നുണ്ട്. നെറ്റ്ഫ്ളിക്സിന് വില്‍ക്കാന്‍ പറ്റാത്ത സിനിമകളൊക്കെ കൊണ്ടുവന്ന് തിയറ്ററുകളില്‍ റിലീസ് ചെയ്‍തിട്ട് പറയുന്നുണ്ട്, ഞങ്ങള്‍ അവിടുന്ന് തിരിച്ചു വാങ്ങിച്ച് തിയറ്ററുകാരെ സഹായിക്കാനാണെന്ന്. അതൊന്നും ശരിയൊന്നുമല്ല", എന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്. പ്രിയദര്‍ശന്‍ ഒരു സിനിമയെ കൃത്യമായി ഉദ്ദേശിച്ച് പറഞ്ഞതാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ഭൂരിഭാഗം ചര്‍ച്ചകളും. ദുല്‍ഖര്‍ സല്‍മാനെ (Dulquer Salmaan) നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്‍ത കുറുപ്പ് (Kurup) എന്ന സിനിമയാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. ഈ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ തന്‍റെ പ്രസ്‍താവനയെ വിശദീകരിച്ച് എത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍.
"ഇന്നലത്തെ ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ നടത്തിയ പ്രസ്‍താവന പ്രത്യേകമായി ഏതെങ്കിലും സിനിമയെയോ നടനെയോ ഉദ്ദേശിച്ച് പറഞ്ഞതല്ല. മറിച്ച് നെറ്റ്ഫ്ളിക്സിനെയും തിയറ്റര്‍ റിലീസുകളെയും ഉദ്ദേശിച്ച് പൊതുവായി പറഞ്ഞതാണ്. ദുല്‍ഖറിനെയോ കുറുപ്പ് സിനിമയെയോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ അര്‍ഥമാക്കാത്ത രീതിയില്‍ എന്‍റെ പ്രസ്‍താവനയെ മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നത് കണ്ടു", പ്രിയദര്‍ശന്‍ ട്വിറ്ററില്‍ കുറിച്ചു.
മരക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള താനടക്കമുള്ളവരുടെ ആഗ്രഹത്തെക്കുറിച്ചും തീരുമാനത്തെക്കുറിച്ചും മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുള്ള ആളാണ് പ്രിയദര്‍ശന്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആന്‍റണിക്കൊപ്പമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് തന്നോട് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മരക്കാറിന്‍റെ തിയറ്റര്‍ റിലീസിന് ഒരു സാധ്യതയും മുന്നില്‍ തുറക്കാത്തതുകൊണ്ടാണ് ഒടിടിയില്‍ നല്‍കുന്നതെന്നും ആന്‍റണി ഇന്നലെ വിശദീകരിച്ചിരുന്നു. പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ കൂടാതെ പൃഥ്വിരാജിന്‍റെ ബ്രോ ഡാഡി, ജീത്തു ജോസഫിന്‍റെ 12ത്ത് മാന്‍, ഷാജി കൈലാസിന്‍റെ എലോണ്‍ , കൂടാതെ 'പുലിമുരുകന്' ശേഷം മോഹന്‍ലാലിനെ നായകനാക്കി ഉദയകൃഷ്‍ണയുടെ സംവിധാനത്തില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയും ഒടിടി റിലീസ് ആയിരിക്കുമെന്നും ആന്‍റണി ഇന്നലെ അറിയിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ