
പേരന്‍റിംഗ് എന്നത് പുതിയ കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ഇപ്പോഴിതാ അതേക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് നടി ലെന. കല്യാണം കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാവും, അവര്‍ വളര്‍ന്നോളും എന്ന് ചിന്തിക്കാതെ പ്ലാന്‍ ചെയ്ത് മാത്രം ചെയ്യേണ്ട കാര്യമാണ് പേരന്‍റിംഗ് എന്ന് പറയുന്നു ലെന. ഒപ്പം കുട്ടികള്‍ വേണ്ടെന്ന് ചെറുപ്പത്തിലേ തീരുമാനിച്ച ഒരാളാണ് താനെന്നും ലെന പറയുന്നു. അതിന്‍റെ കാരണവും വ്യക്തമാക്കുന്നു അവര്‍. താന്‍ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം വലതുവശത്തെ കള്ളന്‍റെ റിലീസിന് ശേഷമുള്ള പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ലെന. പേരന്‍റിംഗ് വിഷയമാക്കുന്ന ചിത്രമാണ് ഇത്.
“കുട്ടികള്‍ ഉണ്ടാകുന്നതിന് മുന്‍പുതന്നെ കുട്ടികളെ എങ്ങനെ നോക്കും എന്നൊക്കെയുള്ള ഒരു പ്ലാന്‍ ഉണ്ടായിരിക്കണം. അതിന്‍റെയൊരു ഉത്തരവാദിത്തം രക്ഷിതാക്കള്‍ വളരെ ഗൗരവത്തോടെ എടുക്കേണ്ടതാണ്. ഒരു ഡിഫോള്‍ട്ട് മോഡില്‍ കല്യാണം കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാവും, അത് എങ്ങനെയെങ്കിലും അങ്ങ് പൊക്കോളും എന്ന് ചിന്തിക്കുന്നത് തെറ്റാണെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ വേണ്ട എന്ന് തീരുമാനിച്ചയാളാണ് ഞാന്‍. കാരണം എനിക്ക് നല്ലൊരു രക്ഷിതാവ് ആവാന്‍ സാധിക്കില്ല എന്നൊരു തോന്നല്‍ എന്‍റെയുള്ളില്‍ വന്നു. ആദ്യം ഞാന്‍ കുറച്ചുകൂടി പക്വതയുള്ള ഒരാളാവണം എന്ന് ഞാന്‍ വിചാരിച്ചു. എന്‍റെ രക്ഷിതാക്കള്‍ എന്നെ വളര്‍ത്തിയത് ഏറ്റവും നല്ല രീതിയില്‍ അല്ല എന്ന തോന്നലുള്ള ഒരു കുട്ടി ആയിരുന്നു ഞാന്‍”, ലെന പറയുന്നു.
“എന്നെ കുറേക്കൂടി കെയര്‍ ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ആദ്യം ഞാന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ഭയങ്കരമായി ഫൈറ്റ് ചെയ്ത ഒരു കുട്ടിയാണ്. അവര്‍ നോക്കിയപ്പോള്‍ ഞാന്‍ എല്ലാം തനിയെ ചെയ്യുന്നുണ്ട്. എന്നാല്‍ ചെയ്തോട്ടെ എന്ന് വിചാരിച്ച് വിട്ട രക്ഷിതാക്കള്‍ ആണ്. പിന്നീട് അത് എന്‍റെ പരാതിയായി മാറി. എന്നെ സപ്പോര്‍ട്ട് ചെയ്തില്ല, എന്നെ എല്ലാത്തിനും ഒറ്റയ്ക്ക് വിട്ടു എന്നുള്ളത്. കുട്ടികളുടെ മനസില്‍ ഈ ആശയങ്ങള്‍ മാറിക്കൊണ്ടേയിരിക്കും. കരിയര്‍ പാത്ത് എടുക്കണോ പേഴ്സണല്‍ പാത്ത് വേണോ എന്നൊക്കെ ചിന്തിച്ചിരുന്നു. രണ്ട് പേരന്‍റ്സും കരിയറിന്‍റെ പിന്നാലെ പോയാല്‍ അവരുടെ കുട്ടികളെ ആര് നോക്കും. പേരന്‍റിംഗ്, അല്ലെങ്കില്‍ കുട്ടികളുടെ കാര്യം എന്നത് വളരെ ആലോചിച്ച് എടുക്കേണ്ട തീരുമാനം തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്", ലെന പറയുന്നു. ഒപ്പം പുതിയ തലമുറയെക്കുറിച്ച് ഇത്ര കൂടി പറയുന്നു ലെന- "ഇപ്പോഴത്തെ തലമുറ വളരെ പക്വതയുള്ള തലമുറയാണ്. അവര്‍ ഒരുപാട് കെയര്‍ കിട്ടി വളര്‍ന്നിട്ടുള്ള തലമുറയാണ്”, ലെന പറഞ്ഞവസാനിപ്പിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ