'കഴിഞ്ഞ 48 മണിക്കൂര്‍ ആയി ഞാന്‍ ഉറങ്ങിയിട്ടില്ല'; ലാല്‍ സിംഗ് ഛദ്ദ റിലീസിന്‍റെ സമ്മര്‍ദ്ദത്തെക്കുറിച്ച് ആമിര്‍

By Web TeamFirst Published Aug 10, 2022, 10:03 AM IST
Highlights

"വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. പല ചിന്തകളാണ് മനസിലൂടെ കടന്നുപോകുന്നത്.."

ബോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളില്‍ ഒന്നാണ് ആമിര്‍ ഖാന്‍ നായകനാവുന്ന ലാല്‍ സിംഗ് ഛദ്ദ. പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്ക് ആയ ചിത്രം നീണ്ട കാത്തിരുപ്പിനു ശേഷം വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തുകയാണ്. നാല് വര്‍ഷത്തോളമായി ഒരു ആമിര്‍ ഖാന്‍ ചിത്രം തിയറ്ററുകളില്‍ എത്തിയിട്ട് എന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ സഹ നിര്‍മ്മാതാവ് കൂടിയായ ആമിര്‍ ഖാനെ സംബന്ധിച്ച് റിലീസിന് മുന്‍പ് അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം കൂടുതലാണ്. ഏതൊരു ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പും അത് താരങ്ങള്‍ക്ക് ഉണ്ടാക്കുന്ന സമ്മര്‍ദ്ദമുണ്ടെങ്കിലും ഇത് അതിനേക്കാള്‍ മേലെയാണ്. ചിത്രം സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന ബഹിഷ്കരണാഹ്വാനമാണ് അതിനു കാരണം. ഇപ്പോഴിതാ താന്‍ നേരിടുന്ന പ്രീ- റിലീസ് സമ്മര്‍ദ്ദത്തെക്കുറിച്ച് പറയുകയാണ് ആമിര്‍ ഖാന്‍. പിവിആര്‍ സിനിമാസിന്‍റെ 25-ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ആമിറിന്‍റെ പ്രതികരണം.

"വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. കഴിഞ്ഞ 48 മണിക്കൂറുകളായി ഞാന്‍ ഉറങ്ങിയിട്ടില്ല. തമാശ പറഞ്ഞതല്ല. എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. പല ചിന്തകളാണ് മനസിലൂടെ കടന്നുപോകുന്നത്. അതിനാല്‍ ഞാന്‍ പുസ്തകം വായിക്കുകയോ ഓണ്‍ലൈനില്‍ ചെസ് കളിക്കുകയോ ചെയ്യുന്നു. ഓഗസ്റ്റ് 11നു ശേഷം മാത്രമാണ് എനിക്ക് ഉറങ്ങാന്‍ ആവുക", ആമിര്‍ പറഞ്ഞു.

ചിത്രത്തിനെതിരായ ബഹിഷ്കരണാഹ്വാനത്തെക്കുറിച്ച് ആമിറിന്‍റെ പ്രതികരണം ഇങ്ങനെ- "എന്‍റെ ഏതെങ്കിലും പ്രവര്‍ത്തി കൊണ്ട് ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്കതില്‍ ദു:ഖമുണ്ട്. എനിക്ക് ആരെയും വേദനിപ്പിക്കണമെന്നില്ല. ആര്‍ക്കെങ്കിലും എന്‍റെ ചിത്രം കാണണമെന്നില്ലെങ്കില്‍, ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ കൂടുതല്‍ പേര്‍ ചിത്രം കാണണമെന്നാണ് എനിക്ക്. ഞങ്ങളുടെ കഠിനാധ്വാനമാണ് ഈ ചിത്രം. സിനിമാ നിര്‍മ്മാണം ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. ഒരുപാട് മനുഷ്യരാണ് ഒരു ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ഞാന്‍ മാത്രമല്ല", ആമിര്‍ പറഞ്ഞു.

ALSO READ : ആമിര്‍ ഖാനൊപ്പം അഭിനയിക്കാൻ നാഗ ചൈതന്യക്ക് വമ്പൻ പ്രതിഫലം

2014ല്‍ പികെയുടെ വരവോടെയാണ് ആമിറിനെതിരായ സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ ചില കോണുകളില്‍ നിന്ന് ആരംഭിച്ചത്. ചിത്രം മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. തൊട്ടടുത്ത വര്‍ഷം ഒരു അഭിമുഖത്തിനിടെ ആമിര്‍ നടത്തി പ്രസ്താവനയും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. രാജ്യത്ത് നടക്കുന്ന അസ്വാസ്ഥ്യജനകമായ ചില സംഭവങ്ങള്‍ കാരണം തന്‍റെ ഭാര്യ കിരണ്‍ റാവുവിന് ഇവിടെ വിടണമെന്നുണ്ട് എന്നായിരുന്നു പ്രസ്താവന. എന്നാല്‍ കിരണ്‍ പറഞ്ഞത് തെറ്റായിപ്പോയെന്ന് പിന്നാലെ ആമിര്‍ പ്രതികരിച്ചിരുന്നു. ആമിറിന്‍റെ 2016 ചിത്രം ദംഗലിന്‍റെ റിലീസ് സമയത്തും ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനം ഉണ്ടായിരുന്നു. എന്നാല്‍ ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിമാറി ദംഗല്‍. പിന്നീട് സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തോടെ ആരംഭിച്ച ബോളിവുഡ് താരങ്ങള്‍ക്കെതിരായ ക്യാംപെയ്ന്‍ ആണ് ആമിറിനെതിരെയും നീണ്ടത്. 

click me!