
കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ആദിത്യ ധർ രൺവീർ സിംഗിനെ നായകനാക്കി ഒരുക്കിയ 'ധുരന്ധർ'. ആഗോള ബോക്സ് ഓഫീസിൽ ആയിരം കോടിയിലധികമാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മാർച്ച് 19 നാണ് 'ധുരന്ധർ 2' ആഗോള റിലീസ്. ഇപ്പോഴിതാ ധുരന്ധർ 2 ന്റെ ആദ്യ റിവ്യൂ പറഞ്ഞിരിക്കുകയാണ് ആദിത്യ ധറിന്റെ പങ്കാളിയും നടിയുമായ യാമി ഗൗതം.
"ധുരന്ധർ ഓരോ ഇന്ത്യക്കാരനേയും അഭിമാനം കൊള്ളിക്കുമെന്നായിരുന്നു എന്റെ വിശ്വാസം. ഞാനത് നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. ആർട്ടിക്കിൾ 370 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ധുരന്ധറിന്റെ സ്‌ക്രിപ്റ്റ് ഞാൻ വായിച്ചത്. വെറും 40 പേജ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ അത് വായിച്ച് എന്റെ കണ്ണ് നിറഞ്ഞു. എനിക്ക് എന്താണ് അത് വായിച്ചിട്ട് തോന്നിയതെന്ന് ആദിത്യയോട് പറയാനായി ഒരു വാക്ക് പോലും എന്നിൽ നിന്ന് പുറത്തേക്ക് വന്നില്ല. ധുരന്ധർ യാഥാർഥ്യമാക്കാൻ ആദിത്യ എത്രത്തോളം പരിശ്രമിച്ചുവെന്ന് എനിക്കറിയാം" യാമി ഗൗതം പറയുന്നു
"ധുരന്ധർ 2 ഞാൻ ഇതിനകം കണ്ടുകഴിഞ്ഞു. അസാധാരണത്തിനും അപ്പുറം എന്നേ അതിനെ വിശേഷിപ്പിക്കാൻ കഴിയൂ. ചിത്രം കണ്ട് ഞാൻ വികാരാധീനയായി. എന്റെ കണ്ണ് നിറഞ്ഞു. അന്ന് എനിക്കൊരു യാത്രയുണ്ടായിരുന്നതിനാൽ ആദിത്യയോട് ഒന്നും പറയാൻ കഴിഞ്ഞില്ല. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അന്ന് എനിക്കൊരു സ്‌ക്രിപ്റ്റ് വായിക്കാനുണ്ടായിരുന്നു. പക്ഷേ സാധിച്ചില്ല. ഞാൻ അസ്തമയ സൂര്യനേയും നോക്കി വെറുതേ ഇരുന്നു. ആദിത്യ വരുമ്പോൾ എന്താണ് പറയേണ്ടത് എന്ന് അപ്പോൾ ഞാൻ ആലോചിച്ചു. ആദിത്യ തന്റെ പ്രേക്ഷകരേയും രാജ്യത്തേയും ഒരുപാട് സ്‌നേഹിക്കുന്നു. പ്രേക്ഷകർ ഒരിക്കലും മറക്കാത്ത സിനിമാനുഭവമായിരിക്കും ധുരന്ധർ 2 ". യാമി ഗൗതം കൂട്ടിച്ചേർത്തു. ന്യൂസ് 18 റൈസിങ് ഭാരത് സമ്മിറ്റിനിടെയായിരുന്നു യാമിയുടെ പ്രതികരണം.
രൺവീർ സിംഗ്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത് എന്നിവർ അണിനിരന്നിരുന്നു. റിലീസ് ദിവസം മുതലും ഒടിടി റിലീസിന് ശേഷവും വലിയ രീതിയിൽ പോസിറ്റീവ് റിവ്യു ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ധുരന്ദർ. മൂന്നര മണിക്കൂറുള്ള സിനിമ ഒരു തരി ലാഗില്ലാതെ അവതരിപ്പിച്ചിരിക്കുന്നതിനാണ് കയ്യടി ഏറെയും. ധുരന്ധർ 2 മാർച്ച് 19 ന് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ തിയേറ്ററുകളിൽ എത്തും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ