
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായിരുന്നു സൗന്ദര്യ. 2004 ഏപ്രിൽ 17ന് ഒരു വിമാനാപകടത്തിലാണ് സൗന്ദര്യ കൊല്ലപ്പടുന്നത്. മലയാളത്തിൽ ജയറാമിന്റെ നായികയായി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനമായിരുന്നു സൗന്ദര്യ കാഴ്ച വെച്ചത്. ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോഴായിരുന്നു വിമാനാപകടം.
ഇപ്പോഴിതാ സൗന്ദര്യ വിമാനാപകടത്തിൽ കൊല്ലപ്പെടുമ്പോൾ താനും കൂടെ ഉണ്ടാവേണ്ടാതായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൗന്ദര്യയുടെ സുഹൃത്തും സഹതാരവുമായിരുന്ന മീന. തങ്ങൾക്കിടയിലുള്ള മത്സരം എപ്പോഴും ആരോഗ്യകരമായിരുന്നുവെന്നും, രാഷ്ട്രീയത്തിൽ താത്പര്യമില്ലെന്ന് പറഞ്ഞുകൊണ്ട് അന്നത്തെ പരിപാടിയിൽ നിന്നും വിട്ടുനിന്നത് കാരണം അപകടത്തിൽ നിന്നും രക്ഷപ്പെട്ടെന്നുമാണ് മീന ഓർത്തെടുക്കുന്നത്.
"ആരോഗ്യകരമായ മത്സരമായിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. സൗന്ദര്യ വളരെയധികം കഴിവുള്ളവളായിരുന്നു. എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അവളുടെ മരണവാര്‍ത്ത എന്നെ ഞെട്ടിച്ചു. ഇന്നും ആ ഞെട്ടലില്‍ നിന്നും ഞാന്‍ പൂര്‍ണ്ണമായും കരകയറിയിട്ടില്ല. അപകടം സംഭവിച്ച ദിവസം ഞാന്‍ സാന്ദര്യയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകേണ്ടതായിരുന്നു. എന്നേയും ക്ഷണിച്ചിരുന്നു. പക്ഷെ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് പ്രചരണത്തിലും താല്‍പര്യം ഇല്ലാതിരുന്നതിനാല്‍ ഞാന്‍ ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ഒഴിവായി. പിന്നെ സംഭവിച്ചത് കേട്ട് ഞാന്‍ തകര്‍ന്നുപോയി." ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു മീനയുടെ പ്രതികരണം.
2004 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സൗന്ദര്യ അന്നത്തെ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിക്കുവേണ്ടി പ്രചാരണം നടത്താൻ അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ കരിംനഗറിലേക്ക് പോകുകയായിരുന്നു സൗന്ദര്യ.
ടേക്ക് ഓഫ് ചെയ്ത് അഞ്ച് മിനുട്ടിനുള്ളില്‍ ആ ചെറുവിമാനം പൊട്ടിത്തെറിച്ച് ഒരു തീഗോളമായി ബെംഗളൂരുവിനടുത്തുള്ള കാർഷിക ശാസ്ത്ര സർവകലാശാലയുടെ ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തകർന്നുവീണു. സൗന്ദര്യ അടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അന്ന് മരണപ്പെട്ടു. സൗന്ദര്യ എന്നറിയപ്പെടുന്ന സൗമ്യ സത്യനാരായണ എന്ന നടിക്ക് മരിക്കുമ്പോൾ വെറും 32 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.