
ചെയ്യാന്‍ മനസില്‍ ആഗ്രഹമുള്ള ഒരു വെബ് സിരീസിനെക്കുറിച്ച് വ്യക്തമാക്കി സംവിധായകന്‍ പ്രിയദര്‍ശന്‍. അക്ഷയ് കുമാറിനെ നായകനാക്കി താന്‍ ഒരുക്കിയ പുതിയ ബോളിവുഡ് ചിത്രം ഭൂത് ബംഗ്ലയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറഞ്ഞത്. ഭാവിയില്‍ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു പുരാണകഥ ഉണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഏറെക്കാലമായി തന്‍റെ മനസിലുള്ള ഒരു ആഗ്രഹത്തെക്കുറിച്ച് വ്യക്തമാക്കിയത്.
ചോദ്യത്തിനുള്ള പ്രിയദര്‍ശന്‍റെ മറുപടി ഇങ്ങനെ- “ഒരു സമയത്ത് അത്തരത്തില്‍ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ച ഒന്നാണ് കൃഷ്ണഗാഥ. അത് ഒരു വെബ് സിരീസ് ആക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതി. ആ ചിന്ത ഇപ്പോഴും എന്‍റെ മനസില്‍ ഉണ്ട്. പക്ഷേ അത് എത്രത്തോളം വര്‍ക്ക് ആവുമെന്ന് എനിക്ക് അറിയില്ല”, പ്രിയദര്‍ശന്‍റെ വാക്കുകള്‍. ചിത്രീകരണത്തിനിടെ തന്നെ എപ്പോഴും ഞെട്ടിക്കാറുള്ള അക്ഷയ് കുമാറിനെക്കുറിച്ചും പ്രിയദര്‍ശന്‍ ഇതേ അഭിമുഖത്തില്‍ പറയുന്നുണ്ട്. അക്ഷയ് കുമാറുമായി ബന്ധപ്പെട്ടുള്ള ഒരു പ്രധാന ഓര്‍മ്മ എന്തെന്ന ചോദ്യത്തിനുള്ള പ്രിയദര്‍ശന്‍റെ മറുപടി ഇങ്ങനെ...
“ചില തരത്തിലുള്ള ഷോട്ടുകള്‍ എടുക്കാന്‍ അദ്ദേഹം എടുക്കുന്ന റിസ്ക് ഭയങ്കരമാണ്. ചില ഷോട്ടുകള്‍ പ്ലാന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ പറയും, വേണ്ട, ഇത് നമുക്ക് സാധ്യമായ ഒന്നല്ലെന്ന്. പക്ഷേ അത് ചെയ്യാമെന്ന് അക്ഷയ് പറയും. നമുക്ക് ഒരു ടേക്ക് എടുക്കാമെന്ന് എന്നെ ആവേശം പിടിപ്പിക്കും. ഒറ്റ ടേക്കില്‍ അദ്ദേഹം ആ ഷോട്ട് ഓകെ ആക്കുകയും ചെയ്യും. അത് അത്രയും പെര്‍ഫെക്ഷനോടെ ആയിരിക്കും അദ്ദേഹം ചെയ്യുക. ഇന്നും അദ്ദേഹത്തിന് അത്തരത്തിലുള്ള റിസ്കി ഷോട്ടുകളില്‍ അഭിനയിക്കാന്‍ സാധിക്കും. അതിനെക്കുറിച്ച് അദ്ദേഹത്തിന് വളരെ കണക്കുകൂട്ടലുകളും ഉണ്ട്. അച്ചടക്കം പുലര്‍ത്തുന്ന കാര്യത്തിലും ആരോഗ്യം പരിപാലിക്കുന്നതിലും അദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുന്നു”, പ്രിയദര്‍ശന്‍ പറയുന്നു.
അതേസമയം ഭൂത് ബംഗ്ല ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ മൂന്ന് ദിവസം കൊണ്ട് 100 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട്. പ്രിയദര്‍ശന്‍റെ നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിലെ ആദ്യ 100 കോടി ക്ലബ്ബ് നേട്ടമാണ് ഇത്. നിര്‍മ്മാതാക്കള്‍ ഇന്ന് പുറത്തുവിട്ട കണക്ക് അനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 97.75 കോടി നേടിയിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ