
ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമയില്‍ ഈ വര്‍ഷം ഉദ്ഘാടന ചിത്രമായി മലയാള സിനിമയായ 'ആട്ടം' തെരഞ്ഞെടുക്കപ്പെട്ടു. ആനന്ദ് ഏകർഷി ആണ് സംവിധായകൻ. ഇരട്ട ( രോഹിത് എംജി കൃഷ്ണൻ), കാതൽ ( ജിയോ ബേബി ), മാളികപ്പുറം ( വിഷ്ണു ശശി ശങ്കർ), ന്നാ താൻ കേസ് കൊട് ( രതീഷ് ബാലകൃഷ്ണ പൊതുവാൾ ), പൂക്കാലം ( ഗണേഷ് രാജ് ) എന്നിവയും മുഖ്യധാരാ സിനിമയിൽ 2018 ( ജൂഡ് ആന്റണി ജോസഫ്) എന്നിവയും ഫീച്ചർ സിനിമകളുടെ പട്ടികയിൽ ഇടം നേടി.
നോൺ ഫീച്ചർ സിനിമകളുടെ പട്ടികയിൽ മലയാളത്തിൽ നിന്ന് ആനന്ദ ജ്യോതി സംവിധാനം ചെയ്ത ശ്രീ രുദ്രം എന്ന ചിത്രവും ഇടം നേടിയിട്ടുണ്ട്. 25 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പ്രഖ്യാപിച്ചത്. അടുത്തമാസം 20 മുതൽ 28 വരെ ഗോവയിലാണ് 54-ാമത് ചലച്ചിത്ര മേള നടക്കുന്നത്. വലിയ വിവാദമായ ദി കേരള സ്റ്റോറി സിനിമയും പട്ടികയിലുണ്ട്.
ഫീച്ചർ ഫിലിമുകൾക്കായി മൊത്തം പന്ത്രണ്ട് ജൂറി അംഗങ്ങളും അതാത് ചെയർപേഴ്സൺമാരുടെ നേതൃത്വത്തിൽ നോൺ ഫീച്ചർ ഫിലിമുകൾക്കായി ആറ് ജൂറി അംഗങ്ങളും ഉൾപ്പെടുന്ന സിനിമാ ലോകത്തെ പ്രമുഖരാണ് ഇന്ത്യൻ പനോരമ തെരഞ്ഞെടുത്തത്. മലയാളത്തില്‍ നിന്ന് സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസൻ എടവനക്കാട് ജൂറി അംഗമാണ്.