
മുപ്പതാമത് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത ആഫ്രിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക്. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്.
ആഫ്രിക്കന്‍ ചലച്ചിത്ര ലോകത്തെ, പ്രത്യേകിച്ചും പശ്ചിമാഫ്രിക്കന്‍ സിനിമയുടെ, പ്രധാനപ്പെട്ട ശബ്ദങ്ങളിലൊന്നാണ് അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോ. 2015ല്‍ അദ്ദേഹത്തിന്റെ വിഖ്യാതചിത്രം ടിംബുക്തു കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഈ ചിത്രം മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും, ഫ്രാന്‍സിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ സീസര്‍ അവാര്‍ഡില്‍ മികച്ച ചിത്രം ഉള്‍പ്പെടെ ഏഴ് പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. 2007ല്‍ നടന്ന 60-ാമത് കാന്‍ ചലച്ചിത്രമേളയില്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ ട്രോഫി, 2012ലെ കാന്‍ മേളയില്‍ പ്രത്യേക പുരസ്‌കാരം എന്നിവ സിസ്സാക്കോയ്ക്ക് ലഭിച്ചിട്ടുണ്ട്.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കുടിയേറ്റം, ആധുനികതയുടെ പ്രതിസന്ധികള്‍, പാശ്ചാത്യ-ആഫ്രിക്കന്‍ സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടലുകള്‍, മതതീവ്രവാദത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍, ദാരിദ്ര്യം, പ്രതീക്ഷ എന്നിവയെല്ലാം അരനൂറ്റാണ്ടിനടുത്ത് നീണ്ട കരിയറില്‍ സിസ്സാക്കോയുടെ സിനിമകളുടെ മുഖ്യപ്രമേയങ്ങളായി. സൗന്ദര്യാത്മകതയുടെയും ശക്തമായ സാമൂഹിക പ്രമേയങ്ങളുടെയും സമന്വയമാണ് സിസ്സാക്കോയുടെ ചിത്രങ്ങള്‍. മനുഷ്യന്റെ അന്തസ്സും ചെറുത്തുനില്‍പ്പും അദ്ദേഹം തന്റെ കഥാപാത്രങ്ങളിലൂടെ പകര്‍ന്നുനല്‍കുന്നു.
വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മൗറിത്താനിയയിലെ കിഫയില്‍ 1961ല്‍ ജനിച്ച അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോ കുട്ടിക്കാലത്ത് മാലിയിലേക്ക് കുടിയേറി. തുടര്‍ന്ന് സിനിമാ പഠനത്തിനായി റഷ്യയിലേക്ക് പോകുകയും മോസ്‌കോവിലെ ഗെരാസിമോവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിനിമാറ്റോഗ്രാഫിയില്‍ നിന്ന് ബിരുദം നേടുകയും ചെയ്തു. 1990ല്‍ സംവിധാനം ചെയ്ത ദി ഗെയിം എന്ന ഹ്രസ്വചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. തുടര്‍ന്ന് ഒന്‍പത് ഫീച്ചര്‍ സിനിമകളും നിരവധി ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും സിസ്സാക്കോ സംവിധാനം ചെയ്തിട്ടുണ്ട്.
കരിയറിന്റെ തുടക്കം മുതല്‍ തന്നെ സിസ്സാക്കോയുടെ സിനിമകള്‍ മുന്‍നിര ചലച്ചിത്രമേളകളില്‍ ഇടംപിടിച്ചിരുന്നു. ലൈഫ് ഓണ്‍ എര്‍ത്ത്, വെയിറ്റിംഗ് ഫോര്‍ ഹാപ്പിനെസ്, ബാമാകോ എന്നിവ കാന്‍ ചലച്ചിത്രമേളയിലും, ടിംബുക്തു കാന്‍ മേളയില്‍ പ്രധാന മത്സര വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചു. ഈ ചിത്രങ്ങളെല്ലാം ആഗോളതലത്തില്‍ മികച്ച നിരൂപക പ്രശംസ നേടി. കാനില്‍ പാം ദോറിനായി മത്സരിച്ച ഏക ആഫ്രിക്കന്‍ സംവിധായകനാണ് സിസ്സാക്കോ.
30-ാമത് ഐ.എഫ്.എഫ്.കെയില്‍ അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയുടെ അഞ്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ലൈഫ് ഓണ്‍ എര്‍ത്ത് (1997), വെയിറ്റിംഗ് ഫോര്‍ ഹാപ്പിനെസ് (2002), ബമാക്കോ (2006), ടിംബുക്തു (2014), ബ്ലാക്ക് ടീ (2024) എന്നീ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2009ലാണ് ഐ.എഫ്.എഫ്.കെയില്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. മൃണാള്‍സെന്‍, ജര്‍മ്മന്‍ സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗ്, സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറ, ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബെല്ലോക്കിയോ, ഇറാന്‍ സംവിധായകരായ ദാരിയുഷ് മെഹര്‍ജുയി, മജീദ് മജീദി, ചെക് സംവിധായകന്‍ ജിറി മെന്‍സല്‍, റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സോകുറോവ്, അര്‍ജന്റീനന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ്, ഫ്രഞ്ച് സംവിധായകന്‍ ഗൊദാര്‍ദ്, ഹംഗേറിയന്‍ സംവിധായകന്‍ ബേല താര്‍, പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി, ഹോങ്കോങ് സംവിധായിക ആന്‍ ഹുയി തുടങ്ങിയവരാണ് ഇതുവരെ ഈ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റു പ്രതിഭകള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ