
മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഇന്ദ്രജിത്ത് സുകുമാരൻ (Indrajith Sukumaran birthday). കഥാപാത്രങ്ങള്‍ എന്തായാലും തന്റെ കയ്യൊപ്പ് ചാര്‍ത്തുന്ന നടനാണ് ഇന്ദ്രജിത്ത് സുകുമാരൻ. ചെറു വേഷങ്ങളാണെങ്കിലും തന്റേതാക്കി മാറ്റാനുള്ള ഇന്ദ്രജിത്തിന്റെ കഴിവ് വെള്ളിത്തിരയില്‍ പലതവണ തെളിഞ്ഞിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ പൊലീസ് കഥാപാത്രങ്ങളും മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.
'മീശമാധവൻ' എന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു ഇന്ദ്രജിത്ത് സുകുമാരന്റെ തുടക്കം (ആദ്യം റിലീസ് ചെയ്‍തത് 'ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ' ആണ്). കലിപ്പ് ലുക്കില്‍ വില്ലൻ കഥാപാത്രമായിരുന്നു ഇന്ദ്രജിത്ത് സുകുമാരന്. തൊട്ടടുത്ത വര്‍ഷത്തെ ചിത്രമായ 'റണ്‍വേ'യില്‍ (2013) 'ബാലു ദാമോദര്‍' എന്ന പൊലീസ് ഓഫീസറായും ഇന്ദ്രജിത്ത് എത്തി. അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ കാക്കിയില്‍ മികവ് കാട്ടിയ താരമാകുകയായിരുന്നു ഇന്ദ്രജിത്ത് സുകുമാരൻ.
'ഫിംഗര്‍ പ്രിന്റ്' എന്ന ചിത്രത്തിലും 'റണ്‍വേ' ഇറങ്ങി തൊട്ടടുത്ത വര്‍ഷം ഇന്ദ്രജിത്ത് സുകുമാരൻ കാക്കിയിട്ടു. ജയറാമിന് തുല്യമായ വേഷത്തില്‍ 'കിഷോര്‍ വര്‍മ' എന്ന പൊലീസ് ഓഫീസറായിരുന്നു ഇന്ദ്രജിത്തിന് . ആന്റി നാര്‍കോടിക്സ് സെല്‍ എസിപിയായി പൊലീസ് എന്ന ചിത്രത്തില്‍ അനുജൻ പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്ത് അഭിനയിച്ചു. 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലും ഇന്ദ്രജിത്തിന് കാക്കി വേഷമായിരുന്നു.
'ലെഫ്‍റ്റ് റൈറ്റ് ലെഫ്റ്റി'ല്‍ വട്ടു ജയൻ എന്ന വില്ലൻ സ്വഭാവത്തിലുള്ള പരുക്കൻ പൊലീസായിരുന്നു ഇന്ദ്രജിത്ത്. 'കുറുപ്പ്' എന്ന ദുല്‍ഖര്‍ ചിത്രത്തില്‍ ഇന്ദ്രജിത്ത് കുശാഗ്രബുദ്ധിക്കാരനായ മറ്റൊരു പൊലീസ് വേഷത്തില്‍ എത്തി. 'ഡിവൈഎസ്‍പി കൃഷ്‍ണദാസ്' ആയിട്ടുള്ള തന്റെ വേഷപകര്‍ച്ച പക്വതയോടെയായിരുന്നു ഇന്ദ്രജിത്ത് കൈകാര്യം ചെയ്‍തത്. ഇരുത്തം വന്ന പൊലീസുകാരന്റെ ഭാവത്തിലാണ് 'കുറുപ്പി'ല്‍ ഇന്ദ്രിജിത്ത്. ഇന്ദ്രജിത്ത് ഇനി പൊലീസ് വേഷത്തില്‍ എത്തുക വൈശാഖ് സംവിധാനം ചെയ്യുന്ന 'നൈറ്റ് ഡ്രൈവി'ലാണ്. ഓരോ പോലീസ് വേഷവും തന്റേതായ രീതിയില്‍ വേറിട്ടതാക്കാൻ ശ്രമിക്കുന്നുവെന്നതാണ് ഇന്ദ്രജിത്തിന്റെ പ്രത്യേകത. കഥാപാത്രവും കഥാസന്ദര്‍ഭവും ആവശ്യപ്പെടുന്ന രീതിയില്‍ ഇന്ദ്രജിത്തിന്റെ പൊലീസ് വേഷങ്ങള്‍ ഭാവം മാറുന്നതിനാലാണ് അവ ഏറ്റെടുക്കപ്പെടുന്നതും.