വിജയ് ബാബു പറഞ്ഞ സര്‍പ്രൈസ് ഇതാണ്; ഇന്ദ്രന്‍സിന്‍റെ '#ഹോം' ആമസോണ്‍ പ്രൈമില്‍

By Web TeamFirst Published Aug 10, 2021, 7:55 PM IST
Highlights

ഫിലിപ്‍സ് ആന്‍ഡ് ദി മങ്കി പെന്‍, ജോ ആൻഡ് ദി ബോയ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം

ഇന്ദ്രന്‍സിനെ നായകനാക്കി റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച '#ഹോം' ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ഈ മാസം 19നാണ് റിലീസ്. പൃഥ്വിരാജ് നായകനാവുന്ന 'കുരുതി'ക്കു ശേഷം ആമസോണ്‍ പ്രൈമിലൂടെ എത്തുന്ന മലയാള ചിത്രമാവും '#ഹോം'. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പത്താം തീയതി ഒരു പ്രധാന പ്രഖ്യാപനം വരുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ വിജയ് ബാബു നേരത്തെ അറിയിച്ചിരുന്നു. 

ഫിലിപ്‍സ് ആന്‍ഡ് ദി മങ്കി പെന്‍, ജോ ആൻഡ് ദി ബോയ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലളിതമായ ഫാമിലി ഡ്രാമയെന്നാണ് അണിയറക്കാര്‍ '#ഹോ'മിനെ വിശേഷിപ്പിച്ചിരിക്കുന്നത്. നിത്യജീവിതത്തിലെ പുതുകാല സാങ്കേതികവിദ്യകള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുന്ന 'ഒലിവര്‍' എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. മറ്റു യുവാക്കളെപ്പോലെ സദാസമയവും സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന തന്‍റെ രണ്ട് മക്കളോട് അടുപ്പം നിലനിര്‍ത്താന്‍ നിരന്തരമായി ശ്രമിക്കുകയാണ് ഒലിവര്‍. 

നാം കണ്ടു പരിചയിച്ച കഥാപാത്രങ്ങളെ കഥാകഥനത്തിലേക്ക് ശ്രദ്ധാപൂര്‍വ്വം ഉള്‍ച്ചേര്‍ത്തിരിക്കുന്ന ചിത്രമാണിതെന്ന് വിജയ് ബാബു പറയുന്നു. ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തമായ ചിത്രം ഒരുക്കാനുള്ള ശ്രമാണ് '#ഹോം' എന്ന് രചയിതാവും സംവിധായകനുമായ റോജിന്‍ തോമസ് പറയുന്നു. "അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ യുഗത്തില്‍ അറിയാതെ ഇന്‍റര്‍നെറ്റില്‍ പെട്ടുപോകുന്ന കുടുംബങ്ങളുടെ സ്പന്ദനമാണ് ചിത്രം പറയുന്നത്", റോജിന്‍റെ വാക്കുകള്‍. 

ഇന്ദ്രന്‍സിനൊപ്പം ശ്രീനാഥ് ഭാസി, വിജയ് ബാബു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മഞ്ജു പിള്ള, നെല്‍സണ്‍, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്‍റണി, പോളി വില്‍സണ്‍, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, അജു വര്‍ഗീസ്, കിരണ്‍ അരവിന്ദാക്ഷന്‍, ചിത്ര എന്നിവരും കഥാപാത്രങ്ങളായെത്തുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!