
തിരുവനന്തപുരം: നടി ശരണ്യ ശശിയുടെ സംസ്കാരചടങ്ങുകൾ പൂർത്തിയായി. തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്കാരം. ഭാരത് ഭവനിലെ പൊതുദർശനത്തിന് ശേഷമായിരുന്നു ശാന്തി കവാടത്തിലെ ചടങ്ങുകൾ. ഓഗസ്റ്റ് ഒമ്പതിന് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അർബുദ രോഗത്തോടുള്ള വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ശരണ്യ വിടവാങ്ങിയത്.
നിരവധി തവണ അർബുദത്തെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃക തന്നെയായിരുന്നു. സിനിമ – സീരിയൽ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവർ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു. ഇതിനിടയിൽ, കൊവിഡ് കൂടി വന്നതോടെ ആരോഗ്യസ്ഥിതി തീർത്തും വഷളായി.
രോഗാവസ്ഥ നിരന്തരം വേട്ടയാടുമ്പോള്‍ ചികിത്സ ലഭ്യമാക്കാന്‍ ശരണ്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുന്‍പ് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തയായിരുന്നു. കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ ശശി ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് തുടക്കമിടുന്നത്. കൂട്ടുകാരി (സൂര്യ), അവകാശികൾ (സൂര്യ) ഹരിചന്ദനം (ഏഷ്യാനെറ്റ്), ഭാമിനി തോൽക്കാറില്ല (ഏഷ്യാനെറ്റ്), മാലാഖമാർ (മഴവിൽ മനോരമ), കറുത്തമുത്ത്, രഹസ്യം തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു.
സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമേ തമിഴ് (ദൈവം തന്ത വീട്) തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു. കണ്ണൂരിലെ ജവഹർലാൽ നവോദയ വിദ്യാലയത്തിലായിരുന്നു ശരണ്യയുടെ സ്കൂള്‍ പഠനം. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്നും ലിറ്ററേച്ചറിൽ ബിരുദവും നേടിയിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ