ഇൻഡീ സ്‌ക്രീൻ; സ്വതന്ത്ര സിനിമകൾക്കായി പുതിയ ഒടിടി പ്ലാറ്റ്ഫോം

By Web TeamFirst Published Jul 27, 2020, 7:26 PM IST
Highlights

ലോകം മുഴുവനുമുള്ള സ്വതന്ത്ര സിനിമകളെ ഒരു കുടക്കീഴിൽ എത്തിക്കുക എന്നുള്ളതാണ് ഇൻഡീസ്ക്രീൻ ലക്ഷ്യം വെക്കുന്നത്.

സ്വതന്ത്ര സിനിമാ പ്രവർത്തകരുടെയും ആസ്വാ​ദകരുടെയും ജനകീയ കൂട്ടായ്‍മയായ മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (MIC) യുടെ നേതൃത്വത്തിൽ ഇൻഡീസ്ക്രീൻ എന്ന പേരിൽ പുതിയ ഒടിടി പ്ലാറ്റ്‌ഫോം വരുന്നു. മലയാളത്തിൽ നിന്നും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമുള്ള സിനിമകൾക്ക് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം ലോകം മുഴുവനുമുള്ള സ്വതന്ത്ര സിനിമകളെ ഒരു കുടക്കീഴിൽ എത്തിക്കുക എന്നുള്ളതാണ് ഇൻഡീസ്ക്രീൻ ലക്ഷ്യം വെക്കുന്നത്.

സ്വതന്ത്ര സിനിമകളുടെ ഇടം വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2019 ഡിസംബറിൽ ഒരു കൂട്ടം സ്വതന്ത്ര സിനിമാ പ്രവർത്തകർ ‌ഒത്തുചേർന്ന് MICക്ക് രൂപം നൽകുകയായിരുന്നു. ഷാജി എൻ. കരുൺ MIC യുടെ ലോഗോ പ്രകാശനം ചെയ്യുകയും അടൂർ ​ഗോപാലകൃഷ്‍ണൻ ആദ്യയോ​ഗത്തിന്റെ  ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്‍തു.  പ്ര​ഗത്ഭരും മേഖലയിലെ വിദഗ്‍ദ്ധരുമായവരുടെ ഒരു പാനൽ  തെരഞ്ഞെടുത്ത സ്വതന്ത്ര സിനിമകളാകും INDYSCREEN എന്ന OTT പ്ലാറ്റ്ഫോം അവതരിപ്പിക്കുക. ഒപ്പം സാമ്പത്തിക സമാഹരണം നടത്താൻ കഴിയുന്നതരത്തിലുള്ള പ്രദർശനങ്ങൾക്ക് പ്രയാസപ്പെടുന്ന സ്വതന്ത്ര സിനിമാ മേഖലയ്ക്ക് ഒരു സഹായമായി മാറുകയും ചെയ്യും.
INDYSCREEN OTT പ്ലാറ്റ്ഫോം ആരംഭിക്കുന്നതിനായി വേണ്ടി വരുന്ന പണം സ്വതന്ത്ര സിനിമയുടെ  സുഹൃത്തുക്കളിൽ നിന്നും സമാഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് MIC പ്രസിഡന്റ് സന്തോഷ് ബാബുസേനനും
സെക്രട്ടറി കെ പി  ശ്രീകൃഷ്‍ണനും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 2020 സെപ്റ്റംബർ ആദ്യം ഇൻഡീസ്ക്രീൻ പ്രവർത്തനം ആരംഭിക്കും.

click me!