'മരണം വരെ കമ്യൂണിസ്റ്റായിരിക്കും', അച്ഛന്‍റെ പാത പിന്തുടർന്ന ഇന്നസെന്‍റ്; ചാലക്കുടി ഹൃദയത്തിലൂടെ പാർലമെന്‍റിൽ

Published : Mar 27, 2023, 12:14 AM ISTUpdated : May 12, 2023, 04:03 PM IST
'മരണം വരെ കമ്യൂണിസ്റ്റായിരിക്കും', അച്ഛന്‍റെ പാത പിന്തുടർന്ന ഇന്നസെന്‍റ്; ചാലക്കുടി ഹൃദയത്തിലൂടെ പാർലമെന്‍റിൽ

Synopsis

മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും അടക്കം മലയാളത്തിന്‍റെ താര രാജാക്കൻമാരെല്ലാം ചാലക്കുടി ജനതയോട് ഇന്നസെന്‍റിന് വേണ്ടി വോട്ട് ചോദിക്കാനെത്തി. ഒടുവിൽ കോൺഗ്രസിന്‍റെ അന്നത്തെ കരുത്തനായ നേതാവായിരുന്ന പി സി ചാക്കോയെ ഇന്നസെന്‍റ് മുട്ടുകുത്തിച്ചു

കൊച്ചി: മലയാളക്കരയുടെ മഹാനടൻ ഇന്നസെന്‍റ് വിടവാങ്ങുമ്പോൾ രാഷ്ട്രീയ രംഗത്തെ അദ്ദേഹത്തിന്‍റെ ഇടപെടലുകളും കേരള ജനതയുടെ മനസിലേക്ക് ഇരമ്പിയെത്തും. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെങ്കൊടിക്ക് കീഴിൽ സിനിമാ നടനെന്ന ലേബലിൽ മാത്രം നടന്നു കയറിയ വ്യക്തിത്വമായിരുന്നില്ല ഇന്നസെന്‍റിന്‍റേത്. ഒരിക്കൽ ഇന്നസെന്‍റ് തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒരു വർഷം മുമ്പേ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വ്യാജ പോസ്റ്ററിനോടായിരുന്നു ഇരിങ്ങാലക്കുടയുടെ സ്വന്തം ഇന്നസെന്‍റ് അങ്ങനെ പ്രതികരിച്ചത്. 'ഒരു ആവേശത്തിന് ഞാൻ ഇടതുപക്ഷക്കാരനായി, അതെന്‍റെ തെറ്റ്' എന്ന തലക്കെട്ടോട് കൂടി ഇന്നസെന്‍റിന്‍റെ ചിത്രത്തോടെയുള്ള വ്യാജ പോസ്റ്റ് സോഷ്യൽ മീഡിയയിൽ അന്ന് വലിയ തോതിലാണ് പ്രചരിച്ചത്. മരണം വരെ ഞാൻ കമ്യൂണിസ്റ്റായിരിക്കും എന്നായിരുന്നു ഇന്നസെന്‍റ്  ഇതിനോട് പ്രതികരിച്ചത്. പോസ്റ്റർ വ്യാജമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അച്ഛൻ അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നുവെന്ന് വെളിപ്പെടുത്തിയ താരം, അച്ഛന്‍റെ രാഷ്ട്രീയത്തിന്‍റെ ചൂടറിഞ്ഞാണ് വളര്‍ന്നതും ജീവിച്ചതും എന്നും കൂടി വ്യക്തമാക്കി.

മലയാള സിനിമയിൽ അഞ്ച് പതിറ്റാണ്ടോളം നിറ സാന്നിധ്യമായിരുന്ന ഇന്നസെന്‍റ് എക്കാലത്തും താര സംഘടനയുടെ നേതൃനിരയിലും സജീവമായിരുന്നു. ഇടത് പക്ഷത്തിനൊപ്പം സഹയാത്രികനായി തുടർന്ന ഇന്നസെന്‍റിന്‍റെ പേര് പല തെരഞ്ഞെടുപ്പുകളിലും ഉയർന്നു കേട്ടിരുന്നു. ഇരിഞ്ഞാലകുടെയിലെ പഴയ പഞ്ചായത്ത് ജനപ്രതിനിധിയിൽ നിയമസഭ സ്ഥാനാർഥിയെയും ലോക് സഭ സ്ഥാനാർഥിയെയും ഇടതുപക്ഷം പലവട്ടവും കണ്ടിരുന്നു. പലപ്പോഴും സിനിമാ തിരക്ക് കാരണം ഒഴിഞ്ഞുമാറിയ ഇന്നസെന്‍റ് ഒടുവിൽ 2014 ൽ സ്ഥാനാർഥിയാകാമെന്ന് സമ്മതിക്കുകയായിരുന്നു. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഇന്നസെന്‍റിനെ മത്സര രംഗത്തിറക്കാൻ പലപ്പോഴും ശ്രമിച്ചതെന്നും ഒടുവിൽ സമ്മതിപ്പിച്ചതെന്നും മലയാളികൾ കേട്ടിട്ടുണ്ടാകും. എന്തായാലും 2014 ൽ ചാലക്കുടിയിലെ തെരഞ്ഞെടുപ്പ് ഗോദയിൽ ചാലക്കുടിയിൽ ഇറങ്ങാൻ ഇന്നസെന്‍റും സമ്മതം മൂളുകയായിരുന്നു.

അരയും തലയും മുറുക്കി ഇന്നസെന്‍റ് ഗോദയിലെത്തിയതോടെ ചാലക്കുടിയിൽ വീറും വാശിയും ഏറി. പരമ്പരാഗതമായി യു ഡി എഫിന് മുൻതൂക്കമുണ്ടായിരുന്ന ചാലക്കുടിയിലെ ചെങ്കൊടിയുടെ നിറം ഇന്നസെന്‍റ് ഒന്നുകൂടി ചുവപ്പിക്കുന്നതായിരുന്നു പിന്നീട് കണ്ടത്. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും അടക്കം മലയാളത്തിന്‍റെ താര രാജാക്കൻമാരെല്ലാം ചാലക്കുടി ജനതയോട് ഇന്നസെന്‍റിന് വേണ്ടി വോട്ട് ചോദിക്കാനെത്തി. ഒടുവിൽ കോൺഗ്രസിന്‍റെ അന്നത്തെ കരുത്തനായ നേതാവായിരുന്ന പി സി ചാക്കോയെ ഇന്നസെന്‍റ് മുട്ടുകുത്തിച്ചു. 13884 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ ഇന്നസെന്‍റ് പാർലമെന്‍റിൽ ചാലക്കുടിക്ക് വേണ്ടി മലയാളത്തിൽ സംസാരിച്ചും ശ്രദ്ധ നേടിയിരുന്നു. 2019 ൽ ബെന്നി ബഹ്നാന് മുന്നിൽ പരാജയം രുചിച്ചെങ്കിലും ചാലക്കുടിക്കാർക്കും ഇരിങ്ങാലക്കുടക്കാർക്കും ഇന്നസെന്‍റ് എന്നും എപ്പോഴും പ്രിയപ്പെട്ടവൻ തന്നെയാണ്. അതുകൊണ്ടുതന്നെ പ്രിയ താരം എന്നതിനപ്പുറം 'മരണം വരെ മാറാത്ത കമ്യുണിസ്റ്റുകാരൻ' എന്ന നിലയിൽ കൂടിയാകും അവർ ഇന്നസെന്‍റിനെ ഓ‌ർമ്മിക്കുക.

നടൻ ഇന്നസെന്‍റ് അന്തരിച്ചു; പൊതുദർശനവും സംസ്കാരവും തിങ്കളാഴ്ച

PREV
Read more Articles on
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍