
വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്‍റ്' എന്ന ചിത്രത്തിന് കാന്‍സ് ചലച്ചിത്രോത്സവത്തിലെ ഏറ്റവും വലിയ പുരസ്കാരമായ പാം ഡി ഓര്‍. വിമത ശബ്ദം ഉയര്‍ത്തിയതിന് ഇറാനിലെ ഭരണകൂടം പലകുറി തുറുങ്കിലടച്ച കലാകാരനാണ് അദ്ദേഹം. തന്‍റെ ജയിലനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പനാഹി ഒരുക്കിയിരിക്കുന്ന ചിത്രം അദ്ദേഹം ഇതുവരെ ചെയ്തതില്‍ ഏറ്റവും വ്യക്തിപരമായ ചിത്രമാണെന്നാണ് കാന്‍സില്‍ നിന്നുള്ള വിലയിരുത്തലുകള്‍.
ഏറ്റവും ഒടുവില്‍ അനുഭവിച്ച കാരാഗൃഹവാസത്തില്‍ നിന്ന് 2023 ല്‍ മോചിതനാക്കപ്പെട്ടതിന് ശേഷം ജാഫര്‍ പനാഹി ഒരുക്കിയ ചിത്രമാണ് ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്‍റ്. ജയില്‍വാസത്തിനിടെ മുഖം വ്യക്തമാക്കാതെ തങ്ങളെ പീഡിപ്പിച്ച ആളെ ഒടുവില്‍ കണ്ടെത്തിയതായി കരുതുന്ന അഞ്ച് കഥാപാത്രങ്ങളെയാണ് ചിത്രം പിന്തുടരുന്നത്. "ജയില്‍ശിക്ഷയുടെ ആദ്യ സമയത്ത് എനിക്ക് ഏകാന്ത തടവാണ് വിധിച്ചിരുന്നത്. ആ സമയക്ക് കണ്ണ് മൂടിക്കെട്ടി എന്നെ ഒരു ഭിത്തിക്ക് അഭിമുഖമായി ഇരുത്തുമായിരുന്നു. പിന്നില്‍ എന്നെ ചോദ്യം ചെയ്യുന്ന ഒരാളുടെ ശബ്ദം കേള്‍ക്കാമായിരുന്നു. രണ്ട് മുതല്‍ എട്ട് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്നതായിരുന്നു ചോദ്യംചെയ്യല്‍. ആ ശബ്ദം ആരുടേതാണെന്ന് ഞാന്‍ വിസ്മയിച്ചിട്ടുണ്ട്. ഒരിക്കല്‍ ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എന്തെങ്കിലും എഴുതുകയോ ചിത്രീകരിക്കുകയോ ചെയ്യണമെന്ന് ഞാന്‍ കരുതിയിരുന്നു", 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്‍റി'നെക്കുറിച്ച് ജാഫര്‍ പനാഹി നേരത്തെ പറഞ്ഞിരുന്നു.
യുഎസ് സ്റ്റുഡിയോ ആയ നിയോണിന്‍റെ തുടര്‍ച്ചയായ ആറാമത്തെ പാം ഡി ഓര്‍ നേട്ടം കൂടിയാണ് ഇത്. മുന്‍ വര്‍ഷങ്ങളിലെ പാം ഡി ഓര്‍ ചിത്രങ്ങളായ അനോറ, അനാട്ടമി ഓഫ് എ ഫോള്‍, ട്രയാങ്കിള്‍ ഓഫ് സാഡ്‍നസ്, ടിറ്റനെ, പാരസൈറ്റ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇവര്‍ പങ്കാളികളായിരുന്നു.
യുവാക്കിം ട്രയര്‍ സംവിധാനം ചെയ്ത നോര്‍വീജിയന്‍ കോമഡി ഡ്രാമ ചിത്രം സെന്‍റിമെന്‍റല്‍ വാല്യുവിനാണ് കാന്‍സ് ചലച്ചിത്രോത്സവത്തിലെ മറ്റൊരു പ്രധാന പുരസ്കാരമായ ഗ്രാന്‍ഡ് പ്രീ പുരസ്കാരം. ബ്രസീലിയന്‍ ചിത്രമായ ദി സീക്രട്ട് ഏജന്‍റ് ഒരുക്കിയ ക്ലിബര്‍ മെന്‍ഡോങ്ക ഫിലോ ആണ് മികച്ച സംവിധായകന്‍. ചിത്രത്തിലെ പ്രകടനത്തിന് വാഗ്നര്‍ മൗറയ്ക്കാണ് മികച്ച നടനുള്ള പുരസ്കാരം. ലിറ്റില്‍ സിസ്റ്റര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് നദിയ മെല്ലിറ്റിക്കാണ് മികച്ച നടിക്കുള്ള പുരസ്കാരം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ