ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന നാലാമത് ഷോർട്ട് ഫിലിം ഫെസ്റ്റിന് ഔദ്യോഗിക പ്രഖ്യാപനം
ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന നാലാമത് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ ഔദ്യോഗിക വിളംബരം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ വെച്ച് പ്രശസ്ത കനേഡിയൻ സംവിധായികയും സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേതാവുമായ കെല്ലി ഫൈഫ് മാർഷൽ നിർവ്വഹിച്ചു. ഹ്രസ്വ ചിത്രങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ മത്സരവേദിയായ ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിൽ ഈ വർഷം മുതൽ മികച്ച ഷോർട്ട് ഫിലിമിന് ഒന്നര ലക്ഷം രൂപയും രണ്ടാമത്തെ ചിത്രത്തിന് ഒരുലക്ഷം രൂപയും മൂന്നാമത്തെ ചിത്രത്തിന് അമ്പതിനായിരം രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് അവാർഡായി നൽകുകയെന്ന് ഡയറക്‌ടേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി ജി എസ് വിജയൻ പറഞ്ഞു.
മുഖ്യാതിഥിയായ കെല്ലി ഫൈഫ് മാർഷലിനെ ഡോ. ബിജു സദസിന് പരിചയപ്പെടുത്തി. ബ്ലാക്ക് ബോഡീസ് എന്ന ഷോർട്ട് ഫിലിമിലൂടെ രാജ്യാന്തര ചലച്ചിത്ര മേളകളിൽ ശ്രദ്ധേയയായ കെല്ലി മാർഷൽ തന്റെ ചലച്ചിത്ര അനുഭവങ്ങൾ പങ്കുവച്ചു. കമൽ, ടി കെ രാജീവ്കുമാർ, ശ്യാമപ്രസാദ്, അഴകപ്പൻ, കുക്കു പരമേശ്വരൻ, ജോഷി മാത്യു, സന്ദീപ് സേനൻ, സന്തോഷ് കീഴാറ്റൂർ, ശ്രീകുമാർ അരൂക്കുറ്റി, ബാബു പള്ളാശ്ശേരി, അൻസിബ, നീന കുറുപ്പ്, സാജു നവോദയ, വി ടി ശ്രീജിത്ത്, ഗിരിശങ്കർ, സജിൻ ലാൽ, ഔസേപ്പച്ചൻ വാളക്കുഴി, സന്തോഷ് പവിത്രം, ഉണ്ണി ശിവപാൽ, വേണു ഗോപാൽ, സിദ്ധാർഥ്, വേണു ബി നായർ, സാജിദ് യാഹിയ, അനൂപ് രവീന്ദ്രൻ, എ എസ് ദിനേശ് തുടങ്ങി ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാൽ സ്വാഗതവും ഡയറക്‌ടേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റ് വിധു വിൻസെന്റ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ഷോർട്ട് ഫിലിം കമ്മിറ്റി കൺവീനർ സലാം ബാപ്പു നന്ദി പറഞ്ഞു. ജോയിന്റ് സെക്രട്ടറി ബൈജുരാജ് ചേകവർ, നിർവ്വാഹക സമിതി അംഗങ്ങളായ മനോജ് അരവിന്ദാക്ഷൻ, വി സി അഭിലാഷ്, ജോജു റാഫേൽ, ഷിബു പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി. ഏറ്റവും മികച്ച സംവിധായകന് പതിനായിരം രൂപയും മികച്ച നടൻ, നടി, ബാലതാരം, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, എഡിറ്റർ, കലാസംവിധായകൻ, മ്യുസിക് ഡയറക്ടർ, മേക്കപ്പ് ആർട്ടിസ്റ്റ്, കോസ്റ്റ്യും ഡിസൈനർ, വിഎഫ്എക്സ് ആർട്ടിസ്റ്റ് ഉൾപ്പടെയുള്ള 12 വ്യക്തിഗത വിഭാഗങ്ങൾക്ക് അയ്യായിരം രൂപ വീതവും ശില്‍പവും പ്രശസ്തി പത്രവുമാണ് അവാർഡായി നൽകുക. ജനറൽ കാറ്റഗറി, ക്യാമ്പസ്, പ്രവാസി, എഐ ചിത്രങ്ങൾ, ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗങ്ങൾക്ക് വേണ്ടിയുള്ള വിഭാഗം എന്നിങ്ങനെ 5 കാറ്റഗറികളിൽ അവാർഡുകൾ നൽകും. വിശദ വിവരങ്ങൾക്ക് 907459044, 9544342226 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.



