സിനിമാ നിരൂപകനായ അശ്വന്ത് കോക്ക്, നെഗറ്റീവ് റിവ്യൂകളുടെ പേരിൽ തനിക്ക് ഭീഷണികളും ശാപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു. 'കാതൽ' പോലുള്ള സിനിമകളെ വിമർശിച്ചതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
സിനിമാസ്വാദകർക്കും സിനിമാ പ്രവർത്തകർക്കും പരിചിതമായ മുഖമാണ് അശ്വന്ത് കോക്കിന്‍റേത്. പലപ്പോഴും റിവ്യൂകളുടെ പേരിൽ വലിയ വിമർശനങ്ങൾ അടക്കം നേരിടേണ്ടി വന്നിട്ടുള്ള കോക്കിന് ഒരുകൂട്ടം ആരാധകരും ഫോളോവേഴ്സും ഉണ്ട്. ഇയാളുടെ റിവ്യൂസ് കണ്ട് മാത്രം സിനിമയ്ക്ക് കയറുന്നവരും ധാരാളമാണ്. ഇപ്പോഴിതാ നെഗറ്റീവ് കമന്റുകളുടെ പേരിൽ അടിക്കാൻ വന്നവർ ഉണ്ടെന്നും ശാപിച്ചവരുണ്ടെന്നും പറയുകയാണ് അശ്വന്ത് കോക്ക്.
"ഹൈലൈറ്റ് മാളിൽ വെച്ച് ഒരു മമ്മൂട്ടി ആരാധകൻ അടിക്കാൻ വന്നു. പുള്ളി നീ കോക്കല്ലേന്ന് ചോദിച്ചു. ഞാൻ അതേന്നും പറഞ്ഞു. മമ്മൂക്കയുടെ വിജയിക്കാൻ സാധ്യതയുള്ള സിനിമകൾ നെഗറ്റീവ് അടിക്കുകയും തിയറ്ററിൽ വിജയിക്കാത്ത സിനിമകൾക്ക് നീ പോസിറ്റീവും പറയുന്നുവെന്നൊക്കെ പറഞ്ഞ് പുള്ളി സംസാരിച്ചോണ്ട് നിക്കുവ. ഞാൻ ഒന്നും പറയാനും പോയില്ല. എന്നെ അടിച്ചുവെന്ന് പറഞ്ഞ് പുള്ളി ഏതൊക്കെ ഫാൻ ഗ്രൂപ്പിൽ പോയി പറഞ്ഞന്ന് തോന്നുന്നു. അങ്ങനെ ഒന്നും സംഭവിച്ചിട്ടേ ഇല്ല. അതിന് മുൻപ് ബസിൽ വച്ച് മൂന്ന് പേരെന്നെ അടിക്കണം എന്ന നിലയിൽ പ്രവോക്ക് ചെയ്തിട്ടുണ്ട്. ചില ആൾക്കാർ ശപിക്കും. നീ നശിച്ച് പോകുമെടാ, ഒരിക്കലും ഗുണംപിടിക്കില്ലെടാ എന്നൊക്കെ പറയും. നിന്നെ എവിടെ കിട്ടിയാലും പണി തരും എന്ന് പറയുന്നവരും ഉണ്ട്. നല്ല സിനിമയായിട്ടും റിവ്യൂ കൊണ്ടാണ് പരാജയപ്പെട്ടതെന്ന ചിന്ത ഉള്ളത് കൊണ്ടായിരിക്കാം അത്", എന്ന് അശ്വന്ത് പറയുന്നു.
"കാതൽ സിനിമയെ ഞാൻ ഭയങ്കരമായി നെഗറ്റീവ് പറഞ്ഞിരുന്നു. ഇയാൾക്ക് കുറച്ച് ബോധം ഉണ്ടെന്ന് വിചാരിച്ചതാണ്. ഇങ്ങനെ പറയുമെന്ന് കരുതിയില്ലെന്ന് സംവിധായകൻ തന്നെ എന്നെ കുറിച്ച് പറഞ്ഞിരുന്നു. ഒരു പ്രൊപ്പഗണ്ട സിനിമ പോലെ എനിക്ക് തോന്നി. അതാണ് എനിക്ക് ഇഷ്ടമാകാത്തത്. ടെക്നിക്കലി വീക്കായും തോന്നി. സൗദി വെള്ളക്കയെ കുറിച്ച് നെഗറ്റീവ് പറഞ്ഞപ്പോൾ തരുണിനൊക്കെ ഭയങ്കര വിഷമമായിരുന്നു", എന്നും കോക്ക് കൂട്ടിച്ചേർത്തു. താൻ പ്ലസ് ടു ഇംഗ്ലീഷ് അധ്യാപകനാണെന്നും ഇപ്പോൾ അഞ്ച് വർഷത്തെ ലീവിലാണെന്നും അശ്വന്ത് വെറൈറ്റി മീഡിയയോട് പറഞ്ഞു.



