വിസ്‍മയിപ്പിച്ച് ഇര്‍ഷാദ് അലി, ആണ്ടാളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

By Web TeamFirst Published Feb 26, 2021, 7:20 PM IST
Highlights

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് ഷെറിഫ് ഈസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മികച്ച സിനിമയ്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടിയ ഷെറിഫ് ഈസയുടെ പുതിയ ചിത്രമാണ് ആണ്ടാള്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. താരങ്ങള്‍ അടക്കമുള്ളവര്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഇര്‍ഷാദ് അലിയാണ് ചിത്രത്തില്‍ നായകനാകുന്നത്. ഇര്‍ഷാദിന്റെ വേറിട്ട വേഷമായിരിക്കും ഇത്. മികച്ച അഭിപ്രായമാണ് ഫസ്റ്റ് ലുക്കിന് ലഭിക്കുന്നത്.

മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‍കാരം ലഭിച്ച കാന്തൻ ദ ലവര്‍ ഓഫ് കളറിന്റെ സംവിധായകന്റെ പുതിയ സിനിമ കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം ഇന്ന് ജീവിക്കുന്ന ശ്രീലങ്കന്‍ തമിഴരുടെ കഥപറയുന്നതാണ്. ആയിരത്തി എണ്ണൂറുകളില്‍ ബ്രീട്ടീഷുകാര്‍ ശ്രീലങ്കയിലേക്ക് തോട്ടംതൊഴിലിനായി കൊണ്ടുപോയ തമിഴരെ 1964ല്‍ ശാസ്ത്രി-സിരിമാവോ ഒപ്പിട്ട ഉടമ്പടി പ്രകാരം മൂന്ന് തലമുറക്ക് ശേഷം കൈമാറ്റം ചെയ്‍തു. കേരളത്തിലെ നെല്ലിയാമ്പതി, ഗവി, കുളത്തുപുഴ, തുടങ്ങിയ കാടുകളിലും രാമേശ്വരം പോലുള്ള അപരിഷ്‌കൃത ഇടങ്ങളിലും അവരെ കൂട്ടത്തോടെ പുനരധിവസിച്ചു. കാടിനോടും പ്രതികൂല ജീവിത ആവാസവ്യവസ്ഥകളോടും പൊരുതി അവര്‍ അതിജീവിച്ചു. അപര്യാപ്‍തമായ പരിഗണനങ്ങള്‍ക്കപ്പുറത്ത് സ്വന്തം നാട്, മണ്ണ്, പെണ്ണ്, കുടുംബം, സ്വത്വം തുടങ്ങിയ ജീവിതബന്ധങ്ങളുടെ ശൈഥില്യങ്ങള്‍ അവരെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ജനിച്ചുകളിച്ചു വളര്‍ന്ന മണ്ണില്‍ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്ഥതകളാണ് ആണ്ടാള്‍ പറയുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ആഭ്യന്തരപ്രശ്‌നങ്ങള്‍ തൊട്ട് എല്‍ടിടിഇയും രാജീവ്ഗാന്ധിവധവും യുദ്ധവും തീവ്രവാദവും തുടങ്ങി ലോകത്തെമ്പാടും നടക്കുന്ന അഭയാര്‍ത്ഥി ജീവിതത്തിന്റെ അനുരണനങ്ങള്‍ ഏതുവിധം ശ്രീലങ്കന്‍ തമിഴനെ ബാധിക്കുന്നുവെന്ന് ചിത്രം പറയുന്നു. ധനുഷ്കോടിയും ശ്രീലങ്കയുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍.

എന്റെ ആദ്യ ചിത്രമായ കാന്തൻ - ദ ലവർ ഓഫ് കളറിൽ ഒപ്പമുണ്ടായവരെ കൂടെ നിർത്തിക്കൊണ്ട് തന്നെയാണ് ഈ സിനിമയും ചെയ്യുന്നതെന്ന് ഷെറിഫ് ഈസ പറഞ്ഞിരുന്നു.

ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം സ്വന്തമാക്കിയ സംവിധായകനാണ് ഷെറിഫ് ഈസ.

click me!