
മലയാള സിനിമാപ്രേമികളില്‍ ഏറെ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് കളങ്കാവല്‍. വീണ്ടും ഒരു നവാഗത സംവിധായകനൊപ്പം മമ്മൂട്ടി ഒരുമിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ കൗതുകങ്ങളിലൊന്ന്. മമ്മൂട്ടിക്കൊപ്പം വിനായകനും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് മറ്റൊരു കൗതുകം. ഇപ്പോഴിതാ ഭൂരിഭാഗം പ്രേക്ഷകര്‍ക്കുമുള്ള ഒരു സംശയത്തിന് മറുപടി പറയുകയാണ് മമ്മൂട്ടി. ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട അഭിമുഖത്തിലാണ് മമ്മൂട്ടി ആ ചോദ്യത്തിന് മറുപടി പറയുന്നത്. കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്‍റെ കേസുമായി ചിത്രത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് അഭിമുഖകാരി ചോദിക്കുന്നത്.
അതിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ- “സയനൈഡ് മോഹന്‍റെ കേസുമായി ഇതിന് ബന്ധമൊന്നുമില്ല. ഇതില്‍ സയനൈഡ് ഉപയോഗിക്കുന്നുണ്ട്. അത്രയേ ഉള്ളൂ. സയനൈഡ് മോഹന്‍റെ കഥയല്ല ഇത്. അതുപോലെ ഒരാള്‍ ആയിരിക്കാം. കുറേയൊക്കെ യഥാര്‍ഥ സംഭവവും കുറേയൊക്കെ യഥാര്‍ഥത്തില്‍ അല്ലാത്തതും ചേര്‍ത്താണ് ചിത്രം. രചയിതാക്കള്‍ക്ക് ചില ഇന്‍സ്പിരേഷനുകള്‍ ഉണ്ടായിട്ടുണ്ടാവാം”, മമ്മൂട്ടി പറയുന്നു. ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ ജിതിന്‍ കെ ജോസ് ആണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ആളാണ് ജിതിൻ.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന കളങ്കാവല്‍ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവലിനായി കാത്തിരിക്കുന്നത്. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. അതേസമയം ചിത്രത്തിന്‍റെ ഒറിജിനല്‍ മോഷന്‍ പിക്ചര്‍ സൗണ്ട് ട്രാക്കും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ പുറത്തെത്തിയ നിലാ കായും എന്ന ഗാനമുള്‍പ്പെടെ ചിത്രത്തിലെ അഞ്ച് ട്രാക്കുകള്‍ സ്പോട്ടിഫൈ, യുട്യൂബ് മ്യൂസിക്, പ്രൈം മ്യൂസിക് അടക്കം ഒന്‍പത് പ്ലാറ്റ്‍ഫോമുകളില്‍ നിലവില്‍ കേള്‍ക്കാനാവും. ഡിസംബര്‍ 5 നാണ് ചിത്രത്തിന്‍റെ റിലീസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ