
ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് തമിഴ് ചിത്രം ജയിലര്‍. രജനികാന്തിന്‍റെ കരിസ്മയെ പുതുകാലത്തിന് ചേര്‍ന്ന രീതിയില്‍ അവതരിപ്പിക്കുന്നതില്‍ വിജയിച്ച ചിത്രം റിലീസ് ദിനത്തില്‍ തന്നെ വലിയ അഭിപ്രായമാണ് നേടിയത്. ഒപ്പം വന്‍ ഇനിഷ്യലും. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് രണ്ടാഴ്ച കൊണ്ട് ചിത്രം 525 കോടി നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ ഇപ്പോഴും നിറഞ്ഞ സദസ്സില്‍ തുടരുകയുമാണ് ചിത്രം. ചിത്രത്തിന്‍റെ വന്‍ സാമ്പത്തിക വിജയം അണിയറക്കാര്‍ക്കൊപ്പം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്.
രജനികാന്തിന് ഇന്നലെ 100 കോടിയുടെ ചെക്കും ഒപ്പം ഒരു ബിഎംഡബ്ല്യു എക്സ് 7 കാറും സണ്‍ പിക്ചേഴ്സ് ഉടമ കലാനിധി മാരന്‍ കൈമാറിയിരുന്നു. പ്രോഫിറ്റ് ഷെയറിംഗിന്‍റെ ഭാഗമായാണ് നേരത്തെ നല്‍കിയ 110 കോടിയുടെ പ്രതിഫലം കൂടാതെ രജനിക്ക് 100 കോടി നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാറിനും ചെക്ക് കൈമാറിയിരിക്കുകയാണ് ജയിലര്‍ നിര്‍മ്മാതാവ്. സണ്‍ പിക്ചേഴ്സ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
രജനികാന്ത് എന്ന താരത്തെ കാലത്തിന് അനുയോജ്യമായി അവതരിപ്പിച്ച ചിത്രത്തിലെ മറ്റ് താരനിര്‍ണ്ണയങ്ങളും ശ്രദ്ധ നേടിയിരുന്നു. പ്രതിനായകനെ അവതരിപ്പിച്ച വിനായകന്‍, അതിഥി താരങ്ങളായി എത്തിയ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് എന്നിവരൊക്കെ കൈയടി നേടി. കേരളത്തില്‍ 50 കോടിക്ക് മുകളിലാണ് ചിത്രം ഇതിനകം കളക്റ്റ് ചെയ്തത്. മോഹന്‍ലാലിന്‍റെ സാന്നിധ്യം ചിത്രം കേരളത്തില്‍ ഇത്രയധികം കളക്ഷന്‍ നേടാന്‍ ഒരു പ്രധാന കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്. വര്‍മ്മന്‍ എന്ന പ്രതിനായകനായി വിനായകന്‍റെയും അത്യുഗ്രന്‍ പ്രകടനമാണ് ചിത്രത്തില്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക