സമീപകാല ഇന്ത്യന്‍ സിനിമയില്‍ വന്‍ വിജയം നേടിയ രണ്ട് ചിത്രങ്ങളാണ് പഠാനും ജയിലറും 

ഇന്ത്യന്‍ സിനിമകളുടെ കളക്ഷന്‍ മുന്‍പെങ്ങുമില്ലാത്ത വിധം ഉയരങ്ങളിലെത്തുന്ന കാഴ്ചയാണ് സമീപകാലത്ത് ദൃശ്യമായത്. മുന്‍പ് ബോളിവുഡിന് പ്രാപ്യമായ ഉയരങ്ങളില്‍ ഇന്ന് തെലുങ്ക്, തമിഴ്, കന്നഡ സിനിമ പോലും കളക്ഷന്‍റെ കാര്യത്തില്‍ എത്തുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ വലിയ വിജയങ്ങളിലൊന്നാണ് ജയിലര്‍. സ്വാതന്ത്ര്യദിന വാരാന്ത്യം ലക്ഷ്യമാക്കി ഓഗസ്റ്റ് 10 ന് തിയറ്ററുകളിലെത്തി ചിത്രം, നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ഓഗസ്റ്റ് 25 ന് പുറത്തുവിട്ട കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 525 കോടി ആണ്. 

ചിത്രത്തില്‍ രജനികാന്തിന് ലഭിച്ച പ്രതിഫലം 110 കോടി ആയിരുന്നെന്നാണ് റിലീസിന് മുന്‍പെ എത്തിയ റിപ്പോര്‍ട്ടുകള്‍. ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുമ്പോള്‍ സണ്‍ പിക്ചേഴ്സ് മേധാവി രജനിക്ക് ഇന്നലെ ഒരു ചെക്ക് കൈമാറിയിരുന്നു. ഇതിലെ തുക എത്രയെന്നത് ഇന്ന് പുറത്തുവന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലന്‍ പുറത്തുവിട്ട കണക്ക് പ്രകാരം 100 കോടിയുടെ ചെക്ക് ആണ് സണ്‍ പിക്ചേഴ്സ് രജനിക്ക് കൈമാറിയത്. ഒപ്പം 1.25 കോടി വില വരുന്ന ഒരു ബിഎംഡബ്ല്യു എക്സ് 7 ഉും നിര്‍മ്മാതാക്കളില്‍ നിന്ന് രജനിക്ക് ലഭിച്ചു. ഇന്നലെ ലഭിച്ച 100 കോടിയുടെ ചെക്ക് പ്രോഫിറ്റ് ഷെയറിംഗിലൂടെ രജനിക്ക് ലഭിക്കുന്ന, ചിത്രത്തിന്‍റെ ലാഭവിഹിതമാണ്. അതായത് ജയിലറിലെ അഭിനയത്തിന് രജനികാന്തിന് ആകെ ലഭിച്ചിരിക്കുന്നത് 210 കോടി രൂപയാണ്. 

കാന്‍വാസും ബജറ്റും വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സിനിമയില്‍ ബിഗ് കാന്‍വാസ് സൂപ്പര്‍താര ചിത്രങ്ങളില്‍ ആവര്‍ത്തിക്കുന്ന പ്രതിഫല രീതിയാണ് പ്രോഫിറ്റ് ഷെയറിംഗ്. ഷാരൂഖ് ഖാന്‍റെ വന്‍ വിജയം നേടിയ ചിത്രം പഠാനും ഇത്തരത്തില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ജയിലര്‍ റിലീസിന് മുന്‍പ് രജനികാന്ത് 100 കോടി വാങ്ങിയിരുന്നെങ്കില്‍ പഠാന്‍ റിലീസിന് മുന്‍പ് ഷാരൂഖ് ഖാന്‍ ഒരു രൂപ പോലും വാങ്ങിയില്ല. പ്രോഫിറ്റ് ഷെയറിംഗ് കരാര്‍ ആയിരുന്നു കിംഗ് ഖാനും നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസും തമ്മില്‍ ഉണ്ടായിരുന്നത്. 

Scroll to load tweet…

നിര്‍മ്മാതാവിന് ലഭിക്കുന്ന ലാഭത്തിന്‍റെ 60 ശതമാനം എന്നായിരുന്നു കരാര്‍. 270 കോടി ബജറ്റ് ഉണ്ടായിരുന്ന ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ ​ഗ്രോസ് കളക്ഷന്‍ 657.85 കോടിയും വിദേശത്തുനിന്ന് നേടിയത് 392.55 കോടിയുമാണ്. ആകെ 1050.40 കോടി! ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 245 കോടിയും വിദേശത്തു നിന്ന് നേടിയത് 178 കോടിയുമാണ്. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പ്പനയില്‍ നിന്ന് മറ്റൊരു 150 കോടിയും മ്യൂസിക് റൈറ്റ്സില്‍ നിന്ന് 30 കോടിയും ലഭിച്ചു. മുഴുവന്‍ വരുമാനവും പരി​ഗണിക്കുമ്പോള്‍ 270 കോടി മുടക്കിയ യാഷ് രാജ് ഫിലിംസിന് ലഭിച്ചത് 603 കോടിയാണ്. അതായത് 333 കോടി രൂപ ലാഭം! കരാര്‍ പ്രകാരം ഷാരൂഖ് ഖാന് ലഭിക്കുക 200 കോടി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതായത് ആകെ പ്രതിഫലം പരിഗണിക്കുമ്പോള്‍ ഷാരൂഖ് ഖാന് ലഭിച്ചതിനേക്കാള്‍ 10 കോടി കൂടുതലാണ് രജനികാന്തിന് ജയിലറിലൂടെ ലഭിച്ചത്.

ALSO READ : ഓണം റിലീസുകള്‍ക്ക് പിന്നാലെ 5 സിനിമകള്‍; ഈ വാരത്തിലെ പുതിയ ചിത്രങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക