ജാട്ടുകളുടെ പ്രതിഷേധം; ജയ്പൂരില്‍ 'പാനിപത്തി'ന്‍റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു

By Web TeamFirst Published Dec 9, 2019, 8:10 PM IST
Highlights

ജാട്ട് സമുദായക്കാരുടെ പ്രതിഷേധം ശക്തമായതോടെ 'പാനിപത്തി'ന്‍റെ പ്രദര്‍ശനം ജയ്പൂരിലെ തിയേറ്ററുകള്‍ നിര്‍ത്തിവെച്ചു. 

ജയ്പൂര്‍: ജാട്ട് സമുദായത്തിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് അശുതോഷ് ഗോവര്‍ക്കറുടെ ഏറ്റവും പുതിയ ചിത്രം 'പാനിപത്തി'ന്‍റെ പ്രദര്‍ശനം ജയ്പൂരിലെ തിയേറ്ററുകള്‍ നിര്‍ത്തിവെച്ചു. അഡ്മിനിസ്ട്രേഷന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പ്രദര്‍ശനം നിര്‍ത്തിയത്. പുതിയ ഉത്തരവുണ്ടാകുന്നത് വരെ ചിത്രത്തിന്‍റെ പ്രദര്‍ശനം ഉണ്ടാകില്ലെന്നാണ് സൂചന.

രാജ് മന്ദിര്‍, സിനിപൊളിസ്, ഇനോക്സ് തിയേറ്റേഴ്സ് എന്നീ തിയേറ്ററുകളിലാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം നിര്‍ത്തിവെച്ചത്. 'പുതിയ നിര്‍ദ്ദേശം ഉണ്ടാകുന്നത് വരെ ചിത്രത്തിന്‍റെ പ്രദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 12 മണിയുടെ പ്രദര്‍ശനം പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചു' - രാജ് മന്ദിര്‍ തിയേറ്ററിന്‍റെ മാനേജര്‍ അശോക് തന്‍വാര്‍ പറഞ്ഞു. 

പാനിപത്തിലെ അഭിനേതാക്കളായ അര്‍ജുന്‍ കപൂര്‍, സഞ്ജയ് ദത്ത്, കൃതി സനോണ്‍ എന്നിവര്‍ക്കെതിരെയും രാജസ്ഥാനില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭാരത്പൂര്‍ മഹാരാജ സൂരജ്മാലിന്‍റെ കഥാപാത്രത്തെ തെറ്റായി ചിത്രീകരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ജാട്ട് സമുദായക്കാര്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ഡിസംബര്‍ ആറിനാണ് 'പാനിപത്ത്' റിലീസ് ചെയ്തത്.   


 

click me!