കൊച്ചി/തിരുവനന്തപുരം: ഷെയ്ൻ നിഗം വിവാദത്തിൽ ഒത്തുതീർപ്പ് ശ്രമം പൊളിയുന്നു. താരം മാപ്പ് പറയാതെ ഇനി ചർച്ചയ്ക്കില്ലെന്ന് അമ്മയും ഫെഫ്കയും വ്യക്തമാക്കി. ഇന്ന് കൊച്ചിയിൽ നടന്ന ചർച്ചയ്ക്കിടെ ഇറങ്ങിപ്പോയ ഷെയ്ൻ പുറത്ത് നടത്തിയ പരസ്യവിമർശനത്തിലും ചർച്ചകൾ നടക്കുന്നതിനിടയിലും മന്ത്രി എ കെ ബാലനെ കാണാൻ പോയതിലും ഇരുസംഘടനകൾക്കും കടുത്ത അതൃപ്തിയുണ്ട്. റേഡിയോ പോലെ പറയുന്നതെല്ലാം കേട്ടുകൊണ്ട് നിൽക്കണ്ട സ്ഥിതിയാണ് തനിക്കെന്നാണ് ഷെയ്ൻ കൊച്ചിയിൽ പറഞ്ഞത്. ഷെയ്നിനെ കണ്ട മന്ത്രി എ കെ ബാലൻ പ്രശ്നം വഷളാക്കരുതെന്ന് സംഘടനകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പരസ്യ വിമർശനം നടത്തിയ ഷെയ്‍നിനെതിരെ നിർമാതാക്കളുടെ സംഘടനയ്ക്ക് കടുത്ത വിമർശനങ്ങളാണ് ഉന്നയിക്കാനുള്ളത്. ഇന്നത്തെ ഷെയ്‍നിന്‍റെ പ്രതികരണം ചർച്ചകളുടെ പ്രസക്തി തന്നെ നഷ്ടമാക്കി. ഇനി ഖേദം പ്രകടിപ്പിക്കാതെ വേറെ ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു.
ചർച്ച തീർത്തും ഏകപക്ഷീയമായിരുന്നെന്നും അമ്മയിലാണ് പ്രതീക്ഷയെന്നുമാണ് ചർച്ചയ്ക്ക് ശേഷം ഷെയ്ൻ നിഗം പ്രതികരിച്ചത്. റേഡിയോ പോലെ ചർച്ചയിൽ നിർമാതാക്കൾ പറയുന്നത് കേട്ടുകൊണ്ട് നിൽക്കാൻ തനിക്കാകില്ല. താൻ പറയുന്നത് നിർമാതാക്കൾ കേൾക്കാൻ തയ്യാറാകുന്നില്ലെന്നും ഷെയ്ൻ ആരോപിച്ചു.
''ഒത്തുതീർപ്പിന് തന്നെയാണ് ഞാനവിടെ പോയത്. എന്നിട്ടെന്താ സംഭവിക്കുന്നത്? നമ്മള് പറയുന്നത് അവിടെ ആരും കേൾക്കില്ല. അവര് പറയുന്നത് നമ്മള് കേട്ടോണ്ട് നിൽക്കണം. റേഡിയോ പോലെ എന്നിട്ടെല്ലാം അനുസരിക്കണം. അത് പറ്റില്ല. അമ്മ എന്‍റെ സംഘടനയാണ്. അമ്മ എനിക്ക് വേണ്ടി സംസാരിക്കുമെന്നാണ് ഞാൻ കരുതുന്നത്. അതിൽ മാത്രമാണ് എന്‍റെ ഏകപ്രതീക്ഷ. നിർമാതാക്കള് ചെയ്യാനുള്ളതൊക്കെ ചെയ്യും. എന്നിട്ട് കൂടിപ്പോയാൽ വാർത്താസമ്മേളനത്തിൽ അവര് ഖേദമറിയിച്ചേക്കും. അതുകൊണ്ട് എന്താ കാര്യം? ഇത്തവണ സെറ്റിൽപ്പോയപ്പോൾ നിർമാതാവല്ല എന്നെ ബുദ്ധിമുട്ടിച്ചത്. ആ പടത്തിന്‍റെ സംവിധായകനും ക്യാമറാമാനുമാണ്. എനിക്കും ഇതിന് തെളിവുകൾ ഉണ്ട്. അത് എവിടെ വേണമെങ്കിലും ഞാൻ പറഞ്ഞോളാം'', എന്ന് ഷെയ്ൻ നിഗം.
എന്നാൽ ഒത്തുതീർപ്പ് അടുത്തെത്തിയെന്ന തരത്തിലല്ല അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു സംസാരിച്ചത്. ''വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മോഹൻലാലിന്‍റെ സമയം തേടണം. അദ്ദേഹം വിദേശത്താണ്. എന്നിട്ട് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിക്കും. എന്നിട്ടേ വീണ്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷനോടും സംസാരിക്കാനാകൂ. അതുകൊണ്ട് മോഹൻലാൽ വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം അവെയ്‍ലബിൾ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ച് ചർച്ച ചെയ്യും. അതിൽ ഇവരെ എല്ലാവരെയും വിളിച്ച് വരുത്തും. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സംഘടനയുമായി ചർച്ച ചെയ്യാനേ താത്പര്യമുള്ളൂ എന്നാണ് എനിക്ക് മനസ്സിലാക്കാനായത്'', എന്ന് ഇടവേള ബാബു.
തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയ ഷെയ്ൻ നിഗം തിരുവനന്തപുരത്ത് സാംസ്കാരികവകുപ്പ് മന്ത്രി എ കെ ബാലനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഐഎഫ്എഫ്കെയിൽ ഷെയ്നിന്‍റെ രണ്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.
പ്രശ്നം വഷളാക്കരുത്, ഒത്തുതീർപ്പുണ്ടാക്കണം - മന്ത്രി എ കെ ബാലൻ
സർക്കാർ ഒരു പക്ഷവും പിടിക്കാനില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. ഷെയ്നിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളുണ്ടായിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചില വിവാദപരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഷെയ്ൻ പ്രശ്നത്തിൽ സർക്കാരിന്‍റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടില്ല. ഇത് അമ്മയെ അറിയിക്കും.
വ്യവസായം സംരക്ഷിക്കുന്നത്തിനുള്ള ഇടപെടൽ സർക്കാർ നടത്തും. അല്ലാതെ ഒരു പക്ഷവും പിടിക്കില്ല. ഇത് സംഘടനകൾ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. അത്തരത്തിൽ രമ്യമായി പരിഹരിക്കണം. ഷെയ്നിനെ ഭീകരവാദിയായി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ്. സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാൽ കഴിയാവുന്നത് ചെയ്യും - മന്ത്രി ബാലൻ അറിയിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ