'വിധേയന്‍ തലത്തിലുള്ള പ്രകടനമായിരിക്കും മമ്മൂക്കയുടേത്'; 'പുഴു'വിലെ കഥാപാത്രത്തെക്കുറിച്ച് ജേക്സ് ബിജോയ്

By Web TeamFirst Published Aug 14, 2021, 11:39 AM IST
Highlights

ഗംഭീര തിരക്കഥയാണ് പുഴുവിന്‍റേതെന്നും മമ്മൂട്ടി അത്തരത്തിലൊരു വേഷം ചെയ്‍തിട്ട് ഏറെ നാളുകള്‍ ആയെന്നും ജേക്സ് ബിജോയ്

മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ് 'സിബിഐ' സിരീസിലെ അഞ്ചാം ഭാഗവും നവാഗതയായ റതീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന 'പുഴു'വും. 'ഉണ്ട'യുടെ രചയിതാവ് ഹര്‍ഷദിന്‍റെ കഥയില്‍ 'പുഴു'വിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഹര്‍ഷദിനൊപ്പം സുഹാസും ഷര്‍ഫുവും ചേര്‍ന്നാണ്. ഈ രണ്ട് ചിത്രങ്ങളുടെയും സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് ജേക്സ് ബിജോയ് ആണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇപ്പോഴിതാ ഈ ചിത്രങ്ങളെക്കുറിച്ച്, പ്രത്യേകിച്ചും പുഴുവിനെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവച്ചിരിക്കുകയാണ് ഒരു അഭിമുഖത്തില്‍ ജേക്സ് ബിജോയ്.

ഗംഭീര തിരക്കഥയാണ് പുഴുവിന്‍റേതെന്നും മമ്മൂട്ടി അത്തരത്തിലൊരു വേഷം ചെയ്‍തിട്ട് ഏറെ നാളുകള്‍ ആയിട്ടുണ്ടെന്നും ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജേക്സ് പറഞ്ഞു- "പുഴുവില്‍ വര്‍ക്ക് ചെയ്യാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാന്‍. മമ്മൂക്കയുടെ അഭിനയമികവ് പ്രദര്‍ശിപ്പിക്കുന്ന ചിത്രമായിരിക്കും പുഴു. ഒരു മാസ് മമ്മൂക്കയെയല്ല ചിത്രത്തില്‍ നിങ്ങള്‍ക്ക് കാണാനാവുക. മറിച്ച് വിധേയന്‍ സിനിമയുടെയൊക്കെ തലത്തിലുള്ള പ്രകടനമായിരിക്കും", ജേക്സ് പറയുന്നു.

 

എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്യുന്ന 'സിബിഐ' സിരീസിലെ അഞ്ചാം ചിത്രവും തനിക്ക് ആകാംക്ഷയുണ്ടാക്കുന്ന പ്രോജക്റ്റ് ആണെന്ന് ജേക്സ് ബിജോയ് പറയുന്നു. "ഞാന്‍ കാത്തിരിക്കുന്ന ചിത്രമാണ് അതും. ആ സിനിമ ചെയ്യുമ്പോള്‍ മറ്റെല്ലാ ജോലികളും നിര്‍ത്തിവെക്കും. അതില്‍ മാത്രമാവും ശ്രദ്ധ".  സിബിഐ സിരീസ് ചിത്രങ്ങള്‍ക്ക് ശ്യാം നല്‍കിയ തീം മ്യൂസിക്കില്‍ അധികം മാറ്റങ്ങള്‍ വരുത്തുന്നില്ലെന്നും കാലികമാക്കാനായി ചില്ലറ വ്യത്യാസങ്ങള്‍ മാത്രമേ വരുത്തുന്നുള്ളുവെന്നും ജേക്സ് പറയുന്നു.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'സല്യൂട്ട്' ആണ് ജേക്സ് ബിജോയിക്ക് പൂര്‍ത്തിയാക്കാനുള്ള മറ്റൊരു ചിത്രം. ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസ് ആയെത്തിയ പൃഥ്വിരാജ് ചിത്രം 'കുരുതി'യുടെ സംഗീതവും അദ്ദേഹമായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!