
തമിഴില്‍ ഏറ്റവും ആരാധകരുള്ള താരത്തിന്‍റെ അവസാന ചിത്രം. വിജയ് നായകനായ ജനനായകന്‍ എന്ന ചിത്രത്തിന്മേല്‍ സൃഷ്ടിക്കപ്പെട്ട ഹൈപ്പ് അതായിരുന്നു. എന്നാല്‍ പൊങ്കല്‍ റിലീസ് ആയി എത്തേണ്ട ചിത്രം സെന്‍സര്‍ പ്രതിസന്ധികളില്‍ കുരുങ്ങി ആറ് മാസത്തിനിപ്പുറം ജൂലൈ 23 നാണ് തിയറ്ററുകളില്‍ എത്തിയത്. ഈ കാലയളവില്‍ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് കാര്യമായി പ്രചരിച്ചതും നിര്‍മ്മാതാക്കള്‍ക്ക് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഒടുവില്‍ ചിത്രം തിയറ്ററുകളില്‍ എത്തിയപ്പോഴാവട്ടെ സമ്മിശ്ര പ്രതികരണവുമായി പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ വിജയിന്‍റെ അവസാന ചിത്രമെന്ന നിലയില്‍ ജനനായകന്‍ കാണാന്‍ പ്രേക്ഷകര്‍ കൂട്ടമായി തിയറ്ററുകളിലേക്ക് ഒഴുകി. ഫലം, ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടിക്ക് മുകളില്‍ നേടി ചിത്രം. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്താന്‍ ഒരുങ്ങുകയാണ്.
ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ എത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും മറ്റൊരു പ്ലാറ്റ്‍ഫോമിലൂടെയാവും എത്തുകയെന്നാണ് ഇപ്പോള്‍ അറിയുന്നത്. സീ 5 ലൂടെ ഓഗസ്റ്റ് 21 നാവും ചിത്രം എത്തുകയെന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ല. അത് വൈകാതെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചുവെങ്കിലും വിജയിന്‍റെ അവസാന ചിത്രമെന്ന നിലയില്‍ അതിനേക്കാളൊക്കെ മുകളില്‍ കളക്ഷന് സാധ്യതയുള്ള പ്രോജക്റ്റ് എന്ന നിലയ്ക്കാണ് ഈ ചിത്രം റിലീസിന് മുന്‍പ് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ ആറ് മാസം റിലീസ് നീണ്ടതും വ്യാജ പതിപ്പ് ഇറങ്ങിയതുമൊക്കെ പരിഗണിക്കുമ്പോള്‍ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന് ആശ്വസിക്കാവുന്ന സംഖ്യ തന്നെയാണ് ഇത്.
വിജയ് നായകനായ ചിത്രത്തില്‍ പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, പ്രകാശ് രാജ്, ഗൗതം വസുദേവ് മേനോന്‍, പ്രിയാമണി, മമിത ബൈജു, നരെയ്ന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നന്ദമുരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണിത്. തിരക്കഥയും സംവിധാനവും എച്ച് വിനോദ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് പ്ലാന്‍ ചെയ്തിരുന്ന ചിത്രം സ്വാഭാവികമായും വിജയിന്‍റെ രാഷ്ട്രീയ നേട്ടത്തിന് ഉതകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ചിത്രം ഇപ്പോഴാണ് ഇറക്കാനായത് എന്നത് മറ്റൊരു കാര്യം. ഒടുവില്‍ ചിത്രം എത്തുമ്പോള്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രി കസേരയിലാണ് എന്നതും കൗതുകം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ