കാരണം വ്യക്തമാക്കാതെയാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തത്: ജെഎസ്‍കെ സംവിധായകൻ

Published : Jun 25, 2025, 09:13 AM IST
Suresh gopi, Anupama Parameswaran

Synopsis

‘വാക്കാൽ മാത്രമാണ് സിനിമയുടെ പേര് മാറ്റണമെന്ന് അറിയിച്ചിട്ടുള്ളത്.’

കാരണം വ്യക്തമാക്കാതെയാണ് സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതെന്ന് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകൻ പ്രവീൺ നാരായണൻ. വാക്കാൽ മാത്രമാണ് സിനിമയുടെ പേര് മാറ്റണമെന്ന് അറിയിച്ചിട്ടുള്ളത്. മുംബൈയിൽ നിന്നാണ് ഇക്കാര്യത്തിൽ ഒരു തടസ്സം നേരിടുന്നത്. സിനിമ കാണാതെയാണോ ബോർഡ് ഇങ്ങനെ ഒരു നിലപാട് എടുത്തതെന്ന സംശയമുണ്ട്. സിനിമയിലെ പ്രധാന കഥാപാത്രമായ സുരേഷ് ഗോപി ഇടപെടൽ നടത്തുന്നുണ്ടെന്നും റിവ്യൂ കമ്മിറ്റിയിൽ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രവീൺ നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജാനകി എന്ന പേര് സിനിമയിൽ നിന്നും മാറ്റണമെന്നാണ് സെൻസർ ബോർഡ് അണിയറ പ്രവർത്തകരോട് ആവശ്യപ്പെട്ടത്.. ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്റ പേരാണെന്നും പേര് മാറ്റണമെന്നുമാണ് സെൻസർ ബോർഡ് മുന്നോട്ട് വെച്ച നിർദ്ദേശം എന്നുമാണ് റിപ്പോര്‍ട്ട്. ജൂണ്‍ 27ന് സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് റിലീസ് അനുമതി നിഷേധിച്ചിരിക്കുന്നത്. സംവിധായകന്‍ പ്രവീണ്‍ നാരായണനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമ 27ന് തിയറ്ററുകളില്‍ എത്തില്ലെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു.

സിനിമയുടെ പേര് മാത്രമല്ല കഥാപാത്രത്തിന്റ പേരും മാറ്റണമെന്ന് കേന്ദ്ര സെൻസർ ബോഡ് പറഞ്ഞിട്ടുണ്ടെന്നാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണൻ പറഞ്ഞത്. സുരേഷ് ഗോപിയുമായി സംസാരിച്ചുവെന്നും അദ്ദേഹം നേരിട്ട് ഇടപെട്ടെന്നാണ് പറ‍ഞ്ഞതെന്നും എന്നിട്ടും മാറ്റമില്ലെന്ന് പറഞ്ഞെന്നും ബി ഉണ്ണികൃഷ്‍ണൻ പറഞ്ഞു. കേരളത്തിലെ സെൻസർ ബോർഡ് കണ്ട് പൂർണ തൃപ്തിയായ പടമാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിൽ 96 ഇടങ്ങളിൽ സുരേഷ് ​ഗോപി തന്നെ ജാനകി എന്ന പേര് പറഞ്ഞിട്ടുണ്ടെന്നും അതൊക്കെ മാറ്റാനാകുമോന്നും ഉണ്ണികൃഷ്‍ണന്‍ ചോദിക്കുന്നു. വിഷയത്തിൽ ഫെഫ്ക പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്നും ജനറൽ സെക്രട്ടറി പറ‍ഞ്ഞു.

പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ സുരേഷ്ഗോപിക്കൊപ്പം അനുപമ പരമേശ്വരനാണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ ചെയ്യുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫാനീന്ദ്ര കുമാർ ആണ്. സേതുരാമൻ നായർ കങ്കോൾ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. അനുപമ പരമേശ്വരന് പുറമേ ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍