
ഇതരഭാഷകളില്‍ നിന്നുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ കേരളത്തില്‍ നിന്ന് പണം വാരുമ്പോള്‍ മലയാള സിനിമകള്‍ക്ക് തിയറ്ററുകളില്‍ ആളെത്തുന്നില്ലെന്ന ആശങ്ക പല കോണുകളില്‍ നിന്ന് ഉയര്‍ന്നത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പായിരുന്നു. എന്നാല്‍ ആ ആശങ്ക ഇപ്പോഴില്ല. തിയറ്ററില്‍ പ്രേക്ഷകരെ നിറച്ച പല ചിത്രങ്ങള്‍ തുടര്‍ച്ചയായി മലയാളത്തില്‍ നിന്ന് എത്തി എന്നതാണ് അതിനു കാരണം. ഇപ്പോഴിതാ ആ നിരയിലെ തുടര്‍ച്ചയാവുകയാണ് വിപിന്‍ ദാസിന്‍റെ സംവിധാനത്തില്‍ ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജയ ജയ ജയ ജയ ഹേ.
റിലീസ് ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം രണ്ടാം വാരത്തില്‍ തിയറ്റര്‍ കൌണ്ട് കാര്യമായി വര്‍ധിപ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത് 150 തിയറ്ററുകളില്‍ ആയിരുന്നെങ്കില്‍ രണ്ടാം വാരത്തിലേക്ക് എത്തുമ്പോള്‍ തിയറ്ററുകളുടെ എണ്ണം 180 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. ജിസിസിയിലും മികച്ച പ്രകടനമാണ് ചിത്രം നേടുന്നത്. ഈ വാരാന്ത്യത്തിലും അടുത്ത വാരത്തിലുമായി ഇനിയും പല രാജ്യങ്ങളിലും ചിത്രം പുതുതായി പ്രദര്‍ശനത്തിന് എത്തും. മികച്ച ചിത്രമെന്ന് ഇതിനകം അഭിപ്രായം നേടിയിട്ടുള്ളതിനാല്‍ കളക്ഷനില്‍ ഇത് കാര്യമായ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ജാനെമൻ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റ് ആണ് ഈ ചിത്രത്തിന്‍റെയും നിര്‍മ്മാണം. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് നിര്‍മ്മാതാക്കള്‍. അമൽ പോൾസന്‍ ആണ് സഹനിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കലാസംവിധാനം ബാബു പിള്ള, ചമയം സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം അശ്വതി ജയകുമാർ, നിർമ്മാണ നിർവ്വഹണം പ്രശാന്ത് നാരായണൻ, മുഖ്യ സഹസംവിധാനം അനീവ് സുരേന്ദ്രൻ, ധനകാര്യം അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടൻ, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ