
ലിജോ ജോസ് പെല്ലിശ്ശേരിയും (Lijo Jose Pellissery) മമ്മൂട്ടിയും (Mammootty) ആദ്യമായി ഒരുമിക്കുന്നതിന്‍റെ പേരില്‍ വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് 'നന്‍പകല്‍ നേരത്ത് മയക്കം' (Nanpakal nerathu mayakkam). പൂര്‍ണ്ണമായും തമിഴ്നാട്ടില്‍ ചിത്രീകരിച്ച ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ പഴനി ആയിരുന്നു. മമ്മൂട്ടിയുടെ ഏറെ വ്യത്യസ്‍തമായ കഥാപാത്രമെന്ന് കരുതപ്പെടുന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ പ്രകടനത്തെക്കുറിച്ച് നടന്‍ ജയസൂര്യയുടെ (Jayasurya) വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. കൊച്ചിയില്‍ ഇന്നലെ നടന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ സല്യൂട്ട് കേരളം പുരസ്‍കാരദാന ചടങ്ങില്‍ സംസാരിക്കവെയാണ് ജയസൂര്യ ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിയുടെ സാന്നിധ്യത്തിലായിരുന്നു ജയസൂര്യയുടെ പരാമര്‍ശം.
ജയസൂര്യ പറഞ്ഞത്
എത്രയോപേരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ കൂടെയാണ് ഇന്ന് നമ്മള്‍ ഇരിക്കുന്നത്. എനിക്ക് വ്യക്തിപരമായി പറയാനുള്ളത് ഞാന്‍ ഗുരുതുല്യനായി കാണുന്ന മമ്മൂക്കയെക്കുറിച്ചാണ്. സിനിമയെന്ന പ്രണയത്തെ ആദ്യമായി ഹൃദയത്തിലേക്ക് കുത്തിവച്ചുതന്ന മനുഷ്യനാണ് അദ്ദേഹം. സിനിമയോടുള്ള സ്നേഹം എന്തായിരിക്കണം, ഓരോ കഥാപാത്രങ്ങള്‍ എങ്ങനെ ആയിരിക്കണം, എങ്ങനെയാണ് ആ പരകായ പ്രവേശം നടത്തേണ്ടത് തുടങ്ങിയ പഠനങ്ങളൊക്കെ ഇന്നും ഞാന്‍ നടത്തുന്നത് മമ്മൂക്കയെ കണ്ടാണ്. മമ്മൂക്ക കരഞ്ഞാല്‍ ഒപ്പം നമ്മളും കരയും എന്നതാണ് ആ അഭിനയത്തിലെ പ്രത്യേകത. അതിന്‍റെ അനുഭവം എനിക്കുതന്നെയുണ്ട്. ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് ഞാന്‍ കരഞ്ഞുപോയ ഒരു നിമിഷമൊക്കെ ഉണ്ടായിട്ടുണ്ട്. ഈയിടെ നടന്ന ഒരു കാര്യം പറയാം. 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിലെ ഒരു വൈകാരിക രംഗം ചിത്രീകരിക്കുകൊണ്ടിരിക്കുകയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി. ലിജോയും അസോസിയേറ്റ് ടിനു പാപ്പച്ചനും ഇറങ്ങിപ്പോയി. മമ്മൂക്ക ഇങ്ങനെ പെര്‍ഫോം ചെയ്‍തുകൊണ്ടിരിക്കുകയാണ്. അതുകഴിഞ്ഞ മമ്മൂക്ക ചോദിച്ചു, ലിജോ എവിടെപ്പോയി? ലിജോ അപ്പുറത്തേക്ക് പോയെന്ന് ആരോ പറഞ്ഞു. മമ്മൂക്ക ചെന്ന് ലിജോയോട് ചോദിച്ചു, തനിക്ക് എന്‍റെ പെര്‍ഫോമന്‍സ് ഇഷ്‍ടപ്പെട്ടില്ലേയെന്ന്. അല്ല മമ്മൂക്ക, ഞാന്‍ ഇമോഷണല്‍ ആയിപ്പോയെന്നായിരുന്നു ലിജോയുടെ മറുപടി. ഇതൊക്കെയാണ് ഞങ്ങളെപ്പോലെയുള്ള വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ പാഠപുസ്‍തകം എന്ന് പറയുന്നത്. ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നതിന് നന്ദി മമ്മൂക്ക.
താന്‍ ആരംഭിച്ച പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. സഹനിര്‍മ്മാതാവായി ലിജോ ജോസ് പെല്ലിശ്ശേരിയുമുണ്ട്. അശോകന്‍, രമ്യ പാണ്ഡ്യന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. എസ് ഹരീഷിന്‍റേതാണ് രചന. തമിഴ്നാട്ടിലെ പ്രതികൂല കാലാവസ്ഥയെ മറികടന്ന് 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ലിജോ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എസ് എന്‍ സ്വാമി- കെ മധു ടീമിന്‍റെ സിബിഐ 5 ആണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ