1400 കോടി നേടിയ ധുരന്ധറിന് ശേഷം എത്തുന്ന രണ്ടാം ഭാഗത്തില്‍ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം എത്ര?
ഇന്ത്യന്‍ സിനിമയെത്തന്നെ ഞെട്ടിക്കുന്ന വിജയമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ധുരന്ധറിന്‍റേത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 1000 കോടിക്ക് മുകളില്‍ നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 1400 കോടിക്ക് മുകളില്‍ ഫിനിഷ് ചെയ്തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത്ര വലിയ വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം മൂന്ന് മാസങ്ങള്‍ക്കിപ്പുറത്ത് എത്തുന്നു എന്നതായിരുന്നു ധുരന്ധര്‍ 2 ന്‍റെ യുഎസ്പി. ആദ്യ ഭാഗം വന്‍ വിജയം നേടിയതിനാല്‍ത്തന്നെ അതില്‍ അഭിനയിച്ച താരങ്ങള്‍ക്കെല്ലാം അതിന്‍റെ ഗുണം മുന്നോട്ടുള്ള കരിയറില്‍ ലഭിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇത്ര വലിയ വിജയം നേടിയ ഒരു ചിത്രത്തിന്‍റെ സീക്വലില്‍ അഭിനയിച്ചതിന് പ്രതിഫലത്തില്‍ എത്രത്തോളം വര്‍ധന താരങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്? നോക്കാം.
താരങ്ങളുടെ പ്രതിഫലം
ഏറ്റവും കൗതുകകരമായ വസ്തുത എന്തെന്നാല്‍ ധുരന്ധര്‍ ആദ്യ ഭാഗത്തില്‍ വാങ്ങിയ അതേ പ്രതിഫലമാണ് രണ്ടാം ഭാഗത്തില്‍ അഭിനയിച്ചതിനും എല്ലാ താരങ്ങളും വാങ്ങുന്നത്. അതായത് 1400 കോടി കളക്ഷന്‍ വന്ന ധുരന്ധറിന്‍റെ രണ്ടാം ഭാഗത്തില്‍ നായകന്‍ രണ്‍വീര്‍ സിംഗിന് ലഭിക്കുക 50 കോടി രൂപയാണ്. ആദ്യ ഭാഗത്തിലും ഇതേ പ്രതിഫലമായിരുന്നു അദ്ദേഹത്തിന്. വന്‍ വിജയം നേടുന്ന ചിത്രങ്ങളുടെ സീക്വലുകള്‍ പലപ്പോഴും പുറത്തെത്തുക വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. പക്ഷേ രണ്ട് ചിത്രങ്ങള്‍ക്കിടയിലുള്ള ഇടവേള ഇവിടെ വെറും മൂന്ന് മാസം ആണെന്ന പ്രത്യേകതയുണ്ട്. രണ്ട് ചിത്രങ്ങളുള്ള ഫ്രാഞ്ചൈസിയുടെ പ്രതിഫലം എന്ന നിലയില്‍ ഇത് ആദ്യമേ ഒപ്പിച്ച കരാര്‍ ആയിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ ഭാഗത്തില്‍ വന്‍ കൈയടി നേടിയ അക്ഷയ് ഖന്ന രണ്ടാം ഭാഗത്തില്‍ വാങ്ങുന്നത് 2.5 കോടിയാണെന്ന് റിലീസിന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇദ്ദേഹം അവതരിപ്പിച്ച റഹ്‍മാന്‍ ഡകായിറ്റ് എന്ന കഥാപാത്രം ജീവനോടെ സ്ക്രീനില്‍ എത്തുന്നില്ല. അതിനാല്‍ത്തന്നെ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടും തെറ്റായിരിക്കാന്‍ സാധ്യതയുണ്ട്. പ്രതിനായകനായ അര്‍ജുന്‍ രാംപാലിന് ഒരു കോടിയാണ് ധുരന്ധര്‍ 2 ലെ പ്രതിഫലം. മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സഞ്ജയ് ദത്തിന് 10 കോടിയും ആര്‍ മാധവന് 9 കോടിയും നായിക സാറ അര്‍ജുന് 1 കോടിയുമാണ് പ്രതിഫലം.



