
കൊച്ചി: 'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങൾ പുറത്ത് വരുമ്പോൾ പ്രതികരിച്ച് നടൻ ജയസൂര്യ. ഏഴാം തീയതി വീണ്ടും ഹാജരാകണമെന്ന സമൻസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും നുണ പ്രചരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് താനെന്നുമാണ് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചത്. 24 ന് ഹാജരാകണം എന്ന സമൻസ് കിട്ടിയപ്പോൾ ഹാജരായിരുന്നു. 29നും ഹാജരാകണം എന്ന് പറഞ്ഞു. അതിനും തങ്ങൾ ഹാജരായിരുന്നു. അല്ലാതെ ഏഴാം തീയതി വീണ്ടും ഹാജരാകാനുളള സമൻസ് ഇതുവരെയും ലഭിച്ചിട്ടില്ല.
പരസ്യ ആവിശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ആർക്കെങ്കിലും ഇന്ന് ഊഹിക്കാൻ സാധിക്കുമോ എന്ന് ജയസൂര്യ ചോദിക്കുന്നു. എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതു ഖജനാവിൽ അടയ്ക്കുന്ന ഉത്തരവാദിത്വപ്പെട്ട ഒരു സാധാരണ പൗരനാണ് താനെന്നും ജയസൂര്യ കൂട്ടിച്ചേർത്തു.
നടൻ ജയസൂര്യയ്ക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍ പുറത്ത് വന്നിരുന്നു. നടൻ ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് ഇഡി കണ്ടെത്തൽ. ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലാണ് പണം എത്തിയത്. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്നാണ് പണം എത്തിയത്. ബ്രാൻഡ് അംബാസിഡർക്കുള്ള പ്രതിഫലമാണെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി. അതേസമയം, ജയസൂര്യയുടെ ബാങ്ക് അക്കൗണ്ടുകളിൽ കൂടുതൽ പരിശോധന നടത്താനാണ് ഇഡി നീക്കം. നടനെ വീണ്ടും ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ തീരുമാനം. സാത്വിക് റഹീമിന്‍റെ പരിചയത്തിൽ കൂടുതൽ സിനിമാക്കാരുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. സാത്വികിന്‍റെ സിനിമാ ബന്ധങ്ങളിലും ഇഡി കൂടുതൽ പരിശോധന നടത്തും.
കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചത്. സേവ് ബോക്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചോയെന്നും ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയോ എന്നുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. തൃശ്ശൂർ സ്വദേശിയായ സ്വാതിക് റഹിം 2019ല്‍ തുടങ്ങിയതാണ് സേവ് ബോക്സ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭം എന്ന് വിശേഷിപ്പിച്ച ഓണ്‍ലൈന്‍ ലേല ആപ്പാണിത്. 2023ലാണ് ആപ്പിന്‍റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പിന്‍റെ ചുരുളഴിയുന്നത്. കോടികള്‍ തട്ടിയെടുത്ത കേസില്‍ സ്വാതിക് പൊലീസിന്‍റെ പിടിയിലായി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ