
തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് മലയാള സിനിമാലോകം ഏറെ കൗതുകത്തോടെ നോക്കിക്കണ്ട പ്രോജക്ട് ആയിരുന്നു 'ദൃശ്യം 2'. റെക്കോര്‍ഡ് വിജയം നേടിയ ഒരു ചിത്രത്തിന്‍റെ രണ്ടാംഭാഗം കൊവിഡ് അനന്തരം തീയേറ്ററുകള്‍ തുറക്കുമ്പോള്‍ എത്തിയാല്‍ ചലച്ചിത്രവ്യവസായത്തിന് അത് ശുഭകരമായ തുടക്കമാകുമെന്നും കരുതപ്പെട്ടു. എന്നാല്‍ പുതുവത്സരദിനത്തിലെ സര്‍പ്രൈസ് പ്രഖ്യാപനമായി ചിത്രത്തിന്‍റെ ഡയറക്ട് ഒടിടി റിലീസ് വാര്‍ത്തകളില്‍ നിറയുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ എന്നാവും ചിത്രം ആമസോണില്‍ പ്രദര്‍ശനത്തിനെത്തുക? ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ സംവിധായകന്‍ ജീത്തു ജോസഫ് ഇങ്ങനെ പറയുന്നു.
"ദൃശ്യം 2ന്‍റെ റിലീസ് റിലീസ് ജനുവരിയില്‍ നടക്കില്ല. കാരണം ജനുവരിയില്‍ ചിത്രം തയ്യാറാവുകയേ ഉള്ളൂ. ജനുവരി അവസാനത്തോടെ സിനിമ ആമസോണ്‍ പ്രൈമിന് നല്‍കും. റിലീസ് തീയ്യതി തീരുമാനിക്കേണ്ടത് ആമസോണാണ്", ജീത്തു ജോസഫ് പറയുന്നു. ചിത്രത്തിന് റെക്കോര്‍ഡ് തുകയാണ് ആമസോണ്‍ നല്‍കിയതെന്ന പ്രചരണത്തോടുള്ള ജീത്തുവിന്‍റെ പ്രതികരണം ഇങ്ങനെ.. "തുകയെക്കുറിച്ച് ഞാന്‍ ആന്‍റണിയോട് ചോദിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞിട്ടുമില്ല. അദ്ദേഹത്തിന് ഗുണം കിട്ടുന്ന, നല്ലൊരു വിലയാണെന്ന് പറഞ്ഞു. ഞാന്‍ എന്തിന് അത് ചോദിക്കണം", ജീത്തു പറയുന്നു. ഒടിടി റിലീസ് വരുന്നതുകൊണ്ട് തീയേറ്റര്‍ നശിക്കില്ലെന്നും ഒരു മാസ് സിനിമയൊന്നും തീയേറ്ററില്‍ കിട്ടുന്ന അനുഭവം തരാന്‍ ഒടിടിക്ക് കഴിയില്ലെന്നും ജീത്തു ജോസഫ് പറയുന്നു. "പക്ഷേ ഫാമിലി സിനിമകളൊക്കെ ഒടിടിയിലും ആസ്വദിക്കാനാവുമെന്നും". വ്യക്തിപരമായി താന്‍ ഒടിടിക്ക് എതിരല്ലെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ക്കുന്നു.
'ദൃശ്യം 2' ഒടിടി റിലീസിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ജീത്തു ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്
"തീയേറ്റര്‍ റിലീസ് എന്ന ആഗ്രഹത്തിന്‍റെ പുറത്തുതന്നെയാണ് സിനിമ ചെയ്തത്. പ്രഖ്യാപിച്ചതും ഷൂട്ട് തുടങ്ങിയതുമൊക്കെ അങ്ങനെ ആയിരുന്നു. കൊവിഡ് ആദ്യം ജൂണ്‍-ജൂലൈ മാസങ്ങളില്‍ തീരുമെന്നാണ് കരുതിയിരുന്നത്. പിന്നീട് അത് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ അവസാനിക്കുമെന്നും കരുതി. ഡിസംബര്‍ ആവുമ്പോഴേക്ക് പ്രശ്നങ്ങള്‍ എന്തായാലും ഒതുങ്ങുമെന്നാണ് കരുതിയത്. 'മരക്കാര്‍' മാര്‍ച്ചിലേക്കും 'ദൃശ്യം 2' ജനുവരി 26ലേക്കും റിലീസ് ചെയ്യാമെന്നാണ് ആന്‍റണി ആദ്യം പറഞ്ഞത്. വേറെയും റിലീസ് കാത്തിരിക്കുന്ന സിനിമകള്‍ ഉണ്ടല്ലോ എന്നും. പക്ഷേ കൊവിഡ് പ്രതിസന്ധി നീണ്ടുനീണ്ടുപോയി. ആമസോണ്‍ പ്രതിനിധി ആന്‍റണിയെ സമീപിച്ചു. പക്ഷേ അപ്പൊഴും ഞങ്ങള്‍ തീരുമാനം എടുത്തിരുന്നില്ല. തീയേറ്ററില്‍ റിലീസ് ചെയ്യണമെന്ന ആഗ്രഹത്തിലാണ് നമ്മളും ഇത്രനാള്‍ ഇത് ഹോള്‍ഡ് ചെയ്തത്. പക്ഷേ യുകെയില്‍ വീണ്ടും ഔട്ട്ബ്രേക്ക് ഉണ്ടാവുന്നു, വിമാനത്താവളങ്ങള്‍ അടയ്ക്കുന്നു, അങ്ങനെ വന്നപ്പോഴേക്ക് ഡിസംബറിലാണ് ഒടിടി തീരുമാനം എടുക്കുന്നത്
കാരണം മരക്കാറിന്‍റെ റിലീസ് മാര്‍ച്ചില്‍ വച്ചിരിക്കുന്നു. അതൊരു ബ്രഹ്മാണ്ഡ പടമാണ്, ഡേറ്റ് മാറ്റാന്‍ പറ്റില്ല. നമുക്ക് മുന്‍പെ ചെയ്ത ഒത്തിരി പടങ്ങള്‍ വേറെയും ഉണ്ടുതാനും. അപ്പൊ ദൃശ്യം എന്ന് റിലീസ് ചെയ്യാനാ? റിലീസ് ചെയ്താല്‍ തന്നെ ആളുകള്‍ തീയേറ്ററിലേക്ക് വരുമോ എന്ന സംശയം. ഫാമിലിയൊക്കെ ഇപ്പോഴും മടിച്ചുനില്‍ക്കുകയാ. പലരുമായിട്ടും സംസാരിക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു പേടിയുണ്ട്. തീയേറ്ററില്‍ ഇറങ്ങി നാലഞ്ച് ദിവസം കഴിയുമ്പോള്‍ ഒരു പൈറേറ്റഡ് കോപ്പി ഇറങ്ങിയാല്‍ സിനിമ തീര്‍ന്നു. അപ്പോള്‍ അത് നല്ല രീതിയില്‍ ഓണ്‍ലൈനില്‍ എന്തുകൊണ്ട് റിലീസ് ചെയ്തുകൂടാ എന്ന ആലോചന വന്നു. എന്‍റെ സിനിമയ്ക്കുവേണ്ട എല്ലാ പിന്തുണയും നല്‍കിയ നിര്‍മ്മാതാവിന്‍റെ തീരുമാനത്തെ ഞാനും പിന്തുണയ്ക്കേണ്ടതുണ്ട്. നിര്‍മ്മാതാവിന്‍റേതാണ് അന്തിമ തീരുമാനം. തീയേറ്റര്‍ റിലീസ് സാധിക്കാതെപോയതില്‍ എനിക്ക് ദു:ഖവുമുണ്ട്, അത് ആന്‍റണിക്കുമുണ്ട്. തീയേറ്ററില്‍ ആളുകളുടെ ആരവങ്ങള്‍ക്കിടയില്‍ കാണണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സാഹചര്യം അതല്ല. അപ്പൊ ഇങ്ങനെ ഒരു പ്ലാന്‍ വന്നു, ഞാനതിനെ പിന്തുണച്ചു"
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ