'ആ സന്തോഷം അനുഭവിക്കാൻ നീ ഇല്ലല്ലോ'? ചേട്ടന്റെ ഓർമദിനത്തിൽ വൈകാരിക കുറിപ്പുമായി ജിഷിൻ മോഹൻ

Published : Mar 14, 2025, 02:30 PM IST
'ആ സന്തോഷം അനുഭവിക്കാൻ നീ ഇല്ലല്ലോ'? ചേട്ടന്റെ ഓർമദിനത്തിൽ വൈകാരിക കുറിപ്പുമായി ജിഷിൻ മോഹൻ

Synopsis

'ഏട്ടാ എന്നതിനേക്കാൾ എടാ എന്ന് വിളിച്ചിരുന്ന എന്നെ സംബന്ധിച്ചിടത്തോളം അവൻ ഒരു സഹോദരൻ മാത്രമല്ല, ഒരു സുഹൃത്തുമായിരുന്നു.'

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ജിഷിൻ മോഹൻ. പലപ്പോഴും പല തുറന്നു പറച്ചിലുകളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും താരം ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചില തുറന്നുപറച്ചിലുകൾ നടത്തിയും ജിഷിൻ വാർത്താ കോളങ്ങളിൽ ഇടം പിടിച്ചു. നടി വരദയുമായുള്ള വിവാഹമോചനം മുതൽ നടി അമേയ നായർ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വരെ ജിഷിൻ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ചേട്ടന്റെ ഓർമദിനത്തിൽ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

''ഇന്ന് എന്റെ ഏട്ടന്റെ, ജിതേഷ് മോഹന്റെ ഓർമ്മദിനം. ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേക്ക് ഒരു വർഷം. ഏട്ടാ എന്നതിനേക്കാൾ എടാ എന്ന് വിളിച്ചിരുന്ന എന്നെ സംബന്ധിച്ചിടത്തോളം അവൻ ഒരു സഹോദരൻ മാത്രമല്ല, ഒരു സുഹൃത്ത് കൂടെയായിരുന്നു. ചെറുപ്പം മുതൽക്ക് തന്നെ എല്ലാ കാര്യത്തിലും മിടുക്കൻ. പഠനകാര്യത്തിൽ മാത്രമല്ല പഠനേതര കാര്യങ്ങളിലും മുൻപന്തിയിൽ. പാട്ടുപാടാനും ക്രിക്കറ്റ് കളിക്കാനും കൂടെയുള്ളവരെ രസിപ്പിക്കാനും ഒരു പ്രത്യേക കഴിവ് തന്നെ അവനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൂട്ടുകാരുടെ കാര്യത്തിൽ ഒരു ക്ഷാമവും ഉണ്ടായിരുന്നില്ല ജിതേഷിന്. കണക്കിൽ നൂറിൽ നൂറ് മാർക്ക് വാങ്ങിയിരുന്ന അവൻ പിൽക്കാലത്ത് ഒരു മാത്‍സ് ടീച്ചർ ആയത് കണക്കിനോടുള്ള ആ ഇഷ്ടം കൊണ്ട് തന്നെയാവാം. ക്രിക്കറ്റ് കളിയോടുള്ള അടങ്ങാത്ത അഭിനിവേശം അവനെ ബിസിസിഐ അമ്പയർ എന്ന നിലയിലേക്കും എത്തിച്ചു. കലയോടുള്ള ഇഷ്ടം സ്കൂൾ കലോത്സവങ്ങളിൽ ജിതേഷ് മാഷെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരാൾ ആക്കി മാറ്റി. അധ്യാപനവും സ്പോർട്സും ഒരേ പോലെ കൊണ്ടുപോയിക്കൊണ്ടിരിക്കുന്ന സമയത്ത് എപ്പോഴോ ജീവിതത്തിന്റെ താളം തെറ്റി. ബാംഗ്ലൂരിലേക്ക് കുടിയേറിയ സമയം, ഒറ്റപ്പെട്ട ജീവിതം, അനാവശ്യ കൂട്ടുകെട്ട്, എല്ലാത്തിനും സ്വന്തം ജീവൻ ബലിയായി നൽകേണ്ടി വന്നവൻ. മഞ്ഞപ്പിത്തം ബാധിച്ച് ജിതേഷ് സീരിയസ് ആയി ഹോസ്പിറ്റലിലാണ് എന്ന സന്ദേശത്തെ തുടർന്ന് ബാംഗ്ലൂരിലെത്തിയ എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്, കള്ളുകുടിക്കുമ്പോഴും കൂട്ടുകൂടുമ്പോഴും പാട്ടുപാടുമ്പോഴും പ്രോത്സാഹിപ്പിച്ച് കൂടെ നിൽക്കുന്ന ആരും, അയാൾ വീഴുമ്പോൾ കൂടെ ഉണ്ടാകില്ല എന്ന് തിരിച്ചറിവാണ്. ഞാൻ എത്താൻ കാത്തു നിന്ന പോലെ, മെഡിക്കൽ പേപ്പറുകൾ എല്ലാം എന്നെ ഏൽപ്പിച്ച് തലയൂരാൻ കാണിച്ച സ്കൂൾ മാനേജ്മെന്റിന്റെ (Bethesda International School Bangalore) ആത്മാർത്ഥതയും തിരിച്ചറിഞ്ഞ നിമിഷം. ഈ ICU ന്റെ വാതിൽ ഓരോ വട്ടം തുറക്കുമ്പോഴും നീ ആയിരിക്കും എന്ന പ്രതീക്ഷയിലാണ് ഞാനിവിടെ കിടന്നത് എന്ന് നിറകണ്ണുകളോടെ അവൻ പറഞ്ഞത് ഞാനോർക്കുന്നു.

ഒന്ന് രണ്ടാഴ്ച അമ്മയെപ്പോലും അറിയിക്കാത്ത ബാംഗ്ലൂരിലെ ട്രീറ്റ്മെന്റിനു ശേഷം കണ്ണൂരിലെ വീട്ടിലേക്ക് തിരിച്ചെത്തിയ അവനെ അപ്പോഴേക്കും കരൾ രോഗം കാർന്നു തിന്നിരുന്നു. അധികം പ്രതീക്ഷക്ക് വകയില്ലാത്ത മൂന്നു മാസത്തോളം ഉള്ള ട്രീറ്റ്മെന്റിനു ശേഷം ഒരു ദിവസം അഡ്മിറ്റ്‌ ആയ അവന്റെ കൂടെ ആശുപത്രി കിടക്കയ്ക്കരികിൽ, പ്രതികരണം ഒന്നുമില്ലാതിരുന്നിട്ടും ഒരു രാത്രി മുഴുവൻ ഞാൻ ഇരുന്ന് അവനോട് സംസാരിച്ചു. രാവിലെ അവന്റെ വരണ്ടുണങ്ങിയ ചുണ്ടിലേക്ക് ഒരു തുള്ളി വെള്ളം ഒഴിച്ച് കൊടുത്ത ഞാൻ വേദനയോടെ മനസ്സിലാക്കി, ആ ജീവൻ അവന്റെ ദേഹവും ഞങ്ങളെയും വിട്ട് പോകുകയാണെന്ന്.

ഞാൻ സീരിയൽ രംഗത്ത്, കലാരംഗത്ത് എത്തിയപ്പോൾ ഏറ്റവും സന്തോഷിച്ചത് അവനാണ്. ടെലിവിഷൻ താരങ്ങളുടെ ക്രിക്കറ്റ് ടീമിലേക്ക് സെലക്ട് ആയപ്പോൾ അവൻ പറഞ്ഞ വാക്കുകൾ... “ഞാൻ എത്തിപ്പെടണം എന്ന് വിചാരിച്ച സ്ഥലങ്ങളിലൊക്കെയാണ് നീ എത്തിപ്പെട്ടത്. നിന്നിലൂടെ ഞാനും ആ സന്തോഷം അനുഭവിക്കുന്നു”. പ്രിയപ്പെട്ട ഏട്ടാ .. ആ സന്തോഷം അനുഭവിക്കാൻ ഇപ്പോൾ നീ ഇല്ലല്ലോ എന്ന വേദനയിൽ ഞാനും, ഇടയ്ക്കിടയ്ക്ക് അബദ്ധത്തിൽ ജിതേഷേ എന്ന് എന്നെ വിളിച്ചു പോകുന്ന വേദനയിൽ നമ്മുടെ അമ്മയും കഴിഞ്ഞു പോകുന്നു. നിന്റെ കൂട്ടുകാർ അയച്ച് തരുന്ന നിന്റെ ശബ്ദത്തിൽ ഉള്ള ഗാനങ്ങളിലൂടെ നീ ഇന്നും ജീവിക്കുന്നു'', ജിഷിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Read More: 'അവൾക്കത് നന്നായി ചേർന്നു, കാണാൻ നല്ല ഭംഗിയായിരുന്നു'; ദിയയുടെ മടിസാർ സാരി ലുക്കിനെക്കുറിച്ച് അഹാന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'