
കോഴിക്കോട്: വ്യവസ്ഥാപിത ചലച്ചിത്ര സങ്കൽപ്പങ്ങളെയും സാമൂഹിക സദാചാര മൂല്യങ്ങളെയും വെല്ലുവിളിച്ച ജോൺ എബ്രഹാമിന്റെ സ്മരണാർത്ഥം കോഴിക്കോട് സംഘടിപ്പിച്ച ഏകദിന ചലച്ചിത്രമേള വൻ വിജയം. ഗുഫ്തുഗു കളക്ടീവും എം.എൻ വിജയൻ സാംസ്‌കാരിക കേന്ദ്രവും സംയുക്തമായിട്ടായിരുന്നു 'ജോൺ എബ്രഹാം; ഒഡേസ മുതൽ കാൻ വരെ' എന്ന പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ നടന്ന ജോൺ എബ്രഹാം സിനിമകളുടെ പ്രദർശനം ജനകീയ പങ്കാളിത്തത്താൽ ശ്രദ്ധേയമായിരുന്നു.
ജോൺ എബ്രഹാം സിനിമകളെ ചർച്ച ചെയ്യാൻ മലയാളികൾ മടുക്കുന്നുണ്ടോ എന്ന തരത്തിൽ പരിപാടിയുടെ അനുസ്മരണ യോഗത്തിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു. പൂജ ചെയ്യാൻ നമ്പൂതിരിയുണ്ട് എന്ന് പറയുംപോലെ, ജോൺ എബ്രഹാമിനെ ചർച്ച ചെയ്യാൻ ഒരുവിഭാഗം ബുദ്ധിജീവികൾ മതിയെന്നൊരു ധാരണയുണ്ട് എന്നായിരുന്നു ചലച്ചിത്രപ്രവർത്തക ദീദി ദാമോദരന്റെ വിമർശനം. അതേസമയം, ജോൺ തുടക്കമിട്ട സിനിമ സംസ്കാരം ഇന്നും തുടരുന്നതിന്റെ തെളിവാണ് ഗുഫ്തുഗു കളക്ടീവ് സംഘടിപ്പിച്ച പരിപാടിയെന്ന് സിനിമ സംവിധായകൻ പ്രതാപ് ജോസഫും അഭിപ്രായപ്പെട്ടു.
അഗ്രഹാരത്തിൽ കഴുത, 'അമ്മ അറിയാൻ ഉൾപ്പെടെയുള്ള ജോണിന്റെ വിഖ്യാത ചിത്രങ്ങളും ജോൺ എന്ന ഡോക്യൂമെന്ററിയും ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു. ജോൺ ഡോക്യൂമെന്ററിയുടെ സംവിധായകൻ പ്രേംചന്ദ്, ചലച്ചിത്ര- സാമൂഹ്യ പ്രവർത്തകരെ അനിത ബാബു, സക്കറിയ മാത്യു, യൂനസ് മുസ്ലിയാരകത്ത്, ജെന്നി വടകര, മുഹമ്മദ് ഷുഹൈബ് എന്നിവരും പരിപാടിയുടെ ഭാഗമായിരുന്നു. കോഴിക്കോടിന് പുതിയ സിനിമ സംസ്കാരം പരിചയപ്പെടുത്തിയ കൂട്ടായ്മയാണ് ഗുഫ്തുഗു കളക്ടീവ്. അവരും എം എൻ വിജയൻ സാംസ്‌കാരിക കേന്ദ്രവും ചേർന്നുനടത്തിയ രണ്ടാമത്തെ ചലച്ചിത്രമേളയാണ് ജോൺ എബ്രഹാം ഫിലിം ഫെസ്റ്റ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ