'ഗിരിയേട്ടന'ല്ല ഇക്കുറി മറ്റൊരു കഥാപാത്രം; 'പണി 2' ന്‍റെ പേര് പ്രഖ്യാപിച്ച് ജോജു ജോര്‍ജ്

Published : Jul 17, 2025, 09:05 AM IST
joju george announced title of pani 2 movie

Synopsis

2024 ഒക്ടോബറിലാണ് 'പണി' തിയറ്ററുകളില്‍ എത്തിയത്

സംവിധായകരായി എത്തിയ അഭിനേതാക്കളില്‍ അരങ്ങേറ്റ ചിത്രം കൊണ്ടുതന്നെ മികച്ച അഭിപ്രായം നേടിയ ആളാണ് ജോജു ജോര്‍ജ്. ജോജുവിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന പണി എന്ന ചിത്രം 2024 ഒക്ടോബറിലാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. മറുഭാഷകളിലും ചിത്രം തിയറ്ററുകളില്‍ എത്തിയിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുമെന്ന് ജോജു ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു. ഡിസംബര്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും. ഇപ്പോഴിതാ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് ജോജു. ഡീലക്സ് എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍.

ഉര്‍വശിയുടെ നായകനായി താന്‍ എത്തുന്ന ആശ എന്ന ചിത്രത്തിന്‍റെ ഇന്നലെ നടന്ന പൂജ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ജോജു പണി 2 ന്‍റെ യഥാര്‍ഥ ടൈറ്റില്‍ പ്രഖ്യാപിച്ചത്. പണിയുമായി പുതിയ ചിത്രത്തിന് ബന്ധമില്ലെന്നും വേറെ തന്നെ സിനിമയാണെന്നും ജോജു ചോദ്യങ്ങളോട് പ്രതികരിച്ചു. നായക കഥാപാത്രത്തിന്‍റെ പേര് ഡീലക്സ് ബെന്നി എന്നായതുകൊണ്ട് പടത്തിന് ഡീലക്സ് എന്ന് പേരിട്ടതാണ്, ജോജു ജോര്‍ജ് പറഞ്ഞു. ഗിരിയേട്ടന്‍ എന്ന് അടുപ്പക്കാര്‍ വിളിക്കുന്ന ഗിരി എന്ന കഥാപാത്രത്തെയാണ് പണിയില്‍ ജോജു അവതരിപ്പിച്ചത്.

ജോജു നായക കഥാപാത്രത്തെ അവതരിപ്പിച്ച പണിയില്‍ മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മുന്‍ ബിഗ് ബോസ് താരങ്ങളായ സാഗര്‍ സൂര്യയും ജുനൈസ് വി പിയും ആയിരുന്നു. പണി ഫ്രാഞ്ചൈസിയില്‍ മൂന്ന് ഭാഗങ്ങള്‍ എങ്കിലും ഉണ്ടായിരിക്കുമെന്ന് ജോജു ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു. പണി 2 ആദ്യ ഭാഗത്തേക്കാൾ തീവ്രത കൂടിയ കഥയായിരിക്കുമെന്നും ഒന്നാം ഭാഗവുമായി അടുത്ത ഭാഗങ്ങൾക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. "എല്ലാം പുതിയ അഭിനേതാക്കളും പുതിയ സ്ഥലവും പുതിയ കഥയും ആയിരിക്കും. രണ്ടാം ഭാഗത്തിന്‍റെ തിരക്കഥ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പ്രധാനമായും പുതുമുഖങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുക. പണി മൂന്നാം ഭാഗം മറ്റ് രണ്ട് ഭാഗങ്ങളേക്കാള്‍ തീവ്രതയുള്ള സിനിമയായിരിക്കും. അതിലും പുതുമുഖങ്ങൾക്കാണ് മുൻഗണന", ജോജു അറിയിച്ചിരുന്നു.

അഭിനയ നായികയായി എത്തിയ പണിയില്‍ ഗായിക അഭയ ഹിരണ്‍മയിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങിയ സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തിയ ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്