
വിനീത് ശ്രീനിവാസന്‍റെ കൈപിടിച്ച് മലയാള സിനിമാ ലോകത്തേക്കെത്തിയ രണ്ട് പേർ. ഒരാള്‍ സോഫ്റ്റ് വെയർ എഞ്ചിനീയർ ജോലിവിട്ട് വന്നപ്പോള്‍ മറ്റൊരാള്‍ എച്ച്.ആർ മാനേജർ ജോലി ഉപേക്ഷിച്ച് സിനിമയിലേക്കെത്തി. ഇരുവരുടേയും ആദ്യ ചിത്രം പിറന്നിട്ട് ഇന്നേക്ക് 15 വർഷങ്ങൾ പൂർത്തിയാവുകയാണ്. പ്രകാശന്‍റേയും കുട്ടുവിന്‍റേയും സ്വന്തം 'മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്' പിറന്നതിന്‍റെ പതിനഞ്ചാം വാർഷികം.
പൊൻതിളക്കമുള്ള ഈ ദിനത്തിൽ ആ 'പ്രകാശനും കുട്ടുവും' ഒരുമിക്കുന്ന പത്താമത്തെ ചിത്രമായ 'സർവ്വം മായ'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. നീണ്ട പതിനഞ്ച് വർഷങ്ങൾ, പത്ത് ചിത്രങ്ങള്‍... സിനിമാലോകത്തെ നർമ്മം നിറഞ്ഞ മികച്ച കൂട്ടുകെട്ടിലൊന്നായ നിവിൻ പോളി - അജു വർഗ്ഗീസ് കൂട്ടുകെട്ടിനും ഇന്നേക്ക് പതിനഞ്ച് വർഷമാവുകയാണ്. സമാനതകളില്ലാത്ത ഇവരുടെ സൗഹൃദത്തിന്‍റേയും വാർഷികമാണിന്ന്.
മലർവാടി ആർട്സ് ക്ലബ്ബ്, തട്ടത്തിൻ മറയത്ത്, നേരം, ഓം ശാന്തി ഓശാന, ഒരു വടക്കൻ സെൽഫി, ജേക്കബിന്‍റെ സ്വർഗ്ഗരാജ്യം, ഹേ ജൂഡ്, ലവ് ആക്ഷൻ ഡ്രാമ, സാറ്റർഡേ നൈറ്റ് തുടങ്ങി ഇരുവരും ഒരുമിച്ചെത്തിയ ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ചത് ടോട്ടൽ ഫൺ ഫാമിലി എന്‍റർടെയ്നർ സിനിമകളായിരുന്നു. ഇരുവരുടേയും ഓൺ സ്ക്രീൻ കെമിസ്ട്രിക്ക് അന്നും ഇന്നും ഒട്ടേറെ ആരാധകരുണ്ട്. ഏത് പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന അസാധ്യ അഭിനയ മികവ് രണ്ടുപേർക്കും കൈമുതലായുണ്ട്.
'മലർവാടി'യിൽ തുടങ്ങിയ കൂട്ടുകെട്ട് പിന്നീടുവന്ന ചിത്രങ്ങളിലൊക്കെയും തുടർന്നപ്പോള്‍ പ്രേക്ഷകർ നിവിനേയും അജുവിനേയും നെഞ്ചിലേറ്റുകയായിരുന്നു. 'തട്ടിൻ മറയത്തി'ലെ വിനോദും അബുവും യുവത്വത്തിന്‍റെ ഹരമായി മാറി. 'ഓം ശാന്തി ഓശാന'യിലെ പ്രസാദ് വർക്കിയേയും ഡേവിഡ് കാഞ്ഞാണിയേയും മറക്കാനാകുമോ. 'ഒരു വടക്കൻ സെൽഫി'യിൽ ഉമേഷും ഷാജിയുമായി വേറിട്ട് നിൽക്കുന്ന പ്രകടനത്തിലൂടെ ഇരുവരും വീണ്ടുമെത്തി. 'ലവ് ആക്ഷൻ ഡ്രാമ'യിൽ ദിനേശനും വസിഷ്ട്ടും അവരുടെ കുടുക്കുപൊട്ടിയ കുപ്പായവും കുഞ്ഞുകുട്ടികളുടെ വരെ പ്രിയം നേടി.
മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചെത്തുന്ന ഒരു സിനിമ ഇറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്. പുതിയ കാലത്തിന്‍റെ മാറ്റങ്ങള്‍ക്കൊപ്പം പുത്തൻ ലുക്കിൽ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചെത്തുമ്പോള്‍ പ്രതീക്ഷയേറെയാണ്. പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'പാച്ചുവും അത്ഭുത വിളക്കും' എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'സർവ്വം മായ' ഫാന്‍റസി കോമഡി ജോണറിലാണ് എത്തുന്നത് എന്നതിനാൽ തന്നെ കൗതുകത്തോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകനായ സത്യൻ അന്തിക്കാടിന്‍റെ മകൻ അഖിൽ സത്യനോടൊപ്പം ഇതാദ്യമായി നിവിൻ പോളിയും അജു വർഗ്ഗീസും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇവരെ കൂടാതെ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലീം, പ്രീതി മുകുന്ദൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഫയർ ഫ്ലൈ ഫിലിംസിന്‍റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റർ: അഖിൽ സത്യൻ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ് എൽ.എൽ.പി, പി.ആർ.ഒ: ഹെയിൻസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ