
കൊച്ചി: തന്‍റെ രീതിയില്‍ ഏതു തരം വേഷങ്ങളും ചെയ്യാൻ പ്രാപ്തനായ ഒരു നടൻ. സഹനടനായും, സ്വഭാവനടനായും, ഹാസ്യനടനായും ഒക്കെ വെള്ളിത്തിരയിൽ പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങൾ ചെയ്ത ജോജു ജോർജ് ഇതാ മറ്റൊരു വേഷം കൂടി അണിയുകയാണ്. കരിയറിൽ ഇരുപത്തിയെട്ടാമത്തെ വർഷത്തിലെത്തി നിൽക്കുമ്പോൾ ആദ്യമായി സംവിധായകനാകുകയാണ് ജോജു ജോർജ്ജ്. സ്വന്തം രചനയിൽ ആദ്യ സംവിധാനസംരഭവുമായി എത്തുന്നതിന്റെ അടങ്ങാത്ത ആവേശത്തിലാണ് ജോജു ജോർജ്ജ്.
"അഭിനയം ഞാൻ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ്, കുറച്ചു ഒരുപാട് ടെൻഷൻ നിറഞ്ഞ സമയങ്ങളിലൂടെ കടന്നു പോയെങ്കിലും സംവിധാനവും അത് പോലെ ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നതും''- ജോജുവിന്റെ വാക്കുകളിൽ തന്റെ അഭിനയം നൽകുന്ന ഗ്യാരന്റി താൻ സംവിധാനം ചെയ്ത ഈ സിനിമക്കും ഉണ്ടെന്ന് ഉറപ്പിച്ചു പറയുന്നു
1995 ൽ 'മഴവിൽ കൂടാരം' എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമാരംഗത്തേക്ക് എത്തിയ ജോജു ജോർജ് എന്ന നടൻ കടന്നു വന്ന വഴികൾ ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ, ചെറിയ വേഷങ്ങളിലൂടെ നായകന്മാർക്ക് പുറകിലും സൈഡിലും എതിരെയും നിന്ന ഒരുപിടി ചിത്രങ്ങൾ. എന്നാൽ 28 വർഷത്തെ അഭിനയ ജീവിതം പൂർത്തിയാക്കുമ്പോൾ, അന്നത്തെ നായകന്മാർക്കൊപ്പം നിന്ന ആ ജൂനിയർ ആർട്ടിസ്റ്റ് ഇന്ന് മുൻനിര നായകനായും, ഗായകനായും, നിർമ്മാതാവായും മലയാള സിനിമയിൽ തന്റെ പേര് സുവർണ്ണ ലിപികൾ കൊണ്ട് എഴുതി ചേർക്കുകയായിരുന്നു.
സഹനടനായും മറ്റും അഭിനയം തുടരുന്നതിനിടയിൽ 2018 ൽ പുറത്തിറങ്ങിയ 'ജോസഫ്' എന്ന സിനിമയാണ് ജോജുവിന്റെ കരിയറിൽ വഴിത്തിരിവാകുന്നത്. അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വെച്ച ചിത്രം ബോക്സ്ഓഫീസിൽ മിന്നും വിജയം നേടുകയും ചെയ്തു. ജോജുവിന്റെ പൊട്ടൻഷ്യൽ എത്രത്തോളമുണ്ടെന്ന് പ്രേക്ഷകർക്ക് അറിയാമെങ്കിലും ജോസഫിലെ ടൈറ്റിൽ റോൾ അതിന്റെ പാരമ്യത്തിൽ തൊടുന്നതായിരുന്നു. തുടർന്ന് സൈക്കോളജിക്കൽ ഡ്രാമ ചിത്രം 'ചോല'യിലെ പ്രകടനം വീണ്ടും മലയാളി പ്രേക്ഷകർക്കിടയിൽ ജോജുവിന്റെ സ്ഥാനം അരക്കിട്ടു ഉറപ്പിക്കുകയും ചെയ്തു.
'ജോസഫ്', 'ചോല' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച സ്വഭാവനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും (ജോസഫ്) ലഭിച്ചു. നിരവധി പുരസ്‌കാരങ്ങളാണ് 'ജോസഫിൽ' ജോജുവിനെ തേടിയെത്തിയത്. അഭിനയത്തിന് പുറമെ മികച്ച സിനിമകളുടെ നിർമ്മാതാവാകാനും ജോജുവിന് കഴിഞ്ഞു.
ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രതീക്ഷയും ആവേശവും പ്രേക്ഷകർക്കും കുറച്ചൊന്നുമല്ല. 'പണി' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം 100 ദിവസത്തെ ഷൂട്ട് തൃശൂരിലും ചുറ്റുവട്ടത്തുമാണ് ചിത്രീകരണം നടന്നത്. . പണി'യിൽ ജോജു തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. അഭിനയയാണ് നായിക. ഒപ്പം ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവർക്കൊപ്പം ഒരു വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്.
ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ