Joju George|'റോഡിന് നടുവിൽ വണ്ടിയിട്ടിട്ട് ഇവർ സെൽഫിയെടുക്കുകയായിരുന്നു', വിശദീകരിച്ച് ജോജു ജോര്‍ജ്- വീഡിയോ

Web Desk   | Asianet News
Published : Nov 01, 2021, 09:07 PM IST
Joju George|'റോഡിന് നടുവിൽ വണ്ടിയിട്ടിട്ട് ഇവർ സെൽഫിയെടുക്കുകയായിരുന്നു', വിശദീകരിച്ച് ജോജു ജോര്‍ജ്- വീഡിയോ

Synopsis

കൊച്ചിയില്‍ റോഡ് ഉപരോധത്തിന് എതിരെ പ്രതിഷേധിച്ച സംഭവത്തെ കുറിച്ച് വിശദീകരിച്ച് നടൻ ജോജു ജോര്‍ജ്.

വാഹനം തല്ലിപ്പൊളിച്ചതിനും ഉപദ്രവിച്ചതിനും കുടുംബക്കാരെ അസഭ്യം പറ‍ഞ്ഞതിനും എതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് നടൻ ജോജു ജോര്‍ജ് (Joju George). അവിടെ കൂടി നിന്ന കുറച്ചുപേരോടാണ് (Congress strike) ഞാൻ പ്രതിഷേധിച്ചത്. വിഷയം രാഷ്‍ട്രീയവത്‍ക്കരിക്കരുത്. ഏറ്റവും സങ്കടം എന്റെ അച്ഛനെയും അമ്മയെയും അവിടെയുള്ള നേതാക്കന്മാർ അസഭ്യം വിളിച്ചതിലാണ്. ഞാനല്ലേ ബഹളം വെച്ചത്. എന്നെ വേണമെങ്കില്‍ ഇടിക്കാം, എന്തും പറയാം. എന്റെ അച്ഛനും അമ്മയും എന്തുചെയ്‍തു. അത് തന്നെ വിഷമിപ്പിച്ചു.  അമ്മയും പെങ്ങളും മകളുമൊക്കെ എനിക്കുണ്ട്. ഒരു സ്‍ത്രീയോടും മോശമായി പെരുമാറിയിട്ടില്ല, പെരുമാറില്ല. റോഡിന് നടുവിൽ വണ്ടിയിട്ടിട്ട് ഇവർ സെൽഫി എടുക്കുകയായിരുന്നു. ഇതൊക്കെയാണ് മാറേണ്ടതെന്നും ജോജു ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

എന്റെ വണ്ടിയുടെ പുറകെ കീമോയ്ക്ക് കൊണ്ടുപോകുന്ന ഒരു രോഗിയാണ് ഉണ്ടായിരുന്നു. റോഡ് ഉപരോധിക്കാൻ പാടില്ലായെന്ന് ഹൈക്കോടതി വിധി പ്രകാരം നിയമം നിലനില്‍ക്കുന്ന നാടാണ്. ഉപരോധിക്കാൻ പാടില്ല. സംഭവം നടക്കുമ്പോള്‍ ഞാൻ പറഞ്ഞത് അവിടെയുള്ള ആള്‍ക്കാരോടാണ്. നാട്ടിലെ മൊത്തം കോണ്‍ഗ്രാസുകാരോടല്ല. പോക്രിത്തരം കാട്ടരുതെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ പ്രതിഷേധിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഞാൻ മദ്യപിച്ചിട്ടുണ്ട് എന്നാണ്. ഞാൻ മദ്യപിക്കുന്ന ആളായിരുന്നു. ഇപ്പോള്‍ ഇല്ല എന്നും ജോജു ജോര്‍ജ് പറഞ്ഞു. 

സിനിമാ നടനായതുകൊണ്ട് എനിക്ക് പറയാൻ പാടില്ല എന്നുണ്ടോ. സഹികെട്ടാണ് ഞാൻ പറഞ്ഞത്. ആ റോഡ് ഉപരോധിച്ച് അവിടെ പ്രശ്‍നമുണ്ടാക്കിയ ആളോടാണ് ഞാൻ പ്രതിഷേധിച്ചത്. ഒരു ചേച്ചി എന്റെ വന്ന് എന്റെ വണ്ടി തല്ലിപ്പൊളിക്കുകയുമായിരുന്നുവെന്നും ജോജു ജോര്‍ജ് പറഞ്ഞു.

ഇനി ഇവിടെ ഇത് നടക്കരുത്. എന്റെ പേരേ പറയണ്ട. ഇക്കാര്യത്തിൽ ഞാൻ പെട്ടുപോയി. പൊലീസ് ജീപ്പിൽ കയറി പോയി കള്ള് കുടിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ടി വന്നു. ഇന്ധനവില വര്‍ദ്ധന പ്രശ്‍നമാണ്. സമരരീതിയോടാണ് ഞാൻ പ്രതിഷേധിച്ചതെന്നും ജോജു ജോര്‍ജു പറഞ്ഞു.

ജോജു ജോർജിന്‍റെ വാഹനം തല്ലിത്തകർത്തതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വാഹനം തകർത്തതിനും ദേശീയപാത ഉപരോധിച്ചതിനുമാണ് കണ്ടാലറിയാവുന്ന പ്രവർത്തകരെ ഉൾപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്‍തിരിക്കുന്നത്. മഹിളാ കോൺഗ്രസ് പ്രവർത്തകരെ അസഭ്യം പറഞ്ഞുവെന്ന ആരോപണത്തിന് ജോജുവിനെതിരെ തൽക്കാലം കേസില്ല. പരാതിയിൽ കൂടുതൽ പരിശോധനയ്ക്ക് ശേഷമേ കേസ് റജിസ്റ്റർ ചെയ്യണോ എന്ന കാര്യം തീരുമാനിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി. ജോജു മദ്യപിച്ചിരുന്നുവെന്ന് മഹിളാ കോൺഗ്രസ് ആരോപിച്ചിരുന്നു.

പൊലീസിനൊപ്പം പോയ ജോജു ജോർജ് വൈദ്യപരിശോധനയ്ക്ക് വിധേയനായി. തുടർന്ന് ജോജു മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. ഇതോടെ മദ്യപിച്ചാണ് ജോജു അസഭ്യം
പറഞ്ഞതെന്ന മഹിളാ കോൺഗ്രസിന്‍റെ വാദം ദുർബലമായി. 

കൊച്ചിയില്‍ രാവിലെ കോൺഗ്രസ് ഇന്ധനവില വർദ്ധനയ്ക്ക് എതിരെ നടത്തിയ സമരമാണ് ഒടുവിൽ നാടകീയ രംഗങ്ങളിൽ കലാശിച്ചത്. വണ്ടി ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി ഏറെ നേരമായതോടെ നടൻ ജോജു ജോർജ് ഇറങ്ങി വന്നു. വഴി ത‍ടഞ്ഞുള്ള സമരത്തിനെതിരെ പ്രതിഷേധിച്ചു. തന്‍റെ കാറിനടുത്തുള്ള വാഹനത്തിൽ കീമോ തെറാപ്പി ചെയ്യാൻ പോകുന്ന ഒരു കുട്ടിയാണുള്ളതെന്നും, തൊട്ടപ്പുറത്തുള്ള കാറിൽ ഒരു ഗർഭിണി സ്‍കാനിംഗിനായി പോകുകയാണെന്നും, ഇവരുടെയൊക്കെ വഴി തടഞ്ഞിട്ട് ഇതെന്ത് സമരമാണെന്നും ജോജു. ഒടുവിൽ ജോജുവും കോൺഗ്രസുകാരും തമ്മിൽ സംഘർഷമായി. 

തിരികെ നടക്കവെ ആൾക്കൂട്ടത്തിൽ നിന്ന് അവന് കാശുള്ളതുകൊണ്ടാണെന്ന കമന്‍റ് ഉയർന്നതിന് രൂക്ഷമായ ഭാഷയിലാണ് ജോജു മറുപടി പറഞ്ഞത്. 'അതേടാ, കാശുണ്ട്, അത് പണിയെടുത്തുണ്ടാക്കിയതാ, ആർക്കാ ഇത്ര തെളപ്പ്?', ജോജു ക്ഷുഭിതനായി. 

ജനം ഇവിടെ രണ്ട് ചേരിയായി തിരിഞ്ഞ് തമ്മിൽ തർക്കമായി. തർക്കങ്ങൾക്കൊടുവിൽ പൊലീസ് ഒടുവിൽ വാഹനം കടത്തി വിട്ടുതുടങ്ങിയെങ്കിലും ജോജുവിന്‍റെ വണ്ടി സമരക്കാർ തടഞ്ഞു. ഏറെ നേരത്തെ വാക്കുതർക്കത്തിനൊടുവിൽ സമരക്കാർ ജോജുവിന്‍റെ വണ്ടി അടിച്ചു തകർത്തു. 

ഏറെ നേരം പണിപ്പെട്ട ശേഷം എസ്ഐ നേരിട്ട് സീറ്റിൽ കയറി ഇരുന്നാണ് ജോജുവിന്‍റെ വാഹനം കടത്തി വിട്ടത്. അപ്പോഴേക്ക് വണ്ടിയുടെ പിന്നിലെ ചില്ല് പൂർണമായും തകർന്നിരുന്നു. 

കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ജോജുവിനെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്. മുണ്ട് മാടിക്കുത്തി തറ ഗുണ്ടയെപ്പോലെയാണ് ജോജു വന്നത്. മഹിളാ കോൺഗ്രസ് പ്രവർത്തകരെ അടക്കം അസഭ്യം പറഞ്ഞു. ഇത് ശരിയല്ലെന്നും കോൺഗ്രസ് പരാതി നൽകുമെന്നും കെ സുധാകരൻ പറഞ്ഞു. എന്നാൽ വഴി തടയൽ സമരങ്ങൾക്ക് താൻ പണ്ടും എതിരാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. ജോജുവിന്‍റെ വികാരം മനസ്സിലാക്കുന്നുവെന്ന് ഹൈബി ഈഡൻ എംപിയും പ്രതികരിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ