
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് 'ജോസഫ്'. ജോജു ജോര്‍ജ് ആയിരുന്നു ചിത്രത്തില്‍ നായകനായത്. ദേശീയ ചലച്ചിത്ര അവാര്‍ഡിലും 'ജോസഫ്' ശ്രദ്ധ നേടിയിരുന്നു. ജോജു ജോര്‍ജ് നായകനായ ചിത്രത്തിന്റെ തമിഴ് റീമേക്കിന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത (Visithiran release date).
'വിസിതരൻ' എന്ന പേരിലാണ് 'ജോസഫ്' തമിഴിലേക്ക് എത്തുന്നത്. ജോജുവിന്റെ വേഷം തമിഴില്‍ ചെയ്യുന്നത് ആര്‍ കെ സുരേഷാണ്. എം പത്‍മകുമാര്‍ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്. ആര്‍ കെ സുരേഷ് ചിത്രം മെയ് 20ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ശിവ ശേഖര്‍ കിലാരിയും ബാലയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാര്‍ക് പിക്ചേഴ്‍സും ബി സ്റ്റുഡിയോസുമാണ് ബാനര്‍. തിയറ്ററില്‍ തന്നെയാണ് 'വിസിതരൻ' ചിത്രം റിലീസ് ചെയ്യുക. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ആര്‍ സുരേഷിന് പുറമേ ചിത്രത്തില്‍ പൂര്‍ണ, മധു ശാലിനി, ഭഗവതി പെരുമാള്‍, ഇളവരശു, ജോര്‍ജ്, അനില്‍ മുരളി, ജി മാരിമുത്തു തുടങ്ങിയവര്‍ വേഷമിടുന്നു. ഷഹി കബിറിന്റെ തിരക്കഥയ്‍ക്ക് ചിത്രത്തിനായി ജോണ്‍ മഹേന്ദ്രൻ സംഭാഷണമെഴുതുന്നു. വെട്രിവേല്‍ മഹേന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സതിഷ് സൂര്യ ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നു.
എം പത്മകുമാര്‍ സംവിധാനം ചെയ്‍ത 'ജോസഫ്' 2018ലാണ് റിലീസ് ചെയ്‍തത്. തിയറ്ററില്‍ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. നിരൂപകരും ജോസഫ് എന്ന ചിത്രത്തെ ഏറ്റെടുത്തു. നൂറ്റിയിരുപത്തിയഞ്ച് ദിവസത്തിലധികം ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു.
കേരളത്തിലും ദേശീയ തലത്തിലും ചിത്രം അവാര്‍ഡുകള്‍ സ്വന്തമാക്കി. മികച്ച നടൻ, മികച്ച പിന്നണി ഗായകൻ, മികച്ച ഗാനരചയിതാവ് എന്നീ വിഭാഗങ്ങളില്‍ കേരള ചലച്ചിത്ര അവാര്‍ഡുകള്‍ സ്വന്തമാക്കി. ജോജു ജോര്‍ജ്, വിജയ് യേശുദാസ്, ബി കെ ഹരിനാരായണൻ എന്നിവരാണ് യഥാക്രമം അവാര്‍ഡുകള്‍ സ്വന്തമാക്കിയത്. ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ജോജു ജോര്‍ജ് മികച്ച നടനുള്ള പ്രത്യേക പരാമര്‍ശവും നേടി.
ഒരു റിട്ടയേർഡ് പോലീസുകാരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. യഥാർത്ഥ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ ജോജു ജോര്‍ജ് അഭിനയിച്ചത്. ജോജു ജോര്‍ജ് ചെയ്‍ത കഥാപാത്രമായ 'ജോസഫി'ന്റെ മകള്‍ 'ഡയാന'യായി മാളവിക മേനോൻ അഭിനയിച്ചു. ദിലീഷ് പോത്തൻ, ആത്മീയ രാജൻ, മാധുരി ബ്രഗൻസ, സുധി കൊപ്പ, ഇർഷാദ് ടി, രാജേഷ് ശർമ്മ, അനിൽ മുരളി,ജയിംസ് എലിയ,ജാഫർ ഇടുക്കി, നെടുമുടി വേണു, ഇടവേള ബാബു, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ വേഷമിട്ടു. രഞ്‍ജിൻ രാജ് ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. മനേഷ് മാധവൻ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'ജോസഫ് 'തമിഴിലേക്കെത്തുമ്പോള്‍ ചിത്രത്തില്‍ എന്തൊക്കെ മാറ്റങ്ങളാകും എന്നറിയാനാണ് ഇനി ആകാംക്ഷ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ