
ഫ്രാന്‍സിലെ ലോകപ്രശസ്തമായ കാന്‍സ് ചലച്ചിത്രോത്സവത്തില്‍ മലയാളത്തിന്‍റെ ക്ലാസിക് ചിത്രം ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാന്‍റെ പ്രദര്‍ശനം ഇന്നലെ ആയിരുന്നു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ റെസ്റ്റൊറേഷന്‍ നടത്തിയ പതിപ്പ് കാന്‍സിലെ വേള്‍ഡ് ക്ലാസിക് വിഭാഗത്തിലാണ് ഇന്നലെ പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച ജോയ് മാത്യു, ഛായാഗ്രാഹകന്‍ വേണു, എഡിറ്റര്‍ ബീന പോള്‍ എന്നിവര്‍ പ്രദര്‍ശനത്തിന്‍റെ ഭാഗമായി കാന്‍സില്‍ എത്തിയിരുന്നു. ഇപ്പോഴിതാ അവിടെനിന്നുള്ള ജോയ് മാത്യുവിന്‍റെ ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ മകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുകയാണ്.
“കാന്‍സ് ക്ലാസിക്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട, എന്‍റെ അച്ഛന്‍ ആദ്യമായി നായകനായി അഭിനയിച്ച അമ്മ അറിയാന്‍ എന്ന ചിത്രത്തിന്‍റെ സ്ക്രീനിംഗിനായി അവിടെ എത്തിയ അദ്ദേഹത്തെ കാണുമ്പോള്‍ ഇത് സത്യം തന്നെയാണോ എന്ന് തോന്നിപ്പോവുന്നു. സിനിമയെക്കുറിച്ചും കലയെക്കുറിച്ചും പാഷനെക്കുറിച്ചുമൊക്കെയുള്ള കഥകള്‍ കേട്ടാണ് വളര്‍ന്നത്. അത്തരമൊരു കഥ കാന്‍സി റെഡ് കാര്‍പെറ്റിലേക്ക് നടന്നു പോകുന്നത് കാണുന്നത് ആഴത്തില്‍ വൈകാരികമായ അനുഭവമാണ്. ഏറെ അഭിമാനം അച്ഛാ”, ജോയ് മാത്യുവിന്‍റെ റെഡ് കാര്‍പെറ്റ് വീഡിയോ പങ്കുവച്ചുകൊണ്ട് മകള്‍ ആന്‍ എസ്തര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 32,000 ല്‍ അധികം ലൈക്കുകളാണ് ഈ പോസ്റ്റിന് ഇതിനകം ലഭിച്ചിരിക്കുന്നത്. ലൈക്ക് ചെയ്തിരിക്കുന്നതില്‍ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരുമുണ്ട്.
ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത് 1986 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് അമ്മ അറിയാന്‍. ഇന്നലെ വൈകിട്ട് ആറരയ്ക്ക് ആയിരുന്നു കാന്‍സില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം. ഇത്തവണ ഇന്ത്യയിൽ നിന്ന് ഈ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഏക സിനിമയാണ് അമ്മ അറിയാൻ. കാലപ്പഴക്കം കൊണ്ട് സിനിമയുടെ ഒറിജിനൽ നെഗറ്റീവുകൾ നഷ്ടപ്പെട്ടു പോയിരുന്നു. തുടർന്ന് നാഷണൽ ഫിലിം ആർക്കൈവ്സില്‍ അവശേഷിച്ച പ്രിൻ്റുകൾ ഉപയോഗിച്ച് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഒഡേസ കളക്ടീവുമായി ചേർന്ന് നടത്തിയ ശ്രമത്തില്‍ ചിത്രം 4 കെ ദൃശ്യമികവിൽ പുന:സൃഷ്ടിക്കുകയായിരുന്നു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ റെസ്റ്റോർ ചെയ്ത് കാന്‍സിലെ വേൾഡ് ക്ലാസിക് വിഭാഗത്തിൽ പ്രദർശിക്കുന്ന ആറാമത്തെ ഇന്ത്യന്‍ ചിത്രം കൂടിയാണ് അമ്മ അറിയാൻ. നേരത്തെ ജി അരവിന്ദൻ സംവിധാനം ചെയ്ത തമ്പ്, അരിഭം ശ്യാം ശർമ്മയുടെ ഇഷനൗ, ശ്യാം ബെനഗലിന്റെ മന്തൻ, സത്യജിത് റേയുടെ അരണ്യർ ദിൻ രാത്രി, സുമിത്ര പെരീസിന്റെ ഗെഹെനു ലാമായ് തുടങ്ങീ ചിത്രങ്ങൾ മുൻവർഷങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ