Bus Concession Issue : 'ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നത്'; കണ്‍സെഷന്‍ വിവാദത്തിൽ ജൂഡ് ആന്റണി

Web Desk   | Asianet News
Published : Mar 13, 2022, 09:05 PM ISTUpdated : Mar 13, 2022, 09:08 PM IST
Bus Concession Issue : 'ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നത്'; കണ്‍സെഷന്‍ വിവാദത്തിൽ ജൂഡ് ആന്റണി

Synopsis

നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന ആന്‍റണി രാജുവിന്‍റെ പ്രസ്താവനയാണ് വിവാദമായത്. 

വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സെഷന്‍(Bus Concession) വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്(Jude Anthany Joseph). കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണെന്നും ജൂഡ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ജൂഡ് ആന്റണിയുടെ വാക്കുകൾ

വൻകിട ഇടപാടുകൾ നടത്തുന്നവർ പോലും രണ്ട് രൂപയെ ബഹുമാനിക്കാറുണ്ട്. ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണ്. അത് ചിലവാക്കുമ്പോ നാണം തോന്നും എന്നെനിക്ക് തോന്നുന്നില്ല. കൺസഷൻ വിദ്യാർത്ഥികളുടെ അവകാശമാണ്. കൊച്ചിയിലൂടെ  ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്.

അതേസമയം, വിവാദ കണ്‍സെഷന്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗതാഗതമന്ത്രി ആന്‍റണി രാജു രം​ഗത്തെത്തി. നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാർത്ഥികൾക്ക് നാണക്കേടാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തന്‍റെ പ്രസ്താവന മുഴുവനായി വായിച്ചാല്‍ ഉത്തരം കിട്ടുമെന്നുമാണ് മന്ത്രിയുടെ വിശദീകരണം. പ്രസ്താവന മുഴുവനായി കൊടുക്കാതെ അടര്‍ത്തി എടുക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. തിരുത്തേണ്ട വാചകങ്ങൾ ഏതെങ്കിലും ഉണ്ടെന്ന് ബോധ്യപ്പെടുത്തിയാൽ തിരുത്തും. കൺസെഷൻ നിരക്ക് പരാമവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് നോക്കുന്നത്. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ്ണ യാത്രാ സൌജന്യം നല്‍കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയത്തിലെ എസ്എഫ്ഐ വിമര്‍ശനത്തോടും മന്ത്രി പ്രതികരിച്ചു. എസ്എഫ്ഐയുമായി താൻ സംസാരിച്ചോളാമെന്നും തന്‍റെ പ്രസ്താവന മുഴുവനായി കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ബോധ്യമാകുമെന്നുമാണ് ആന്‍റണി രാജു പറഞ്ഞത്. വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച കെഎസ്‍യുവിന്‍റേത് രാഷ്ട്രിയ പ്രസ്താവനയാണ്. വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്താണെന്നും ആന്‍റണി രാജു പറഞ്ഞു. 

Read Also: 'ബസ് കൺസെഷൻ ഔദാര്യമല്ല, അവകാശം'; രണ്ട് രൂപ കണ്‍സെഷന്‍ നാണക്കേടെന്ന് പറഞ്ഞ മന്ത്രിക്കെതിരെ എസ്എഫ്ഐ

നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന ആന്‍റണി രാജുവിന്‍റെ പ്രസ്താവനയാണ് വിവാദമായത്. കൺസെഷൻ തുക വിദ്യാർത്ഥികൾ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും അഞ്ചുരൂപ കൊടുത്താൻ ബാക്കി വാങ്ങാറില്ലെന്നും പറഞ്ഞിരുന്നു. 

മന്ത്രിയുടെ പ്രസ്താവനയെ അപക്വം എന്നാണ് എസ്എഫ്ഐ വിശേഷിപ്പിച്ചത്. വിദ്യാർത്ഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ല അവകാശമാണ്. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് ബസ് കൺസെഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും അതോടൊപ്പം തന്നെ നിലവിലെ കൺസെഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗതമന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത്തരത്തിലുള്ള  അഭിപ്രായങ്ങൾ  ഇടതുപക്ഷ ഗവൺമെന്‍റിന്‍റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാൽ തന്നെ ഈ അഭിപ്രായം  തിരുത്താൻ മന്ത്രി തയ്യാറാകണമെന്നും എസ് എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻ ദേവ് എംഎൽഎ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍