
'ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട്', എന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ മമ്മൂട്ടി പറഞ്ഞത് വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. '2018 എവരിവണ്‍ ഈസ് എ ഹീറോ'യുടെ ടീസര്‍ ലോഞ്ചിനിടെ ആയിരുന്നു മമ്മൂട്ടിയുടെ പരാമർശം. വിമർശനങ്ങൾക്ക് പിന്നാലെ വിഷയത്തിൽ മമ്മൂട്ടി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ 2018 വിജയകരമായി മുന്നേറുന്നതിനിടെ ഇക്കാര്യത്തെ കുറിച്ച് സംവിധായകൻ ജൂഡ് ആന്റണി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
"മമ്മൂക്ക അന്നത് ടീസർ കണ്ടിട്ട് പറഞ്ഞതാണ്. പക്ഷേ എനിക്ക് മുടിവയ്ക്കാൻ പ്ലാൻ ഉണ്ട്. അത് വച്ചു കഴിഞ്ഞാൽ പണിയാവുമെന്ന് കരുതിയാണ് വയ്ക്കാത്തത്. പക്ഷേ അഭിനയിക്കാൻ എളുപ്പമാണ്. എന്തായാലും ഞാൻ മുടി വയ്ക്കും. മുടിയും ബുദ്ധിയുമായി ബന്ധമില്ലെന്ന് എല്ലാവർക്കും അറിയാം. മമ്മൂക്ക സ്നേഹം കൊണ്ട് പറഞ്ഞതാണ്. അദ്ദേഹവുമായി ഇന്നലെ കൂടി മെസേജ് ഇട്ടതെ ഉള്ളൂ. മൂന്ന് ദിവസത്തിൽ പടം കാണാമെന്ന് മമ്മൂക്ക പറഞ്ഞു. ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണ്. ടീസർ കണ്ട് അദ്ദേഹം അന്ന് പറഞ്ഞതാണ്. ഇന്റസ്ട്രിയിലെ ഭൂരിഭാഗം പേരും സിനിമയ്ക്ക് ആശംസയുമായി വിളിക്കുന്നുണ്ട്. ഒരിക്കലും വിളിക്കില്ലെന്ന് കരുതിയിരുന്നവർ വരെ വിളിച്ചു. ഇത് മലയാള സിനിമയുടെയും മലയാളികളുടെയും വിജയമാണ്", എന്നാണ് ജൂഡ് അന്റണി പറഞ്ഞത്. തിയറ്ററില്‍ വച്ച് മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കുറഞ്ഞ പ്രമോഷനും ഹൈപ്പും; എന്നിട്ടും '2018'ന് ആളുകൾ ഒഴുകിയെത്തി, ആദ്യദിനം നേടിയത്
ജൂഡിനെ പുകഴ്ത്തി കൊണ്ടാണ് മമ്മൂട്ടി 'ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട്' എന്ന് പറഞ്ഞത്. പക്ഷേ ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുക ആയിരുന്നു. "മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം concern ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നില്‍ക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോര്‍പറേഷന്‍ വാട്ടർ, വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ. ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ.", എന്നായിരുന്നു അന്ന് ജൂഡ് പറഞ്ഞത്.